ജ്യോതിഷഭൂഷണം
എസ് ശ്രീനിവാസ് അയ്യര്‍
ചരരാശി എന്ന് മിക്കവരും കേട്ടിട്ടുണ്ടാവും. മേടം, കര്‍ക്കടകം, തുലാം, മകരം എന്നിവ നാലുമാണ് ചരരാശികള്‍.
ലഗ്നവും ലഗ്നാധിപനും ചരരാശിയിലായാല്‍ ‘സദാസഞ്ചാരയോഗം’ ഭവിക്കുന്നു. ആ വ്യക്തിക്ക് ജീവിതകാലത്ത് ഒട്ടേറെ സഞ്ചരിക്കേണ്ടതായി വരും. തൊഴില്‍പരമായും അല്ലാതെയും ഒക്കെ.
ഇവിടെപ്പറയുന്നത് ‘ചര നക്ഷത്രങ്ങളെ’ കുറിച്ചാണ്. പ്രാചീനമായ ഒരു വിഭജനമാണത്. സ്ഥിരം, ചരം, ഉഗ്രം, മിശ്രം, ലഘു, മൃദു, തീക്ഷ്ണം എന്നിങ്ങനെ നക്ഷത്രങ്ങളെ ഏഴ് വിഭാഗമാക്കിയിരിക്കുന്നു. ഇവയുടെ ആധിപത്യം സപ്തഗ്രഹങ്ങള്‍ക്കാണ്. ‘ചര’ നക്ഷത്രങ്ങളെ ‘ചല’ നക്ഷത്രങ്ങള്‍ എന്നും വിളിക്കുന്നു. ചന്ദ്രനാണ് ഇവയുടെ നാഥന്. ചര അഥവാ ചല നക്ഷത്രങ്ങള്‍ അഞ്ചെണ്ണമാണ്. പുണര്‍തം, ചോതി, തിരുവോണം, അവിട്ടം, ചതയം എന്നിവ. യാത്രാകാര്യങ്ങള്ക്കും വാഹനം വാങ്ങുക തുടങ്ങിയവയ്ക്കും ചര/ചല നക്ഷത്രങ്ങള്‍ ഏറ്റവും ഉചിതങ്ങളാണ്. അതിനുപരി വ്യക്തിത്വത്തിന്റെ ചില വശങ്ങളേയും ഈ നക്ഷത്രങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.
യാത്രോദ്യുക്തര് ആണ് ചല/ചര നക്ഷത്രങ്ങളില്‍ ജനിച്ചവര്‍, എപ്പോഴും. യാത്ര ചെയ്യാന്‍ മടിയില്ല; യാത്രയില്‍ മടുപ്പുമില്ല. കാഴ്ച കാണാനും ‘വെറും വെറുതേ’ എവിടെയെങ്കിലുമൊക്കെ പോയിവരാനും ഇവര്‍ക്ക് ഇഷ്ടമാണ്. മിക്കപ്പോഴും യാത്രകള്‍ പൊടുന്നനെയാവും തീരുമാനിക്കുക. യാത്രാസൗകര്യങ്ങള്‍, ധനം, സുരക്ഷിതത്വം മുതലായവയൊന്നും ഇവര്‍ പരിഗണിക്കാറില്ല. ഗ്രഹങ്ങളില്‍ ഏറ്റവും വേഗസഞ്ചാരി ചന്ദ്രനാണ്. ചരനക്ഷത്രങ്ങളില്‍ ജനിച്ചവരും തങ്ങളുടെ നാഥനായ ചന്ദ്രനെപ്പോലെ വേഗയാത്രകള് ആസ്വദിക്കുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: