ന്യൂദല്‍ഹി: ആഭ്യന്തരകലാപവും സാമ്പത്തിക തകര്‍ച്ചയും മൂലം അരാജകമായി മാറിയ പാകിസ്ഥാന് ഇന്ത്യയുടെ ഏറ്റവും വലിയ ദുസ്വപ്നമാണെന്ന് വിദഗ്ധര്‍. ജെയ്ഷ് എ മുഹമ്മദ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘം കശ്മീരിലേക്ക് നുഴഞ്ഞുകയറി വന്‍സ്ഫോടനങ്ങള്‍ നടത്തിയേക്കുമെന്ന് രഹസ്യ ഏജന്‍സികളും താക്കീത് നല്കുന്നു. ഇതേ തുടര്‍ന്ന് സൈന്യം വന്‍ സന്നാഹങ്ങളോടെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ജാഗരൂകരാണ്.
പാകിസ്ഥാനില്‍ ജനാധിപത്യം നൂലില്‍ തൂങ്ങിയാടുകയാണെന്ന് മുന്‍ പാക് പ്രസിഡന്റ് ഇമ്രാന്ഖാന്. അറസ്റ്റിന് പിന്നാലെ ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഇമ്രാന് ഖാന്. ഒരു കേസില്‍ വാദം കേള്‍ക്കാന്‍ കോടതിയില്‍ എത്തിയ ഇമ്രാന്‍ഖാനെ കോടതി മുറിയുടെ ജനല്‍ചില്ലുകള്‍ പൊട്ടിച്ചാണ് അര്‍ധസൈനിക വിഭാഗം പാകിസ്ഥാനില്‍ അറസ്റ്റ് ചെയ്തത്.
“രാജ്യത്ത് ജനാധിപത്യം ഒരു നൂലില്‍ തൂങ്ങിയാടുകയാണ്. നീതിന്യായ സംവിധാനത്തിന് മാത്രമേ അതിനെ രക്ഷിയ്ക്കാന്‍ കഴിയൂ. മാഫിയ സംഘങ്ങള്‍ ജനാധിപത്യത്തെ ആക്രമിക്കുകയാണ്. ജയിലില്‍ പോകുന്നതില്‍ നിന്നും എന്നെ തടഞ്ഞ ജുഡീഷ്യറിയ്ക്ക് നന്ദി “- ഇമ്രാന് ഖാന് പറഞ്ഞു.
ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ തെഹ്റീക് -ഇ- ഇന്‍സാഫിന്റെ അനുയായികള്‍ സൈന്യത്തിന് നേരെ പ്രതിഷേധിക്കുകയാണ്. ഇത് പാകിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമാണ്. കോര്‍പ്സ് കമാന്‍ഡറുടെ ലാഹോറിലെ വസതി ഇമ്രാന്ഖാന് അനുയായികള്‍ തകര്‍ത്തു. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തേക്ക് വരെ പ്രവര്‍ത്തകര്‍ ഇരച്ചുകയറി.
സൈന്യത്തെയാണ് അല്ലാതെ ഇപ്പോള്‍ പാകിസ്ഥാന് ഭരിയ്ക്കുന്ന ഷെഹ്ബാസ് ഷെരീഫിന്റെ സര്‍ക്കാരിനെയല്ല ഇമ്രാന് ഖാന് കുറ്റപ്പെടുത്തുന്നത്.
തീവ്രവാദഗ്രൂപ്പുകള്‍ പാകിസ്ഥാനില്‍ പലയിടത്തും അക്രമങ്ങളും ബോംബ് സ്ഫോടനങ്ങളും നടത്തുകയാണ്. പക്ഷെ ഈ അവസരത്തില്‍ കശ്മീരില്‍ കൂടുതല്‍ ആക്രമണം നടത്താന്‍ പാകിസ്ഥാനിലെ തീവ്രവാദിസംഘടനകള്‍ ശ്രമം നടത്തിയേക്കുമെന്ന് ആശങ്കയുണ്ട്. അതുവഴി അന്താരാഷ്ട്ര വേദികളില്‍ ജമ്മു കശ്മീര്‍ വിഷയം കത്തിച്ചു നിര്‍ത്തി പാകിസ്ഥാന് സ്വന്തം ആഭ്യന്തരപ്രശ്നങ്ങളില്‍ നിന്നും തലയൂരാം. അതുകൊണ്ട് ഇന്ത്യന്‍ സേന ഇന്ത്യ-പാക് അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. സാമ്പത്തിക തകര്‍ച്ചയും ആഭ്യന്തരലഹളയും ഉണ്ടെങ്കിലും തീവ്രവാദം പാകിസ്ഥാനില്‍ കൂടാറാണ് പതിവ്. അതുകൊണ്ട് തന്നെ ഇന്ത്യ ഭാവിയില്‍ പാകിസ്ഥാന് തീവ്രവാദഗ്രൂപ്പുകളില്‍ നിന്നുണ്ടാകാവുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ജാഗ്രതയിലാണ്.
പ്രത്യേകിച്ചും മെയ് 22 മുതല്‍ 24 വരെ നടക്കുന്ന ജി20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം കശ്മീരിലാണ് നടക്കുന്നത്. വന്‍ സ്ഫോടനങ്ങള്‍ നടത്തി ഈ യോഗത്തെ അട്ടിമറിക്കാന്‍ തീവ്രവാദി ഗ്രൂപ്പുകള്‍ ശ്രമം നടത്തിയേക്കുമെന്ന് ആശങ്കയുണ്ട്. ഗോവയില്‍ എസ് സിഒ വിദേശ മന്ത്രിമാരുടെ യോഗത്തില്‍ പാകിസ്ഥാന് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ പങ്കെടുക്കുമെന്ന പ്രഖ്യാപനമുണ്ടായതിന് ശേഷം ഒന്നരമണിക്കൂറിനകമാണ് കശ്മീരില്‍ ടോട്ട ഗലിയില്‍ അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ച തീവ്രവാദ സ്ഫോടനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: