തിരുവനന്തപുരം: കളരിത്തറകളിലും അങ്കത്തട്ടുകളിലും മാത്രം പയറ്റിത്തെളിഞ്ഞ കളരിപ്പയറ്റ് ഇനി ദേശീയ ഗെയിംസിന്റെ ഭാഗം. കേണല്‍ ഗോദവര്‍മ രാജ 1958ല്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലില്‍ അംഗത്വം നല്കിയ കേരള കളരിപ്പയറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനം തലമുറ മാറ്റത്തിലൂടെ ദേശീയ തലത്തിലേക്ക് വളര്‍ന്നപ്പോള്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അംഗീകാരവും ലഭിച്ചു. 2015ല്‍ ദേശീയ അംഗീകാരം ലഭിച്ച ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്റെ പ്രവര്‍ത്തനമാണ് ഇന്നത്തെ നേട്ടത്തിന് അടിസ്ഥാനം.
ദേശീയ ഗെയിംസില്‍ കളരിപ്പയറ്റിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് ദീര്‍ഘനാളത്തെ പഴക്കമുണ്ട്. 2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിലും 2020ല്‍ ആസാമില്‍ നടന്ന ഖേലോ ഇന്ത്യയിലും കളരിപ്പയറ്റിനെ പ്രദര്‍ശന ഇനമായി ഉള്‍പ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം 2021ല്‍ ഹരിയാനയില്‍ നടന്ന ഖേലോ ഇന്ത്യ അണ്ടര്‍ 18 യൂത്ത് ഗെയിംസിലും 2022ല്‍ ഗ്വാളിയോറില്‍ നടന്ന യൂത്ത് ഗെയിംസിലും കളരിപ്പയറ്റ് മത്സരയിനമായിരുന്നു.
കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷയുടെയും സൂക്ഷ്മ നിരീക്ഷണം കളരിപ്പയറ്റിനെ മത്സരയിനമായി ഉള്‍പ്പെടുത്തുന്നതിന് ഏറെ സഹായകരമായെന്ന് ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന് സെക്രട്ടറി ജനറല്‍ അഡ്വ. പൂന്തുറ സോമന് പറഞ്ഞു. ദേശീയ തലത്തിലെ ഈ അംഗീകാരം കളരിപ്പയറ്റിന് രാജ്യാന്തര മത്സരങ്ങളിലേക്കുള്ള വാതില്‍ തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കളരിപ്പയറ്റിനെ ദേശീയ ഗെയിംസില്‍ ഉള്‍പ്പെടുത്താന്‍ കേരള കായിക കാര്യാലയത്തില്‍ നിന്ന് ശിപാര്‍ശ ഉണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: