ന്യൂദല്‍ഹി: കേരളം ആസ്ഥാനമായ നേത്രസെമിക്ക് ന്യൂഡല്‍ഹിയില്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം സംഘടിപ്പിച്ച മൂന്നാമത് സെമിക്കോണ്‍ ഇന്ത്യ ഫ്യൂച്ചര്‍ ഡിസൈന്‍ റോഡ്ഷോയില്‍ മികച്ച അംഗീകാരം. തിരുവനന്തപുരം ശ്രീകാര്യത്തെ ട്രിവാന്‍ഡ്രം എഞ്ചിനീയറിംഗ് സയന്‍സ് ആന്‍ഡ് ടെക്നോളജി റിസര്‍ച്ച് പാര്‍ക്കില്‍ ഇന്‍കുബേറ്റ് ചെയ്ത ചിപ്പ് കമ്പനിയെ മികച്ച സെമിക്കോണ്‍ ഇന്ത്യ ഫ്യൂച്ചര്‍ ഡിസൈന്‍ സ്റ്റാര്‍ട്ടപ്പായി കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം തെരഞ്ഞെടുത്തു.
അര്‍ദ്ധചാലക രൂപകല്‍പ്പനയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഗാര്‍ഹിക സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ പ്രോത്സാഹനം ഉദ്ദേശിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ അര്‍ദ്ധചാലക ഡിസൈന്‍ ലിങ്ക്ഡ് ഇനിഷ്യേറ്റീവ് (ഡിഎല്‍ഐ) പദ്ധതിക്ക് പ്രകാരം നേത്രസെമിക്ക് 15 കോടി രൂപയുടെ ധനസഹായം (ഗ്രാന്റ്) ലഭിക്കും. ഡല്‍ഹി ഐഐടിയില്‍ നടന്ന മൂന്നാമത് സെമിക്കോണ്‍ ഇന്ത്യ ഫ്യൂച്ചര്‍ ഡിസൈന്‍ റോഡ് ഷോയോടനുബന്ധിച്ച് നേത്രസെമി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജ്യോതിസ് ഇന്ദിരാഭായിക്ക് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പുരസ്കാരം സമ്മാനിച്ചു.
ഇന്ത്യന്‍ അര്‍ദ്ധചാലക ആവാസവ്യവസ്ഥയിലേക്ക് പ്രവേശിക്കാനുള്ള ശരിയായ സമയമാണിതെന്ന് തദ്ദവസരത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ത്യയിലിപ്പോള്‍ ഒട്ടേറെ അര്‍ദ്ധചാലക സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ അടുത്ത തരംഗം ചെറുപട്ടണങ്ങളില്‍ നിന്നായിരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍, ചിപ്സെറ്റുകള്‍, സിസ്റ്റം ഓണ്‍ ചിപ്സ് തുടങ്ങി അര്‍ദ്ധചാലക രൂപകല്‍പ്പനയുടെ വികസനത്തിന്റെയും വിന്യാസത്തിന്റെയും വിവിധ ഘട്ടങ്ങളിലുടനീളം സാമ്പത്തിക പ്രോത്സാഹനങ്ങളും ഡിസൈന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പിന്തുണയും ഉറപ്പാക്കുന്നതാണ് ഐ ടി മന്ത്രാലയത്തിന്റെ ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: