മണിപ്പൂരില്‍ ഇരുഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് പലതരത്തിലുള്ള കുപ്രചാരണങ്ങളാണ് കേരളത്തിലുള്‍പ്പെടെ ആസൂത്രിതമായി നടന്നത്. സംഘര്‍ഷത്തെ, സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കെതിരെ തിരിക്കാനായിരുന്നു ബിജെപി വിരുദ്ധരുടെയും പ്രധാനമന്ത്രി നരേന്ദ്രമോദി വിരുദ്ധരുടെയും ശ്രമം. സാമൂഹ്യമാധ്യമങ്ങളില്‍ ഇത്തരം കുപ്രചരണങ്ങളുടെ കുത്തൊഴുക്കായിരുന്നു. വാസ്തവം ഇതല്ലെന്നിരിക്കെ ഇതിനെല്ലാം വന്‍പ്രചാരം ലഭിക്കുകയും ചെയ്തു. കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായിരുന്നു പ്രചാരണങ്ങള്‍ക്ക് പിന്നില്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നമ്മുടെ സൈന്യവും പോലീസും ക്രമസമാധാനം സാധാരണ നിലയിലാക്കാന്‍ രാപ്പകല്‍ ഭേദമെന്യേ പ്രവര്‍ത്തിക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയ നേട്ടത്തിനായി നുണപ്രചാരണം നടത്തുന്ന നിര്‍ഭാഗ്യകരമായ കാഴ്ചയാണുണ്ടായത്.
നേരത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ക്കും വിഘടനവാദപ്രവര്‍ത്തനങ്ങള്‍ക്കും വേദിയായിരുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. അയല്‍രാജ്യങ്ങളായ ചൈനയുടെയും പാകിസ്ഥാന്റെയും ഇടപെടലുകളാണ് ഇതിന് കാരണമായിരുന്നത്. 1949 ലാണ് മണിപ്പൂര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായത്. ഇതോടെ സംസ്ഥാനത്തെ പ്രധാന ഗോത്രവിഭാഗമായ മെയ്തേയ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പട്ടികവര്‍ഗ്ഗ പദവി നഷ്ടപ്പെട്ടു. സംസ്ഥാനത്തെ ജനസംഖ്യയുടെ 53 ശതമാനം മെയ്തേയ് വിഭാഗത്തില്‍പ്പെട്ടവരാണ്. സംസ്ഥാനത്തിന്റെ മൊത്തം ഭൂപ്രദേശത്തിന്റെ 10ശതമാനം മാത്രമുള്ള ഇംഫാല്‍ താഴ്വരയിലാണ് ഇവര്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. എസ്ടി പദവി വീണ്ടെടുക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി ഇവര്‍ സമരത്തിലാണ്.
സംസ്ഥാനത്തെ ജനസംഖ്യയിലെ മറ്റുപ്രധാനവിഭാഗങ്ങള് കുക്കികളും നാഗന്മാരുമാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 30 ശതമാനംകുക്കികളാണ്. കുക്കിചിന്സോ വംശത്തില്‍ പെട്ടവരാണ് കുക്കികള്‍. മണിപ്പൂരിലെ ചില മലയോര ജില്ലകളിലും അയല്‍സംസ്ഥാനമായ മിസോറാമിലും മ്യാന്മറിലെ സഗായിംഗ്, ചിന് പ്രവിശ്യകളിലുമാണ് ഇവര്‍ വസിക്കുന്നത്. കുക്കി വിഭാഗത്തില്‍പെട്ടവര്‍ മ്യാന്മറില് നിന്ന് അനധികൃതമായി കുടിയേറുകയും മണിപ്പൂരില്‍ സംരക്ഷിത ഭൂമി കൈവശപ്പെടുത്തുകയും ചെയ്യുന്നുവെന്ന ആരോപണവും ശക്തമാണ്. അനധികൃത കുടിയേറ്റത്തിനെതിരെ മെയ്തേയ് വിഭാഗം പ്രതിഷേധത്തിലാണ്. എന്‍ആര്‍സി നടപ്പാക്കണമെന്ന ആവശ്യവും ഇവര്‍ സര്‍ക്കാറിന് മുന്നില്‍വെച്ചിട്ടുണ്ട്. മ്യാന്മറില് നിന്നുള്ള അനധികൃത കുടിയേറ്റം കാരണം, കുക്കി ജനസംഖ്യ അതിവേഗം വര്‍ധിച്ചുവരുന്നു. മെയ്തേയ് ജനസംഖ്യ തുടര്‍ച്ചയായി കുറയുകയും ചെയ്യുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 15 ശതമാനം വരുന്ന നാഗ വിഭാഗത്തില്‍പെട്ടവര്‍ തങ്ങള്‍ അധിവസിക്കുന്ന പ്രദേശം നാഗാലാന്‍ഡുമായി സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. മെയ്തേയ് വിഭാഗക്കാരും കുക്കി വിഭാഗക്കാരും ഈ ആവശ്യത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു.
എസ്ടി പദവി ആവശ്യപ്പെട്ട് 2012ല്‍ മെയ്തേയികള്‍ പ്രക്ഷോഭം ശക്തമാക്കി. കുക്കികളും നാഗന്മാരും ഇതിനെ ശക്തമായി എതിര്‍ത്തു. കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരും സംസ്ഥാനം ഭരിച്ചിരുന്ന സര്‍ക്കാരും ഇക്കാര്യത്തില്‍ ഉറച്ച നിലപാട് സ്വീകരിച്ചില്ല. അന്നുമുതല്‍ സംസ്ഥാനത്ത് അക്രമങ്ങള്‍ സാധാരണയായിത്തീര്‍ന്നു, ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളായിരുന്നു ഇതെല്ലാം. 2012നും 2017നും ഇടയിലുണ്ടായ സംഘര്‍ഷങ്ങളില്‍ 111 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് കിടപ്പാടം നഷ്ടമായി. ക്ഷേത്രങ്ങളും ചര്ച്ചുകളുമുള്പ്പെടെയുള്ള ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. പലപ്പോഴും സംസ്ഥാനത്തെ ക്രമസമാധാനനില ആകെ കൈവിട്ടുപോവുന്ന സാഹചര്യമുണ്ടായി. ഇവിടെയാണ് 2017ല്‍ ബിജെപി സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇതോടെ കാര്യങ്ങള്‍ മാറി മറഞ്ഞു. സംസ്ഥാനവും കേന്ദ്രവും കൈകോര്‍ത്തു കൊണ്ടുള്ള ഇരട്ടഎഞ്ചിന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ വികസനകുതിപ്പിന് വഴിയൊരുക്കി. മണിപ്പൂരില്‍ വികസനവും സമാധാനവും കൊണ്ടുവന്നു. 2023ല്‍ 60ല്‍ 33 സീറ്റുകള്‍ നേടി പൂര്‍ണ ഭൂരിപക്ഷത്തില്‍ ബിജെപി ആദ്യമായി ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിച്ചു. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയാണ് ബിജെപിക്ക് ഈ വിജയം സമ്മാനിച്ചത്.
ദേശവിരുദ്ധസാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുകയും മ്യാന്മാറില് നിന്നുള്ള നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരത്തിന് തടയിടുകയും ചെയ്തു. ഇത് ഇന്ത്യാ വിരുദ്ധശക്തികളെ ചൊടിപ്പിച്ചു. അനധികൃത പോപ്പി (മയക്കുമരുന്നായ കറുപ്പ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ചെടി) കൃഷി നശിപ്പിച്ച് പഴംപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച കാമ്പയിനെതിരെയും സംരക്ഷിത വനമേഖലയില്‍ അധിവസിക്കുന്നവരെ ഒഴിവാക്കാനുള്ള നടപടികള്‍ക്കെതിരെയും ഏപ്രില്‍ അവസാനവാരം മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ മേഖലയില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു.
മെയ്തേയ് വിഭാഗം എസ്ടി പദവി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഹര്‍ജിക്കാരെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് ഏപ്രില്‍ 19ന് മണിപ്പൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മണിപ്പൂര്‍ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് ഓള് ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന് മണിപ്പൂര്‍ (എടിഎസ്യുഎം) മെയ് മൂന്നിന് ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിന് ആഹ്വാനം ചെയ്തു. ഇത് അക്രമത്തിന് വഴിമാറി. മ്യാന്മറില് നിന്നുള്ള അനധികൃത കുടിയേറ്റക്കാരായ കുക്കികള്‍ വിഘടനവാദഗ്രൂപ്പുകള്ക്കൊപ്പം ചേര്‍ന്ന് ശത്രുരാജ്യങ്ങളില്‍ നിന്നടക്കം കടത്തിയ ആയുധങ്ങള്‍ മെയ്തേയ് വിഭാഗക്കാര്‍ക്കെതിരെ പ്രയോഗിക്കുകയായിരുന്നു. പാകിസ്ഥാന് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഇരുന്ന് ഇന്ത്യാ വിരുദ്ധ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ ഇത് ഇരുമതവിഭാഗങ്ങള്‍ തമ്മിലുള്ള കലാപമായി ചിത്രീകരിച്ച്, പതിവുപോലെ ഇന്ത്യയ്ക്കെതിരെ വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിട്ടു.
മെയ്തേയ് വിഭാഗത്തിന്റെ സംവരണപ്രശ്നം മുതലെടുത്ത് നമ്മുടെ രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു ഇന്ത്യാവിരുദ്ധശക്തികള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അസ്ഥിരതയിലേക്ക് തിരികെ കൊണ്ടുപോകാനാണ് അവര്‍ ശ്രമിക്കുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിന് സര്‍ക്കാരുകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അഭൂതപൂര്‍വമായ അഭിവൃദ്ധിയിലേക്കും വികസനത്തിലേക്കും കൊണ്ടുപോകുകയാണ്. ആദ്യമായി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ദേശീയധാരയിലേക്ക് കൊണ്ടുവന്നു. കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും രാഷ്ട്രീയ ലക്ഷ്യത്തിനായി യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത പ്രചരണം നടത്തുന്നത് ഞെട്ടിപ്പിക്കുന്നതും സങ്കടകരവുമാണ്. ഇരുഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ ഭൂരിപക്ഷന്യൂനപക്ഷസംഘര്ഷമാക്കി ഇടതുമുന്നണിയും കോണ്‍ഗ്രസും നാണംകെട്ട രാഷ്ട്രീയം കളിച്ചു. അവര്‍ ഇന്ത്യാവിരുദ്ധ ശക്തികളുടെ കയ്യിലെ കളിപ്പാവകളായി മാറുകയായിരുന്നു.
സൈന്യത്തെയും അസം റൈഫിള്‍സിനെയും കാര്യക്ഷമമായി വിന്യസിച്ച് കര്‍ശന നടപടികള്‍ സ്വീകരിച്ചാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കിയത്. രാപ്പകല്‍ ഭേദമെന്യേ പരിശ്രമിച്ച് സംഘര്‍ഷം ശമിപ്പിച്ചു. ആരോടും പക്ഷപാതമില്ലാതെ, ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കാതെ, ദേശവിരുദ്ധ, സാമൂഹ്യവിരുദ്ധ ശക്തികളെ ശക്തമായി നേരിട്ട് സബ്കാ സാത്ത് സബ്കാ വികാസ് സബ്കാ വിശ്വാസിന്റെ പാതയില്‍ മുന്നേറുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: