ന്യൂദല്‍ഹി : ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെട്ടു. ജപ്പാന്, പാപ്പുവ ന്യൂഗിനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുന്നത്. ജി-7 ഉച്ചകോടി അടക്കം 4ഓളം പരിപാടികളില്‍ പ്രധാനമന്ത്രി സന്ദര്‍ശനവേളയില്‍ പങ്കെടുക്കും.
ഹിരോഷിമയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുക. ഉച്ചകോടിയില്‍ ഇന്ത്യ പ്രത്യേകക്ഷണിതാവാണ്. ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരം 19 മുതല്‍ 21 വരെയാണ് അദ്ദേഹം ജപ്പാനിലെ ഹിരോഷിമ സന്ദര്‍ശിക്കുന്നത്. ജി-7 ഉച്ചകോടിക്കൊപ്പം ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ചയും നടക്കും. ജി-7 യോഗങ്ങളില്‍ സമാധാനം, സ്ഥിരത, ഭക്ഷണം, വളം, ഊര്‍ജ്ജ സുരക്ഷ എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി സംസാരിക്കും.
ഹിരോഷിമയില്‍ നിന്നും പാപ്പുവ ന്യൂഗിനിയില്‍ എത്തുന്ന പ്രധാനമന്ത്രി ഇന്ത്യ- പസഫിക് ഐലന്‍ഡ്സ് സഹകരണത്തിന്റെ ഉന്നതതലയോഗത്തില്‍ പങ്കെടുക്കും. പാപ്പുവ ന്യൂഗിനി പ്രധാനമന്ത്രി ജയിംസ് മാരപ്പെ, ഗവര്‍ണര്‍ ജനറല്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഓസ്ട്രേലിയയില്‍ എത്തുന്ന മോദി സിഡ്നിയില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി കൂടിക്കാഴ്ചനടത്തും. ഓസ്ട്രേലിയന്‍ ബിസിനസ് സമൂഹവുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 23ന് സിഡ്നിയില്‍ പ്രവാസികല്‍ ഒരുക്കുന്ന സ്വീകരണ യോഗത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്ബനീസിനൊപ്പും നരേന്ദ്രമോദിയും പങ്കെടുക്കും. 24ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: