ന്യൂദല്‍ഹി: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറും തമ്മിലുളള പിടിവലിയെ തുടര്‍ന്ന് അനിശ്ചിതത്വം നിറഞ്ഞുനില്‍ക്കുകയാണ്. ഇരുവരുമായും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഒക്കെ ചര്‍ച്ച നടത്തിയിട്ടും പ്രശ്‌നപരിഹാരം അകലെയെന്നാണറിയുന്നത്.
ഡികെ ശിവകുമാറിന് ആറ് വകുപ്പുകള്‍ക്കൊപ്പം ഉപമുഖ്യമന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്ത. അതേസമയം സിദ്ധരാമയ്യ തന്നെയാകും മുഖ്യമന്ത്രിയാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്നും അഭ്യൂഹമുണ്ട്.
എന്നാല്‍ പ്രചരിക്കുന്നതൊക്കെ അഭ്യൂഹങ്ങളാണെന്ന് ഡി കെ ശിവകുമാര്‍ പ്രതികരിച്ചു. മുഖ്യമന്ത്രി പദവി പങ്കിടുന്നെങ്കില്‍ അത് ഹൈക്കമാന്‍ഡ് പരസ്യമായി പറയണമെന്നും ശിവകുമാര്‍ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
അതേസമയം, മുഖ്യമന്ത്രി ആരാകുമെന്നതിനെ കുറിച്ച് ആലോചനകള്‍ തുടരുകയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
‘കര്‍ണ്ണാടക മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. ഊഹാപോഹങ്ങളില്‍ പെടരുത്. ഇന്നോ നാളെയോ തീരുമാനം പ്രഖ്യാപിക്കും. 72 മണിക്കൂറിനുള്ളില്‍ മന്ത്രിസഭ നിലവില്‍വരും- കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ണ്ണാടകയിലെ പരാജയത്തില്‍ നിരാശരായ ബിജെപിയാണ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന ആരോപണവും രണ്‍ദീപ് സിംഗ് സുര്‍ജേവാല ഉയര്‍ത്തി. ഓരോ കന്നടക്കാരന്റെയും ക്ഷേമത്തിന് കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ അഞ്ച് ഉറപ്പുകള്‍ നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധമാണ്. സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്തിന്റെ സമാധാനത്തിനും പുരോഗതിക്കും ഐക്യത്തിനും വേണ്ടി പ്രതിബദ്ധതയുളള അഞ്ച് വര്‍ഷം നിലനില്‍ക്കുന്ന സുസ്ഥിര സര്‍ക്കാര്‍ കര്‍ണാടകയിലുണ്ടാകുമെന്ന് സുര്‍ജ്വാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: