ന്യൂദല്‍ഹി: പാകിസ്ഥാനിനായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് ആരോപിക്കപ്പെട്ട ഡിആര്‍ഡിഒ ശാസ്ത്രജ്ഞന് പ്രദീപ് കുരുല്‍ക്കറുടെ (59) കസ്റ്റഡി കാലാവധി മെയ് 15 വരെ നീട്ടി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്. ആര് നവന്ദറിന്റെ കോടതിയാണ് കുരുല്‍ക്കറെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ (എടിഎസ്) കസ്റ്റഡി കാലവധി ഏഴു ദിവസത്തേക്ക് നീട്ടിയത്.
കുരുല്ക്കറില് നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ ഫോറന്‍സിക് വിശകലനത്തില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി എടിഎസ് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. ഈ ഡാറ്റ കൂടുതല്‍ വിശകലനം ചെയ്തുകൊണ്ടിരുന്നു എന്നും വ്യക്തമാക്കി. ഡിആര്‍ഡിഒയുടെ വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് നല്കിയ പരാതിയെത്തുടര്‍ന്ന് എടിഎസ് കേസ് എടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും മെയ് മൂന്നിന് കുരുല്‍ക്കറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മെയ് നാലിന് പൂനെയിലെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഇന്നുവരെ എടിഎസിന്റെ കസ്റ്റഡിയിലേ വിട്ടുനല്‍ക്കുകയായിരുന്നു. ഇന്ന് പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കിയ എടിഎസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡി കാലവധി നീട്ടണമെന്ന് ആവശ്യപ്പെട്ടു. അറസ്റ്റിനെ തുടര്‍ന്ന് കുരുല്‍ക്കറെ സസ്പെന്‍ഡ് ചെയ്തതായി ഡിആര്‍ഡിഒ അറിയിച്ചു. ചാരവൃത്തിയും ആശയവിനിമയവും സംബന്ധിച്ച ഔദ്യോഗിക രഹസ്യ നിയമത്തിലെ (ഒഎസ്എ) വകുപ്പുകള്‍ പ്രകാരമാണ് കുരുല്‍ക്കറിനെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: