Categories: Article

ലോകം കീഴടക്കുന്ന ജീവനകല

വിശ്വവ്യാപകമായ ജീവനകലയുടെ ആത്മീയാചാര്യന്‍, ആനന്ദത്തിന്റെ വിശ്വമഹാഗുരു ശ്രീശ്രീരവിശങ്കര്‍ജിയുടെ അറുപത്തിയേഴാം ജന്മദിനം ലോകമെങ്ങുമുള്ള ആരാധകര്‍ വിവിധപരിപാടികളോടെ ഇന്ന് ആഘോഷിക്കുകയാണ്. നിരവധി സേവാപ്രവര്‍ത്തനങ്ങളാണ് ഇതിനൊപ്പം നടത്തുന്നത്.

ഡോ. നിശാന്ത് തോപ്പില്‍

വിശ്വവ്യാപകമായ ജീവനകലയുടെ ആത്മീയാചാര്യന്‍, ആനന്ദത്തിന്റെ വിശ്വമഹാഗുരു ശ്രീശ്രീരവിശങ്കര്‍ജിയുടെ അറുപത്തിയേഴാം ജന്മദിനം ലോകമെങ്ങുമുള്ള ആരാധകര്‍ വിവിധപരിപാടികളോടെ ഇന്ന് ആഘോഷിക്കുകയാണ്. നിരവധി സേവാപ്രവര്‍ത്തനങ്ങളാണ് ഇതിനൊപ്പം നടത്തുന്നത്.

ജ്ഞാനത്തിലേക്കുള്ള, ആനന്ദത്തിലേക്കുള്ള വഴികാട്ടിയാണ് ഗുരു. ലൗകികകാര്യങ്ങളോ ബുദ്ധിപരമായ വിഷയങ്ങളോ പഠിപ്പിക്കുന്ന ഒരാളല്ല ഗുരു. അങ്ങിനെയുള്ളവര്‍ അദ്ധ്യാപകര്‍ മാത്രമാണ്. ഗുരു നിങ്ങളെ ഉണര്‍ത്താനോ ഉത്തേജിപ്പിക്കാനോ നിയോഗിക്കപ്പെട്ട ആളുമല്ല. നിങ്ങളെ സമാധാനപ്പെടുത്തുന്നതും ധൈര്യപ്പെടുത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും അല്ല അദ്ദേഹത്തിന്റെ ജോലി. നിങ്ങള്‍ മനസ്സില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന ചില അതിരളവുകള്‍ തകര്‍ത്തെറിയാനാണ് ഗുരു വന്നിരിക്കുന്നത്. നിങ്ങള്‍ അകപ്പെട്ട ചങ്ങലക്കെട്ടുകളില്‍നിന്ന് നിങ്ങളെ സ്വതന്ത്രനാക്കാനാണ് അദ്ദേഹം പരിശ്രമിക്കുന്നത്.

വ്യക്തികളില്‍ അലിഞ്ഞുചേര്‍ന്ന അഹങ്കാരത്തെ, ദുരഭിമാനത്തെ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം, സ്വയം അത് ത്യജിക്കാന്‍ തയ്യാറാകുന്നയാളാണ് ഉത്തമഗുരു. ജീവിതത്തിനും വിവേകത്തിനും സ്‌നേഹത്തിനുമിടയില്‍ ഒരാള്‍ക്ക് ദൂരമില്ലാതാവുമ്പോള്‍ അദ്ദേഹത്തെ ഗുരു എന്ന് വിളിക്കുന്നു. ഭാരതീയപാരമ്പര്യത്തില്‍ ഗുരുവിന് മഹത്തായ സ്ഥാനമാണുള്ളത്.

പ്രപഞ്ചസൃഷ്ടിയുടെ ആദിയില്‍ ഋഷീശ്വരന്മാരിലൂടെ വേദവിജ്ഞാനം പകര്‍ന്നുനല്‍കിയ ഭഗവാന്റെ പരമ്പരയില്‍ ഭാരതത്തിലെ ഓരോ ആദ്ധ്യാത്മികാചാര്യനും വിളക്കിക്കിച്ചേര്‍ത്ത കണ്ണികളാണ്. സദ്ഗുരുക്കന്മാരുടെ അവതാരം അനുസ്യുതം ഇനിയുമിനിയും ഉണ്ടായിക്കൊണ്ടേയിരിക്കും. സനാതനധര്‍മ്മ നിയമമനുശാസിക്കുന്നതും അങ്ങിനെത്തന്നെ. സര്‍വ്വസന്നിഹിതനും നിരുപാധികമായ ദൈവീകപ്രേമത്തിന്റെ ആവിഷ്‌കാരവും കൂടിയാണ് ഗുരു.

ഉദാത്തമായ ജ്ഞാനത്തിന്റെയും പരിശുദ്ധപ്രേമത്തിന്റെയും ആനന്ദത്തിന്റെയും അവതാരമായ ഗുരുവിലൂടെ നിശബ്ദമായ ദൈവത്തിന്റെ സ്വരമാണ് സദാ കേട്ടുകൊണ്ടിരിക്കുന്നത്. ജ്ഞാന വിജ്ഞാനങ്ങള്‍ പ്രചരിപ്പിക്കുന്നതോടൊപ്പം ജനങ്ങളെ ശുദ്ധീകരിച്ചെടുത്ത് സംസ്‌കരിക്കുന്നതാണ് പ്രവാചക ദൗത്യമെങ്കില്‍ ‘ഗുരുജി’ എന്ന മൂന്നക്ഷരത്തില്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന  ജീവനകലയുടെ ആത്മീയാചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ജി ചെയ്തുവരുന്നതും ഇതൊക്കെത്തന്നെയാണ്. പ്രവാചകന്‍ അഥവാ ദൈവദൂതന്‍ ദൈവത്തിന്റെ പ്രതിപുരുഷനാണെങ്കില്‍ ഗുരുജിയില്‍ ദൈവത്തിന്റെ പ്രതിഛായ കാണുന്നതില്‍ തെറ്റില്ലെന്നുറപ്പ്. സമൂഹത്തില്‍ മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ നവീന കാലഘട്ടത്തിന്റെ നവോത്ഥാനശില്‍പ്പികൂടിയാണ് ജീവനകലയുടെ ജീവാത്മാവും പരമാത്മാവുമായ നമ്മുടെ ഗുരുജി.

മനുഷ്യ മനസ്സുകളില്‍ ആനന്ദവും ആത്മീയതയും ജ്വലിപ്പിച്ചുകൊണ്ട്, സമാധാനം നിറഞ്ഞ ജീവിതത്തിലൂടെ സംഘര്‍ഷവിമുക്തമായ നവലോകം കെട്ടിപ്പടുക്കാന്‍ രാപ്പകലില്ലാതെ ലോകസഞ്ചാരം ചെയ്യുന്ന ഭാരതീയനായ ഈ ആത്മീയഗുരുവിനൊപ്പം ഈ കാലഘട്ടത്തില്‍ ജീവിക്കുവാന്‍ കഴിയുന്ന നമ്മളെത്ര ഭാഗ്യവാന്മാരാണ്. ജ്ഞാനത്തിന്റെ,  ആഗോളീകരണത്തിലൂടെ നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കാന്‍ അമൂല്യമായ അത്മീയശക്തിയും ധര്‍മ്മരക്ഷാ ദൗത്യവുമായി മനഃശാന്തിയിലൂടെ വിശ്വശാന്തി എന്ന സന്ദേശവുമായാണ് ആര്‍ട് ഓഫ് ലിവിംഗ് അഥവാ ജീവനകല പ്രവര്‍ത്തിക്കുന്നത്. പൗരാണിക ജ്ഞാനത്തിന്റെയും ആധുനിക ശാസ്ത്രത്തിന്റെയും മികച്ച അംശങ്ങളെ സ്വാംശീകരിച്ച് സമന്വയിപ്പിച്ചെടുത്ത് ഗുരുദേവ് മനുഷ്യരാശിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന അത്യമൂല്യ യോഗവിദ്യയാണ് ആര്‍ട് ഓഫ് ലിവിംഗ് ശ്വസനക്രിയ.

157 ലധികം ലോകരാഷട്രങ്ങളിലായി ഇതിനകം 30 ദശലക്ഷത്തിലധികം ജനങ്ങള്‍ ഗുണഭോക്താക്കളായിക്കഴിഞ്ഞ ‘ജീവനകലയുടെ ഹൃദയം’ എന്നുവിശേഷിപ്പിക്കാവുന്നത് ഗുരുജി രൂപകല്‍പ്പന ചെയ്ത മഹാസുദര്‍ശനക്രിയ തന്നെ. അവബോധത്തിന്റെ  അസാന്നിദ്ധ്യം ബുദ്ധിയെ മൃഗീയതയില്‍ എത്തിക്കുമ്പോഴും പ്രകോപനങ്ങള്‍ക്കു നേരെ ഒരു സാക്ഷിയായി, നിസ്സംഗനായി പുഞ്ചിരിതൂകി നില്‍ക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയാണ് സദാ ഗുരുജി ചെയ്തുകൊണ്ടിരിക്കുന്നത്. വ്യക്തിത്വവികസന പദ്ധതികള്‍ക്ക് പുറമെ സാമൂഹിക പുരോഗതിക്കായുള്ള  നിരവധി സേവാപ്രവര്‍ത്തനങ്ങളും നടത്തിവരുന്ന ആര്‍ട് ഓഫ് ലിവിംഗ് സംഘടന മുപ്പത്തിയെട്ടാം വര്‍ഷത്തിലെത്തിനില്‍ക്കുകയാണ്.

‘വ്യക്തി വികാസത്തിലൂടെ രാഷ്‌ട്രവികാസം’ എന്ന ലക്ഷ്യവുമായി ഇന്ത്യയിലെ ഗ്രാമങ്ങളുടെ സമഗ്രമായ പുനരുദ്ധാരണത്തിനായി ശ്രീശ്രീ രവിശങ്കര്‍ജി വിഭാവനം ചെയ്ത അതിബ്രഹത്തായ കര്‍മ്മപദ്ധതിയാണ് ആര്‍ട് ഓഫ് ലിവിംഗ്  പ്രോജക്ട് ഭാരത്. ഗ്രാമങ്ങളിലെ സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗത്തിന് വിദ്യാഭ്യാസം, ശുദ്ധജലം, ശുചീകരണ സൗകര്യങ്ങള്‍, ജൈവകൃഷിപരിശീലനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പില്‍ വരുത്താനുള്ള ഒരു നവോത്ഥാന പദ്ധതിയാണ് ‘ആര്‍ട് ഓഫ് ലിവിംഗ്  പ്രൊജക്ട് ഭാരത്’. ഭാരതത്തിലെ ഓരോ ഗ്രാമത്തിലും വികസനം സാധ്യമാക്കുന്നതിന് പ്രചോദിതരായ വ്യക്തികളുടെ കൂട്ടായ്മകള്‍ രൂപീകരിക്കാനാണ് ആര്‍ട് ഓഫ് ലിവിംഗ് നേതൃത്വത്തില്‍ പ്രോജക്ട് ഭാരത് ലക്ഷ്യമിടുന്നത്.

(വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമി ചെയര്‍മാനും ആര്‍ട് ഓഫ് ലിവിംഗ് ഇന്റര്‍നേഷണല്‍ പരിശീലകനുമാണ് ലേഖകന്‍)

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക