ജയ്പൂര്‍: രാജസ്ഥാനിലെ നാഥ്ദ്വാരയില്‍ 5,500 കോടി രൂപയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.നാല് ദേശീയ പാതകളും മൂന്ന് റെയില്‍ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. ഉദയ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനം, ഗേജ് മാറ്റല്‍ പദ്ധതി, പുതിയ പാത എന്നിവയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. 114 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരിപ്പാത ഉദയ്പൂര്‍ മുതല്‍ ഷംലാജി വരെയുള്ള എന്‍എച്ച്-48, 110 കിലോമീറ്റര്‍ നീളമുള്ള എന്‍എച്ച്-25ലെ ബാര്‍-ബിലാര-ജോധ്പൂര്‍ സെക്ഷന്റെ വീതികൂട്ടലും ബലപ്പെടുത്തലും, നടപ്പാതകളുള്ള രണ്ടുവരി പാതകളും ഉള്‍പ്പെടെ മൂന്ന് ദേശീയ പാത പദ്ധതികള്‍ മോദി രാജ്യത്തിന് സമര്‍പ്പിച്ചു.
ഈ പദ്ധതികള്‍ രാജസ്ഥാന്റെ ഗതാഗത മേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന രീതിയിലാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നുവെന്ന് മോദി പറഞ്ഞു. അതുകൊണ്ടാണ് രാജസ്ഥാനിലും മറ്റ് സംസ്ഥാനങ്ങളിലും ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ പരമാവധി ഊന്നല്‍ നല്‍കുന്നത്. അടിസ്ഥാന സൗകര്യങ്ങളിലൂടെ നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുകയാണ്.ഇത് പൈതൃകം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വികസനം ത്വരിതപ്പെടുത്തുന്നു. രാജ്യത്ത് എല്ലാത്തരം അടിസ്ഥാന സൗകര്യങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ അഭൂതപൂര്‍വമായ വേഗത്തിലാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ ആയിരക്കണക്കിന് കോടികള്‍ നിക്ഷേപിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
സുസ്ഥിര വളര്‍ച്ചയ്ക്കും വേഗത്തിലുള്ള വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓരോ കാര്യങ്ങളിലും വോട്ട് കണക്കിലെടുത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതൊന്നും നടപ്പാക്കാനാവില്ലെന്നും മോദി അഭിപ്രായപ്പെട്ടു.പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയ്ക്ക് കീഴില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഗ്രാമങ്ങളില്‍ മൂന്നര ലക്ഷം കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മ്മിച്ചതായി മോദി ചൂണ്ടിക്കാട്ടി. ഇതില്‍ 70,000 കിലോമീറ്റര്‍ റോഡുകള്‍ രാജസ്ഥാനില്‍ നിര്‍മ്മിച്ചിട്ടുണ്ട്. രാജ്യത്തെ മിക്ക ഗ്രാമങ്ങളും ഇപ്പോള്‍ റോഡുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നഗരങ്ങളെ ഹൈവേകളുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. 2014 ന് മുമ്പ് ദേശീയപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതിന്റെ ഇരട്ടി വേഗത്തിലാണ് ഇപ്പോള്‍ പ്രവൃത്തി നടക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് പരമാവധി ദൂരത്തിലെത്തണമെന്നും മോദി പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാഥദ്വാര ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: