കൊല്ലം: ഒരു ചെറുവാക്കിലൂടെ ഹൃദയത്തില്‍ കൊള്ളുന്ന ആശയം കൈമാറിയ മഹാനായ കവിയായിരുന്നു കുഞ്ഞുണ്ണി മാഷെന്ന് മുന്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്. ബാലഗോകുലം ബാലസാഹിതീ പ്രകാശന് പതിനേഴാമത് കുഞ്ഞുണ്ണി പുരസ്കാരം ബാലസാഹിത്യകാരന്‍ മണി കെ.ചെന്താപ്പൂരിന് നല്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്കാരത്തിലൂന്നിയ മഹത്തായ സൃഷ്ടികളാണ് അദ്ദേഹം നടത്തിയത്. കുട്ടികള്‍ക്ക് മാത്രമല്ല എല്ലാ തലമുറകളെയും ചിന്തിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി. കുഞ്ഞുണ്ണി മാഷിനൊപ്പം നിരവധി വേദികളില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ട്. തന്റെ പ്രസംഗം മണിക്കൂറുകള്‍ നീണ്ടാലും മാഷിന്റെ നാലുവരികള്‍ക്ക് മുന്നില്‍ നിഷ്പ്രഭമാണ്. പഴയ തലമുറകളിലെ കുട്ടികളെ വളര്‍ത്തിയിരുന്നത് മുത്തശ്ശികഥകളിലൂടെയായിരുന്നു. അവരെ യുക്തിബോധവും ചിന്താശക്തിയുള്ളവരുമാക്കാന്‍ അത്തരം കഥകള്‍ സഹായിച്ചു. ഇന്ന് അത് നഷ്ടമായത് സമൂഹത്തില്‍ വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. കുഞ്ഞുണ്ണി മാഷിന്റെ കവിതകളും പ്രസക്തമായത് കാലഘട്ടത്തിന്റെ വലിയ സന്ദേശങ്ങള്‍ ഉണ്ടായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ബഹുമതിപത്രം ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ കൈമാറി. ബാലസാഹിതി പ്രകാശന് ചെയര്മാന് എന്‍. ഹരീന്ദ്രന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞുണ്ണി അനുസ്മരണ പ്രഭാഷണം ഡോ. ഗോപി പുതുക്കോട് നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി യു. പ്രഭാകരന്, മേഖല അധ്യക്ഷന്‍ എന്‍.എസ്. ഗിരീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: