കൊല്‍ക്കത്ത: കേരള സ്റ്റോറിക്ക് വിലക്കേര്‍പ്പെടുത്തിയ ബംഗാള്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയും പ്രശസ്ത ചിത്രകാരനുമായ ശുഭപ്രസന്ന. സിനിമ നിരോധിക്കാനുള്ള തീരുമാനം വലിയ തെറ്റാണെന്ന് ശുഭപ്രസന്ന പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചതു മുതല്‍ മമതയുടെ വിശ്വസ്തന് എന്ന നിലയിലാണ് ശുഭപ്രസന്ന ബംഗാളില്‍ അറിയപ്പെടുന്നത്. സിംഗൂര്‍ ഭൂമി ഏറ്റെടുക്കല്‍, 2007ലെ നന്ദിഗ്രാം പ്രക്ഷോഭം തുടങ്ങിയ വിഷയങ്ങളില്‍ മമതയെ പിന്തുണച്ചാണ് ശുഭപ്രസന്ന സാമൂഹിക പ്രവര്‍ത്തനത്തിലേക്ക് വന്നത്.
സുദീപ്തോ സെന്‍ ബംഗാളിന്റെ അഭിമാനമെന്ന് വിശേഷിപ്പിക്കാവുന്ന ചലച്ചിത്രകാരനാണെന്ന് ശുഭപ്രസന്ന ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുക എന്നത് അവിവേകമാണ്. ആരോപിക്കുന്ന തരത്തിലുള്ള വിവാദങ്ങളൊന്നും കേരള സ്റ്റോറിയിലില്ല. കലാസ്വാതന്ത്ര്യം എപ്പോഴും സംരക്ഷിക്കപ്പെടണം. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ഒരു സിനിമ നിരോധിക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മമതയുടെ അഭ്യുദയകാംക്ഷി എന്ന നിലയില്‍ അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കേണ്ടത് തന്റെ കടമയാണെന്നും ശുഭപ്രസന്ന പറഞ്ഞു. അതേസമയം വിലക്കിനെതിരെ നിര്‍മാതാക്കള്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: