മാഞ്ചസ്റ്റര്‍: ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ഇറങ്ങിയ റിയല്‍ മാഡ്രിഡിനെ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തു. ജൂണ്‍ പത്തിന് ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാനുമായി മാഞ്ചസ്റ്റര്‍ സിറ്റി ഫൈനല്‍ കളിക്കും.
ഒരാഴ്ച മുമ്പ് തുല്യശക്തികളുടെ പോരാട്ടമായാണ് റയല്‍-സിറ്റി ആദ്യപാദ സെമി അവസാനിച്ചത്. റയല്‍ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവിലെ ആദ്യപാദം 1-1 സമനിലയില്‍ പിരിയുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ നടന്ന രണ്ടാം പാദത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സിറ്റി റയലിന്റെ പ്രതീക്ഷകള്‍ മുക്കികളയുകയായിരുന്നു. അഗ്രിഗേറ്റ് സ്കോര്‍: 51നാണ് സിറ്റിയുടെ ഫൈനല്‍ പ്രവേശം.
പോര്‍ച്ചുഗലില്‍ നിന്നുള്ള സിറ്റി പ്രതിരോധതാരം ബെര്‍ണാന്‍ഡോ സില്‍വ ഇരട്ട ഗോളു(27, 37 മിനിറ്റുകളില്‍)കളുമായി നിറഞ്ഞാടിയ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മാനുവേല്‍ അകാന്‍ജി(76)യും പകരക്കാരനായി ഇറങ്ങിയ അര്‍ജന്റീന സ്ട്രൈക്കര്‍ ഹൂലിയന്‍ അല്‍വാരസും(90+1) ഓരോ ഗോള്‍ വീതം നേടി.
സിറ്റിയുടെ പ്രസ്സിംഗ് ഗെയിമിലൂടെയാണ് മത്സരം തുടങ്ങിയത്. സീസണിലെ ടീമിന്റെ ഗോളടിയന്ത്രം എര്‍ലിംഗ് ഹാളന്‍ഡ് പലവട്ടം ഗോളെന്നുറച്ച ഹെഡ്ഡറുകള്‍ വലയിലേക്ക് തൊടുത്തെങ്കിലും റയല്‍ ഗോളി തിബോ കുര്‍ട്ടോ ഉരുക്കുപോലെ ഉറച്ചു നിന്നു. പിന്നെ പ്രതിരോധതാരം സില്‍വ മിന്നല്‍ പിണര്‍ ആയി നടത്തിയ മുേറ്റങ്ങളില് തകര്‍പ്പന്‍ ഗോളുകള്‍ നേടുകയായിരുന്നു.
സിറ്റിയുടെ പ്രസ്സംഗ് ഗെയിം സമ്മര്‍ദ്ദത്തില്‍ റയല്‍ താരങ്ങള്‍ ശ്വാസം കിട്ടാന്‍ വിഷമിക്കുന്നവരെ പോലെ ഉഴറി. തലേന്ന് നടന്ന മറ്റൊരു രണ്ടാം പാദ സെമിയില്‍ എസിമിലാനെ അവരുടെ മൈതാനത്ത് കീഴടക്കിയ ഇന്റര്‍ മിലാന് ആദ്യമേ ഫൈനലിലെത്തി. 13 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആദ്യമായാണ് ഇന്റര്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇസ്റ്റാംബുളിലെ അത്താതുര്‍ക്ക് ഒളിംപിക് സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: