തിരുവനന്തപുരം: ബാലരാമപുരത്തെ ഇസ്ലാം മതപഠന സ്ഥാപനമായ അല്‍ അമാന്‍ എഡ്യുക്കേഷന്‍ ട്രസ്റ്റില്‍ 17കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐയുടെ പേരില്‍ വ്യാജ പ്രചാരണം. ബാലരാമപുരത്തെ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ കേരള എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണെന്നും, വ്യാജ പോസ്റ്ററിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി. പ്രസ്തുത പോസ്റ്ററുമായി തങ്ങള്‍ക്ക് ബന്ധമില്ല എന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു.
അസ്മിയയുടെ ദുരൂഹ മരണവുമായി ബന്ധപെട്ടു ജസ്റ്റിസ് ഫോര്‍ അസ്മിയ എന്നെഴുതി വച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു എന്നായിരുന്നു പ്രചരിച്ചത്. ഇതിനെതിരെയാണ് സംഘടന രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ, ഡി.വൈ.എഫ്.ഐക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പരിഹാസം രൂക്ഷമാണ്.
അതേസമയം, ഇടമനക്കുഴി ഖദീജത്തുല്‍ ഖുബ്ര വനിത അറബിക് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ബീമാപ്പള്ളി സ്വദേശി അസ്മിയമോള്‍ (17) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോളജിലെയും ഇതേ വളപ്പിലുള്ള മതപഠനശാലയിലെയും 5 ജീവനക്കാരില്‍ നിന്നും 10 വിദ്യാര്‍ഥിനികളില്‍ നിന്നും ബാലരാമപുരം പൊലീസ് മൊഴിയെടുത്തു. ചെറിയ പെരുന്നാളിന് വീട്ടിലേക്കു പുറപ്പെട്ടപ്പോള്‍ ഇനി ഇവിടേക്കു മടങ്ങി വരില്ലെന്ന് അസ്മിയ പറഞ്ഞെന്ന് ചില വിദ്യാര്‍ഥികള്‍ പൊലീസിനോടു പറഞ്ഞിരുന്നു. ഇതു കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ശനിയാഴ്ച വൈകിട്ടാണ് കോളജ് ഹോസ്റ്റലിലെ ലൈബ്രറിയില്‍ അസ്മിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തികളാണ് കോളജും മതപാഠശാലയും നടത്തുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ മൊഴി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആരോപണ വിധേയമായ കോളജിന് ബാലരാമപുരത്തെ മുസ്ലിം ജമാഅത്തുകളുമായോ മദ്രസകളുമായോ പള്ളികളുമായോ ബന്ധമില്ലെന്നും സ്വകാര്യ വ്യക്തി നടത്തുന്ന സ്ഥാപനത്തിലാണ് സംഭവം നടന്നതെന്നും വിവിധ ജമാഅത്ത് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: