ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ധോണിപ്പടയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് എട്ട് വിക്കറ്റ് ന്ഷ്ടത്തില്‍ 139 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് 17.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 140 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി. ജയത്തോടെ 11 കളികളില്‍ നിന്ന് 13 പോയന്റുമായി ചെന്നൈ പോയന്റ് പട്ടികയില്‍ രണ്ടാമതെത്തി. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായ 200ന് അപ്പുറമുള്ള സ്കോര്‍ ചേസ് ചെയ്ത് ജയിച്ച് മുംബൈയെ ആയിരുന്നില്ല ചെന്നൈയുടെ തട്ടകത്തില്‍ കണ്ടത്.
42 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ഋതുരാജ് ഗെയ്ക്വാദ് 16 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. അജിങ്ക്യ രഹാനെ (21), അമ്പാട്ടി റായുഡു (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ശിവം ദുബെ 18 പന്തില്‍ മൂന്ന് സിക്സടക്കം 26 റണ്‍സുമായും ധോണി മൂന്ന് പന്തില്‍ നിന്ന് രണ്ട് റണ്‍സുമായും പുറത്താകാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി പിയൂഷ് ചൗള രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 51 പന്തില്‍ ഒരു സിക്സും എട്ട് ഫോറുമടക്കം 64 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈയുടെ ടോപ് സ്കോറര്‍. നെഹാല്‍ ഉള്‍പ്പെടെ മൂന്നു പേര് മാത്രമാണ് മുംബൈ നിരയില്‍ രണ്ടക്കം കടന്നത്. സൂര്യകുമാര്‍ യാദവ് 22 പന്തില്‍ 26ഉം ട്രിസ്റ്റന്‍ സ്റ്റബ്സ് 21 പന്തില്‍ 20ഉം റണ്‍സ് നേടി. ക്യാപ്റ്റന്‍ രോഹിത്തിന് പകരം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത കാമറൂണ്‍ ഗ്രീന്‍ (6), ഇഷാന് കിഷന് (7), രോഹിത് ശര്‍മ (0) എന്നിവര്‍ മൂന്ന് ഓവറുകള്‍ക്കുള്ളില്‍ തന്നെ ഡഗ്ഔട്ടില്‍ മടങ്ങിയെത്തി.
നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മതീഷ പതിരണയാണ് ചെന്നൈക്കായി ബൗളിങ്ങില്‍ തിളങ്ങിയത്. ദീപക് ചാഹറും തുഷാര്‍ ദേശ്പാണ്ഡെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: