കോഴിക്കോട്: മന് കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെമ്പാടും റേഡിയോയും ടിവിയും വഴി ഓരോ വീട്ടിലുമെത്തി. കേട്ടവരുടെയെല്ലാം മനസ്സില്‍ കയറിയ മന് കി ബാത്തിന്റെ നൂറാം ലക്കത്തിന്റെ സ്മരണയ്ക്ക് പോസ്റ്റല്‍ വകുപ്പ് ഇറക്കിയ 100 രൂപയുടെ വെള്ളി നാണയം ആദ്യം സ്വന്തമാക്കാനായതില്‍ മലയാളിയായ ലത്തീഫ്.കെ.എം ആഹ്ലാദത്തിലാണ്.
ലത്തീഫ് നാണയശേഖരണത്തില്‍ അതീവ തത്പരനാണ്. ഈ 100 രൂപ നാണയം ബുക്ക് ചെയ്ത്, അത് റിസര്‍വ് ബാങ്ക് കേരളത്തില്‍ എത്തിച്ച് പിന്നീട് കൈയില്‍ കിട്ടാന്‍ ആറു മാസമെങ്കിലും വേണ്ടിവരുമെന്നറിയാവുന്ന ലത്തീഫ് കൊല്‍ക്കത്തയ്ക്ക് വച്ചുപിടിച്ചു. അവിടെ റിസര്‍വ് ബാങ്കില്‍ പോയി നേരിട്ട് നാണയം സ്വന്തമാക്കി കോഴിക്കോട്ടെത്തി. വലിയ ചെലവു വന്നുവെങ്കിലും ആ ചരിത്ര സ്മൃതി നാണയം ആദ്യം സ്വന്തമാക്കാന്‍ കഴിഞ്ഞത് ഒരു ചരിത്രമാണെന്ന സന്തോഷത്തിലാണ് ലത്തീഫ്.
ഇക്കഴിഞ്ഞ ഏപ്രില്‍ 30നാണ് മന് കി ബാത്ത് 100 ലക്കമായത്. സ്മരണയ്ക്ക് ഇറക്കിയ നാണയം വെള്ളി, നിക്കല്‍, കോപ്പര്‍, സിങ്ക് എന്നീ ലോഹങ്ങള്‍ കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. 35 ഗ്രാമാണ് തൂക്കം.
നാണയ ശേഖരണം ഇഷ്ടവിനോദമാക്കിയ ലത്തീഫ് കറന്‍സിയിലെ സീരിയല്‍ നമ്പര്‍ ജന്മദിനമായി വരുന്നവ കണ്ടെത്തി ശേഖരിച്ച് പ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍, രാഷ്ട്രപതിമാര്‍ തുടങ്ങിയ നൂറില്‍പരം വ്യക്തികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ആര്‍ക്കിയോളജി ആന്‍ഡ് ഹെറിറ്റേജ് എന്ന സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് ലത്തീഫ്. അസാധാണ സ്റ്റാമ്പുകള്‍, പുരാവസ്തു-ചരിത്ര രേഖകള്‍ സ്കൂളുകളിലും കോളജുകളിലും ലത്തീഫ് പ്രദര്‍ശിപ്പിക്കുക പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: