Categories: Kerala

ഹൗസ്‌ബോട്ടുകളിലെ പരിശോധന പ്രഹസനം; ലൈസന്‍സും ഫിറ്റ്‌നസും രേഖകളില്‍ മാത്രം

ലൈസന്‍സും ഫിറ്റ്‌നസും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഹൗസ്‌ബോട്ടുകള്‍ക്കും, ഉല്ലാസ ബോട്ടുകള്‍ക്കും തടയിടേണ്ട തുറമുഖ, ടൂറിസം വകുപ്പുകളും പോലീസും നോക്കുകുത്തികളാകുന്നു. ബോട്ടുകളുടെ സുരക്ഷ പരിശോധിച്ച് ലൈസന്‍സ് നല്‌കേണ്ടത് തുറമുഖ വകുപ്പാണ്. മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്നതു പോലെ വര്‍ഷത്തില്‍ ഒരിക്കല്‍ ഫിറ്റ്‌നസ് പരിശോധന നടത്തണം. എന്നാല്‍ മതിയായ ജീവനക്കാരില്ലാത്തതും, അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയാകുന്നു.

ആലപ്പുഴ: ലൈസന്‍സും ഫിറ്റ്‌നസും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഹൗസ്‌ബോട്ടുകള്‍ക്കും, ഉല്ലാസ ബോട്ടുകള്‍ക്കും തടയിടേണ്ട തുറമുഖ, ടൂറിസം വകുപ്പുകളും പോലീസും നോക്കുകുത്തികളാകുന്നു. ബോട്ടുകളുടെ സുരക്ഷ പരിശോധിച്ച് ലൈസന്‍സ് നല്‌കേണ്ടത് തുറമുഖ വകുപ്പാണ്. മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്നതു പോലെ വര്‍ഷത്തില്‍ ഒരിക്കല്‍ ഫിറ്റ്‌നസ് പരിശോധന നടത്തണം. എന്നാല്‍ മതിയായ ജീവനക്കാരില്ലാത്തതും, അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധിയാകുന്നു.  

ഹൗസ്‌ബോട്ടിന്റെ ദൃഢത, മാലിന്യ  സംസ്‌കരണത്തിന് ബയോ ടാങ്ക് സ്ഥാപിക്കല്‍, ലൈസന്‍സ്, ഡ്രൈഡോക്ക് സംവിധാനം, രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളുടെ സാന്നിധ്യം, ജീവനക്കാരുടെ പെരുമാറ്റ രീതി തുടങ്ങിയവ നോക്കിയാണ് സുരക്ഷ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നത്. കെഐവി റൂള്‍ പ്രകാരം ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രേമ സര്‍വിസ് നടത്താന്‍ കഴിയൂ. എന്നാല്‍, ഇതൊന്നും നേടാതെ നിര്‍ബാധം സര്‍വിസ് തുടരുകയാണ്. സഞ്ചാരികള്‍ വെള്ളത്തില്‍ വീണാല്‍ രക്ഷിക്കാനുള്ള സംവിധാനങ്ങളോ നീന്തല്‍ അറിയാവുന്ന ജീവനക്കാരോ പല പുരവള്ളങ്ങളിലും ഇല്ലെന്നതാണ് സ്ഥിതി.  

പലപ്പോഴും ടൂറിസം വകുപ്പില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദവും കൂടിയാകുമ്പോള്‍ പരിശോധനകള്‍ പ്രഹസനമാകുന്നു. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും, ടൂറിസം മേഖലയിലെ വളര്‍ച്ചയും ലക്ഷ്യമാക്കി ഇളവുകള്‍ നല്കാന്‍ നിര്‍ബന്ധിതമാകുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു.  മാത്രമല്ല എത്ര ഹൗസ്ബോട്ടുകളും, ഉല്ലാസ ബോട്ടുകളും ഉണ്ടെന്നത് പോലും വ്യക്തമല്ല. പോര്‍ട്ട്, ഡിടിപിസി അധികൃതരുടെ കൈവശമുള്ള കണക്കുകളില്‍ പറയുന്ന എണ്ണം മാത്രമാണ് ഔദ്യോഗികം. ഒരു ഹൗസ്‌ബോട്ടിന്റെ രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് ഒന്നിലേറെ വള്ളങ്ങള്‍ ഓടിക്കുന്നവരുണ്ടെന്നാണ്മറ്റൊരു ആക്ഷേപം. ആലപ്പുഴയില്‍ മാത്രം മൂന്നുറോളം ജലയാനങ്ങള്‍ യാതൊരു രേഖകളുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. അധികൃതര്‍ പരിശോധനയ്‌ക്ക് എത്തുമ്പോള്‍ ഉള്‍പ്രദേശങ്ങളിലേക്കും, സമീപ ജില്ലകളിലേക്കും വരെ ഇവ മാറ്റുന്നതാണ് പതിവ്.

ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഹൗസ് ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയെടുക്കുമെന്ന പ്രഖ്യാപനം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. സുരക്ഷാ സംബന്ധമായ മാനദണ്ഡം തീരുമാനിക്കുന്നതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു ഉപദേശക സമിതി രൂപീകരിക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം.  പോര്‍ട്ട് അതോറിറ്റി, നേവി, ടൂറിസം,  പോലിസ്, അഗ്നിരക്ഷാസേന, വൈദ്യുതി വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍, ബോട്ട് ഉടമകളുടെ  പ്രതിനിധികള്‍, കുസാറ്റ് ഷിപ്പ്‌ടെക്‌നോളജി വിഭാഗം തുടങ്ങിയവര്‍ അടങ്ങുന്നതാവും സമിതിയെന്നാണ് അറിയിച്ചിരുന്നത്. ലൈസന്‍സും ഫിറ്റ്‌നസും ഇല്ലെങ്കില്‍ ഇന്‍ഷുറസ് പരിരക്ഷ ലഭിക്കില്ല. ബോട്ട് അപകടത്തില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്കോ, അവരുടെ ആശ്രിതകര്‍ക്കോ യാതൊരു നഷ്ടപരിഹാരവും ലഭിക്കാത്ത ദുരവസ്ഥയും സംജാതമാകും.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക