കോഴിക്കോട്: സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ അരിക്കൊമ്പനെ ആഘോഷമായി കാടുകടത്തിയ സര്‍ക്കാര്‍ ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് തടസം നില്ക്കുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ വക ആനക്കോട്ടയ്ക്ക് മറ്റൊരു വിശാല സ്ഥലം കണ്ടുപിടിക്കണമെന്ന് കേരള സംസ്ഥാന വന്യജീവി ബോര്‍ഡ് ഉപസമിതി 10 വര്‍ഷം മുമ്പ് സര്‍ക്കാരിനും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനും റിപ്പോര്‍ട്ട് നല്കിയിട്ടുള്ളതാണ്.
ഇപ്പോള്‍ 18.5 ഏക്കറിലാണ് ദേവസ്വത്തിന്റെ വക ആനക്കോട്ട പുന്നത്തൂരിലുള്ളത്. അവിടെയാണ് അറുപതോളം ആനകള്‍ ‘തിങ്ങി’ പാര്‍ത്തിരുന്നത്. ഇപ്പോള്‍ 43 ആനകളാണുള്ളത്. സൗകര്യങ്ങള്‍ ഇല്ലാതെ, ആനകള്‍ക്കും ആളുകള്‍ക്കും അപകടകരമായ ഈ സംവിധാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് 40 നിര്‍ദേശങ്ങളാണ് സമിതി 2013 ജൂണില്‍ സമര്‍പ്പിച്ചത്.
ദേവസ്വം ബോര്‍ഡ് ഏറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം ഗുരുവായൂരില്ന്ന് 20 കിലോമീറ്റര്‍ അടുത്തുള്ള കൂറ്റനാട്ട് വിശാലമായ പ്രദേശം കണ്ടെത്തി. 100 ഏക്കര്‍ ഭൂമി, വേണ്ടിവന്നാല്‍ കൂടുതല്‍ പിന്നീട് വികസിപ്പിക്കാവുന്ന പ്രദേശത്ത് കണ്ടെത്തി. ബോര്‍ഡ് ഭൂമി ഏറ്റെടുക്കാന്‍ തയാറായി. അവിടെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന സംവിധാനത്തിന് വിശദ പദ്ധതിയും തയാറാക്കി. 461.44 കോടി രൂപയുടെ ചെലവു വരുന്നതാണ് പദ്ധതി. ആനകള്‍ക്ക് ആശുപത്രി ഉള്‍പ്പെടെ സംവിധാനങ്ങള്‍ ഒരുക്കി ആധുനിക സൗകര്യങ്ങളോടെയുള്ള സംവിധാനമാണ് പദ്ധതിയില്‍.
എന്നാല്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് സമ്മതമായ ഈ പദ്ധതിക്ക് സ്ഥലം പരിശോധനയും തുടര്‍നടപടികളും ഉണ്ടായെങ്കിലും സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടില്ല. ദേവസ്വം ബോര്‍ഡിന്റെ 1200 കോടി രൂപ നീക്കിയിരിപ്പുള്ളതില്നിന്ന് ആനക്കോട്ടയ്ക്ക് ചെലവിടാന്‍ ഫണ്ട് വിനിയോഗിക്കാമെന്നും ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണ്.
പക്ഷേ, ഈ ഇടപാടിലെ ‘ഇടനിലക്കാരായി’ രാഷ്ട്രീയ കക്ഷികളും നേതാക്കളും വന്നതോടെയാണ് പദ്ധതി തടസപ്പെട്ടതെന്നാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ കൊടുക്കാന്‍ കാണിച്ച വേഗം മിണ്ടാപ്രാണികളായ ആനകളുടെ സംരക്ഷണക്കാര്യത്തില്‍ സര്‍ക്കാരിനും ഭരണകക്ഷിക്കുമില്ലെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: