നീലേശ്വരം: ഒമ്പത് അടി നീളമുള്ള വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ ശില്‍പമൊരുക്കി ശ്രദ്ധേയനാവുകയാണ് പൂവാലംകൈയിലെ അനൂപ്. തിരുമുല്‍കാഴ്ചകള്‍ക്കും ദേവസ്ഥാന മുറ്റത്തും സ്ഥാപിക്കുന്നതിനായുള്ള ശില്‍പങ്ങള്‍ ഒരുക്കിയാണ് ശ്രദ്ധേയനാവുന്നത്. ചീമേനി കളിയാട്ടത്തിന്റെ ഭാഗമായി സ്ഥാപിച്ച വിഷ്ണുമൂര്‍ത്തിയുടെ 9 അടി നീളമുള്ള തെയ്യത്തിന്റെ ജീവനുള്ളതുപോലുള്ള ശില്‍പമാണ് ഇപ്പോള്‍ കലാസ്വാദകരുടെ മനം കവര്‍ന്നത്. ഇതേപോലെ ജീവന്‍ തുടിക്കുന്ന ബാലിതെയ്യത്തിന്റെ ആറടിയുള്ള ശില്പം ഒരുക്കി അനൂപ് കാണികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ഒന്നരമാസം മുമ്പ് അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് അനൂപ് ശില്‍പത്തിന്റെ പണി തുടങ്ങിയത.് തെയ്യത്തിന്റെ മുഖവും മുടിയും അബുദാബിയിലേക്ക് പോകുന്നതിന് 15 ദിവസം മുമ്പ് ഒരുക്കിയിരുന്നു. കളിമണ്ണ്‌കൊണ്ട് ശില്‍പമൊരുക്കി ഫൈബര്‍കൊണ്ട് ബോഡിമുഴുവന്‍ മൗള്‍ഡ് ചെയ്ത് ഒരുക്കിയാണ് ജീവന്‍ തുടിക്കുന്ന വിഷ്ണുമൂര്‍ത്തിയുടെ അതിമനോഹരമായ ശില്‍പമൊരുക്കിയത്. വിഷ്ണുമൂര്‍ത്തിയുടെ തിരിയോല ക്യാന്‍വാസ് കൊണ്ടാണ് ഒരുക്കിയത്. അലങ്കാരങ്ങളും ആഭരണങ്ങളും എല്ലാം ഫോം കൊണ്ടാണ് ഉണ്ടാക്കിയത്.സാധാരണ തെയ്യക്കാര്‍ ഉപയോഗിക്കുന്ന വൂളന്‍ നൂല്‍ ഉപയോഗിച്ചാണ് തെയ്യത്തിന്റെ ആടയാഭരണങ്ങള്‍ ഒരുക്കിയത്. അതിനാല്‍ യഥാര്‍ത്ഥത്തില്‍ തെയ്യം ഉറഞ്ഞാടുന്നു എന്ന് തോന്നലാണ് കാണികളില്‍ ഉണ്ടാകുന്നത്. പെയിന്റിങ് കൂടി ഒരുക്കിയതോടെ തെയ്യം കണ്‍മുമ്പില്‍ ഉഗ്രന്‍ നടനം ചെയ്യുന്ന തോന്നലാണ് ആളുകളില്‍ ഉണ്ടാകുന്നത്. സാധാരണ അമ്പലത്തിന്റെയും പള്ളികളുടെയും പണിക്ക് പോകുന്ന അനൂപ് പൂവാലംകൈയിലെ ചന്ദ്രന്‍ ബേബി ദമ്പതികളുടെ 3 ആണ്‍മക്കളില്‍ രണ്ടാമനാണ്.ഏട്ടന്‍ അനില്‍ ലോട്ടസ് നീലേശ്വരത്തെ അറിയപ്പെടുന്ന ശില്‍പിയാണ്.അനുജന്‍ അജിത്താവട്ടെ നല്ല ചിത്രകാരനാണ്. തലശ്ശേരി ഫൈനാന്‍സ് സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ അനൂപ് ചെറുപ്പം മുതലേ പെയിന്റിംഗ് ശില്‍പങ്ങളുടെയും ലോകത്തായിരുന്നു. മുതിര്‍ന്നപ്പോള്‍ ജോലി ആവശ്യാര്‍ത്ഥം അബുദാബിയിലെ കീബോള്‍ എന്ന പ്രോജക്ട് ആര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്തു.അക്വാറിയങ്ങളുടെ ഡിസൈന്‍ ഉണ്ടാക്കിയായിരുന്നു തുടക്കം.ഗള്‍ഫിലും ആര്‍ട്ടിസ്റ്റ് അനൂപിന് അഴകും പ്രൗഡിയും സൗന്ദര്യമുള്ള നമ്മുടെ പാരമ്പര്യ കലകളെല്ലാം ലോകോത്തരമാക്കുക എന്ന വലിയ സ്വപ്‌നമാണുള്ളത്. വിഷ്ണുമൂര്‍ത്തിയുടെ ശില്‍പം അതിനുള്ള ആദ്യപടിയാണ് ശില്‍പങ്ങള്‍ അനൂപിന്റെ കൈകളുടെ പിറവികൊള്ളട്ടെയെന്ന് മാത്രമാണ് കലാആസ്വാദകരുടെ പ്രാര്‍ത്ഥന
പ്രതികരിക്കാൻ ഇവിടെ എഴുതുക