അജി ബുധനൂര്‍
തിരുവനന്തപുരം: കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന്റെ പേരില്‍, കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം സംഘടനകള്‍ക്ക് പിന്നാലെ. കോണ്‍ഗ്രസിനെ വിജയിപ്പിച്ചത് മുസ്ലിം വോട്ടുകളാണെന്നും ബിജെപി തോല്ക്കാന് കാരണം മുസ്ലിം ന്യൂനപക്ഷത്തിന്റെ ഏകീകരണമാണെന്നുമുള്ള തെറ്റിദ്ധാരണയിലാണ് ഇവരുടെ നീക്കം.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുസ്ലിം വിഭാഗം കൂടുതലുള്ള തീരപ്രദേശം ഇത്തവണ ബിജെപിക്കൊപ്പമായിരുന്നു. വ്യാപാരികളായ ആയിരക്കണക്കിന് മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ബെംഗളൂരുവിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഇവിടെ വിജയിച്ചത് പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയും. വര്‍ഗീയ വികാരം കത്തിച്ചെന്ന് ആരോപണം ഉയര്‍ന്ന ഉഡുപ്പിയിലും ബിജെപി വിജയിച്ചു. ഹിജാബ് വിരുദ്ധ പ്രക്ഷോഭം നയിച്ച യശ്പാല്‍ സുവര്‍ണ മുപ്പത്തിരണ്ടായിരത്തിലധികം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത്.
ലിംഗായത്ത് സമുദായത്തിന് പ്രത്യേക മത പദവി നല്‍കുമെന്ന സിദ്ധരാമയ്യയുടെ വാഗ്ദാനവും വൊക്കലിഗ സമുദായത്തിന്റെ പ്രതിനിധി ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രി ആകുമെന്ന പ്രചാരണവും ഇരു ജാതികളിലെയും വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് എത്തിച്ചതാണ് ജയത്തിന്റെ പ്രധാന കാരണം. കര്‍ണാടകയില്‍ കോണ്‍ഗ്രസ് തോറ്റാല്‍, കേരളത്തില്‍ മുസ്ലിം ലീഗ് എല്‍ഡിഎഫില്‍ ചേക്കേറാനുള്ള നീക്കത്തിലായിരുന്നു. സിപിഎം വഴി തുറന്ന് കാത്തിരിക്കുകയുമായിരുന്നു. എന്നാല്‍ ഫലം വിപരീതമായതോടെ ലീഗിനെ കിട്ടില്ലെന്ന് ഉറപ്പായി.
അതിനാല്‍ പരമാവധി മുസ്ലിം സംഘടനകളെ തങ്ങളുടെ കുടക്കീഴില് നിര്‍ത്താനുള്ള നീക്കത്തിലാണ് സിപിഎം. ഭരണത്തിന്റെ തണലില്‍ ആവുന്നത്ര നല്കി കൂടെ നിര്‍ത്തി, മുസ്ലിം മതമേലധ്യക്ഷന്മാരെ നേരില്‍ക്കണ്ട് അവരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കും. നിരോധിച്ച പോപ്പുലര്‍ ഫ്രണ്ടുകാര്‍ അവരുടെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐയില്‍ സജീവമാണ്. ഇവര്‍ക്കെതിരെ നിരവധി കേസുകളും നിലവിലുണ്ട്. പലരെയും ഇനിയും പിടികൂടാനുമുണ്ട്. ഇതിലൊക്കെ മൃദുസമീപനം സ്വീകരിക്കാനാണ് സിപിഎം നീക്കം.മുസ്ലിം ലീഗ് പുറത്ത് ചാടാതിരിക്കാനുള്ള പ്രീണനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത്. യുഡിഎഫ് യോഗത്തിലെ കിങ് മേക്കറാകാനും മുസ്ലിം ലീഗ് തയാറെടുക്കുന്നു.
ഭൂരിപക്ഷത്തിന്റെ വോട്ട് തങ്ങള്‍ക്ക് ലഭിക്കും. അതിനാല്‍ മുസ്ലിം വിഭാഗത്തിനെ പരമാവധി തലോലിച്ച് കൈവിട്ട് പോകാതിരിക്കാന്‍ അവരുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ നിലപാടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: