ലവ് ജിഹാദും മതപരിവര്‍ത്തനത്തിന് ശേഷം അമുസ്ലിങ്ങളായ യുവതികളെ ഐഎസ് ഐഎസിലേക്ക് ചേര്‍ത്തുന്നതുമെല്ലാം പരാമര്‍ശവിഷയമാകുന്ന കേരള സ്റ്റോറി മറ്റൊരു ബ്ലോക്ക് ബസ്റ്ററാവാന്‍ കുതിയ്‌ക്കുന്നു. മെയ് 5-ന് റിലീസ് ചെയ്ത ചിത്രം ഒരാഴ്ച പിന്നിട്ടപ്പോൾ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് കഴിഞ്ഞു.
സിപിഎം, കോൺഗ്രസ്, അസദുദ്ദീിന്‍ ഒവൈസിയുടെ എഐഎംഐഎം, മുസ്ലിം ലീഗ് എന്നിവ അടക്കമുള്ള രാഷ്‌ട്രീയ പാർട്ടികളും തീവ്ര ഇസ്ലാമിസ്റ്റുകളും കേരള സ്റ്റോറി നിരോധിക്കാനും ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തിട്ടും ബോക്സ്ഓഫീസിൽ കേരള സ്റ്റോറി നെഞ്ച് വിരിച്ച് മുന്നേറുന്ന ചിത്രം അമ്പരപ്പിക്കുന്നതാണ്. ചൊവ്വാഴ്ച മാത്രം സിനിമ 11.4 കോടി രൂപയാണ് കളക്ട് ചെയ്തതെന്ന് ബോളിവുഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് പറയുന്നു. തിങ്കളാഴ്ചത്തേതിനേക്കാള്‍ 1.07 കോടി അധികമാണ് ചൊവ്വാഴ്ചത്തെ വരുമാനം. ആകെ 56.86 കോടി രൂപ നേടിയെന്നാണ് തരണ്‍ ആദര്‍ശ് പറയുന്നത്.
ഒരാഴ്ച പിന്നിടുമ്പോൾ, കൃത്യമായി പറഞ്ഞാല്‍ റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ ‘ദി കേരള സ്റ്റോറി’ ഇതുവരെ നേടിയത് 56.72 കോടി രൂപയാണെന്നാണ് സാക് നിക് എന്ന ബോളിവുഡ് സിനിമയെ ട്രാക്ക് ചെയ്യുന്ന വിദഗ്ധന്‍ പറയുന്നത്. എന്തായാലും സിനിമയുടെ വരുമാനം 50 കോടി താണ്ടിക്കഴിഞ്ഞു. ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് ലഭിച്ച തരത്തിലുള്ള സ്വീകാര്യതയാണ് ദി കേരള സ്റ്റോറിയ്‌ക്കും ലഭിക്കുന്നത്.
കേരളത്തിൽ നിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തെ അപകീർത്തിപ്പെടുത്തുന്നു എന്നും ശക്തമായ പ്രചാരണം നടക്കുന്നു. തീവ്രവാദ സംഘടനകളുടെ പ്രവർത്തനത്തെ തുറന്നു കാണിക്കുന്ന ചിത്രം എങ്ങനെ കേരളത്തെ അപമാനിക്കുന്നതാവും എന്ന മറുചോദ്യവും ഉയരുന്നുണ്ട്. കേരളസ്റ്റോറി സത്യമാണെന്ന് മനസ്സിലാക്കാന്‍ ഗൂഗിളില്‍ ഐഎസ്ഐഎസ് എന്നും ബ്രൈഡ് സ് എന്നും സെര്‍ച്ച് ചെയ്താല്‍ അറിയാമെന്ന് നായികയായി സിനിമയില്‍ വേഷമിട്ട ആദാ ശര്‍മ്മ പറയുന്നു.
ഹൗസ് ഫുള്ളായി പ്രദര്‍ശനം നടക്കുന്ന തിയറ്ററിലേക്ക് പൊലീസിനെ വിട്ട് പ്രദര്‍ശനം തടയുകയും സംസ്ഥാനത്ത് കേരള സ്റ്റോറിയുടെ പ്രദര്‍ശനം നിരോധിക്കുകയും ചെയ്യുകയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിനെതിരെ സുപ്രീംകോടതിയില്‍ സംവിധായകന്‍ സുദീപ്തോ സെന്‍ പരാതി നല്‍കിയിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒരു സിനിമ നിരോധിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് നടി ശബാന ആസ്മി പറയുന്നു. അതിനിടെ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും നികുതി ഇളവ് നല്‍കിയതിനാല്‍ കൂടുതല്‍ പ്രേക്ഷകര്‍ എത്തുന്നുണ്ട്. കേന്ദ്രമന്തിമാരും ബിജെപി നേതാക്കളും സിനിമ കാണാന്‍ തിയറ്ററില്‍ എത്തുന്നതും സിനിമയ്‌ക്ക് വന്‍ പ്രചാരണമാണ് കൊടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: