ന്യൂദല്‍ഹി : രാജ്യത്തേക്കുളള കല്‍ക്കരി ഇറക്കുമതി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. പ്രകൃതിവാതകം, എണ്ണ എന്നിവ വലിയ തോതില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും കല്‍ക്കരിയുടെ കാര്യത്തില്‍ ഇറക്കുമതി കുറഞ്ഞെന്നാണ് കണക്കുകളില്‍ കാണുന്നത്.കല്‍ക്കരി ഇറക്കുമതി ഏകദേശം 24 മുതല്‍ 25 ശതമാനം വരെ കുറഞ്ഞുവെന്നാണ് കണക്ക്.
2020ല്‍ വിദേശത്തുനിന്നുള്ള കല്‍ക്കരി ഇറക്കുമതി ഏകദേശം 248 മെട്രിക് ടണ്‍ ആയിരുന്നു. പ്രധാനമായും ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, നമീബിയ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നതെങ്കിലും ഇപ്പോള്‍ ഇറക്കുമതി 186 മെട്രിക് ടണ്ണായി കുറഞ്ഞു.
2030ഓടെ ഏകദേശം 1.5 ബില്യണ്‍ ടണ്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ കര്‍മപദ്ധതിയുടെ ലക്ഷ്യം. പുതിയ സാങ്കേതിക വിദ്യകളും രീതികളും കാര്യക്ഷമമായ പരിശീലനവും മേല്‍നോട്ടവും രാജ്യത്ത് കല്‍ക്കരി ഉല്‍പ്പാദനം വര്‍ധിക്കാന്‍ കാരണമായി. രാജ്യത്തെ മിക്കവാറും എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചതിനാല്‍ പ്രതിശീര്‍ഷ ഊര്‍ജ ഉപഭോഗവും വര്‍ധിച്ചുവരികയാണ്. അതിനാല്‍, ആഭ്യന്തര വൈദ്യുതി ഉല്പാദനത്തിനായി കല്‍ക്കരിയുടെ ആവശ്യം കൂടുന്നുണ്ട്.
രാജ്യത്തെ കല്‍ക്കരി ഉത്പാദനം പ്രധാനമായും കിഴക്കന്‍ ഭാഗങ്ങളിലും ചിലത് മധ്യ ഇന്ത്യയിലുമാണ് .എന്നാല്‍ വ്യവസായങ്ങളും ഉപഭോക്താക്കളും രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്നു. ഈ സാഹചര്യത്തിലാണ് തടസമില്ലാതെ കല്‍ക്കരി വിവിധയിടങ്ങളില്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക റെയില്‍ ഇടനാഴികള്‍ വികസിപ്പിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: