മുംബൈ: തങ്ങള്‍ക്കനുകൂലമായ സുപ്രീം കോടതി വിധി ബാലാസാഹെബ് താക്കറെയുടെ കാഴ്ചപ്പാടിന്റെ വിജയമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. സത്യം വിജയിച്ചു. ബാലാസാഹെബ് താക്കറെയുടെ ആദര്‍ശത്തിന്റെയും ശിവസേനയുടെ ചിന്തയുടെയും സര്‍ക്കാരിനുമേല്‍ ജനങ്ങള്‍ക്കുള്ള വികാരത്തിന്റെയും വിജയമാണിത്.
തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്കിയ ജനവിധിയുടെ വിജയമാണ്. തങ്ങള്‍ക്കെതിരെ നീക്കം നടത്തിയവര്‍ക്ക് ലഭിച്ച തക്ക മറുപടിയാണ് സുപ്രീം കോടതി വിധി. ഈ സര്‍ക്കാര്‍ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ശിവസേന യുബിടി (ശിവസേന ഉദ്ധവ് ബാലാസാഹെബ് താക്കറെ) പറഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. എന്നാല്‍ അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ സംശയങ്ങള്‍ക്കും കോടതി വ്യക്തത വരുത്തിയതായും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും പ്രശംസാര്‍ഹമായ വിധിയാണിതെന്നും മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേകര്‍ പറഞ്ഞു. ധാര്‍മികതയുടെ അടിസ്ഥാനത്തിലായിരുന്നില്ല ഉദ്ധവിന്റെ രാജിയെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. വിശ്വസ വോട്ടെടുപ്പിനോടുള്ള ഭയമായിരുന്നു രാജിക്ക് പിന്നില്‍.
അല്ലെങ്കില്‍ തന്നെ ധാര്‍മികതയെപ്പറ്റി സംസാരിക്കാന്‍ ഉദ്ധവിനാകില്ല. മുഖ്യമന്ത്രിയാകാന്‍ തെരഞ്ഞെടുപ്പിന് മുന്‍പുണ്ടായിരുന്ന സഖ്യമുപേക്ഷിച്ച് എന്‍സിപിക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്നയാളാണ് ഉദ്ധവ്. ബിജെപി-സേന സഖ്യത്തിലാണ് വിജയിച്ചത്. അധികാരത്തിനായി മറ്റൊരു സഖ്യത്തെ കൂട്ടുപിടിച്ചു. ഫഡ്നാവിസ് ചൂണ്ടിക്കാട്ടി.
ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ഷിന്‍ഡെയുടെ രാജിയെക്കുറിച്ച് ചോദ്യമൊന്നുമില്ലെന്നും സര്‍ക്കാര്‍ രൂപീകരണം നിയമവിധേയമെന്ന് കോടതി അംഗീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഷിന്‍ഡെ സര്‍ക്കാരിനോട് പറയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉദ്ധവ് ആവശ്യപ്പെട്ടു. ഭൂരിപക്ഷമില്ലെന്ന് സമ്മതിച്ച് രാജിവച്ച ഒരു സര്‍ക്കാരിനെ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന കോടതിയുടെ പരാമര്‍ശത്തിലാണ് ഉദ്ധവിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: