ഡോ.ദേവദാസ് മേനോന്/
ഡോ.സുകുമാര്‍ കാനഡ
യമദേവന് പറഞ്ഞു. ‘നല്ലൊരുദാഹരണം തന്നെയത്! പലര്‍ക്കും ചന്ദ്രപ്രകാശത്തിന്റെ പിറകിലുള്ള കാര്യം അറിയില്ല. രാത്രിയില്‍ ഭൂവസ്തുക്കളെ പ്രകാശിപ്പിക്കുന്ന ചന്ദ്രപ്രഭ, വാസ്തവത്തില്‍ കാണാമറയത്തുള്ള സൂര്യനില്‍ നിന്നുമാണുണ്ടായതെന്ന് അറിയാനവര്‍ക്ക് കഴിയുന്നില്ല.
അതുപോലെ അവബോധത്തിന്റെ പ്രഭയാണ് സകലവസ്തുക്കളെയും പ്രകാശിപ്പിക്കുന്നത്. വസ്തുക്കളില്‍ ചിലതിന് മറ്റുവസ്തുക്കളെ ഈ അവബോധപ്രഭയാല് പ്രകാശിപ്പിക്കാനും കഴിയുന്നുണ്ട് ഒരുവസ്തുവിനും അവബോധത്താല്‍ സ്വയംപ്രകാശിപ്പിക്കാനാവില്ല. വസ്തുവില്‍ അവബോധം കാണപ്പെടുന്നതായി തോന്നുന്നത് ശാശ്വതമായ അനന്താവബോധ സാന്നിദ്ധ്യം അവയില്‍ പ്രതിഫലിക്കുന്നതുകൊണ്ടാണ്. ഭൗതികശരീരം മൃത്യുവിന ്കീഴടങ്ങുമ്പോള് അതിന ്പ്രതിഫലനശേഷി തീര്‍ത്തും ഇല്ലാതാകുന്നു. സൂക്ഷ്മശരീരത്തിന്റെ അഭാവത്താലാണിങ്ങിനെ സംഭവിക്കുന്നത്. ജീവനുള്ള ദേഹത്തില്അനന്താവബോധത്തിന്റെ പ്രതിഫലനശേഷി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍പോലെ ഏറിയുംകുറഞ്ഞുമിരിക്കുന്നു. ദീര്‍ഘസുഷുപ്തി, അമാവാസിപോലെയാണ്. അപ്പോള്‍ പൂര്ണ്ണാന്ധകാരമാണല്ലോ. സൂക്ഷ്മവസ്തുക്കളായ ചിന്തകളും വികാരങ്ങളും നിന്നില്‍ പ്രകാശിക്കുന്നത് നീയതിന് അനുവദിക്കുന്നതുകൊണ്ടാണ്. അവബോധമാണവയെ പ്രകാശിപ്പിക്കുന്നത്. നീയെന്ന ഒരേയൊരു ഭോക്താവ് അനേകം വസ്തുക്കളെ അനുഭവിക്കുന്നു. പ്രകടമായദൃശ്യങ്ങള് അനുനിമിഷം മാറിയുംവന്നും പോയുമിരിക്കുമ്പോള്‍ നീയെന്ന അനന്താവബോധം മാറ്റമില്ലാത്ത സത്തയായി നിലനില്ക്കുന്നു. വസ്തുക്കളിലെ വ്യതിയാനങ്ങള്‍ നിന്നെ ബാധിക്കുന്നുണ്ടോ?’
തീര്‍ച്ചയായും ഞാനെന്ന അമൂര്‍ത്തമായ അവബോധ സാന്നിദ്ധ്യം, കാണപ്പെടുന്ന ഒന്നിനാലും ബാധിക്കപ്പെടുന്നില്ല. ആകാശത്തില്‍ വന്നുംപോയുമിരിക്കുന്ന കാര്‍മേഘങ്ങള്‍ ആകാശത്തെയെങ്ങനെ ബാധിക്കാനാണ്? ഞാന്‍ വസ്തുക്കളുമായി തെറ്റായി ഐക്യപ്പെടുമ്പോള്‍ മാത്രമേ എന്നെയവ ബാധിക്കുന്നതായി തോന്നുന്നുള്ളു. അവയുമായി താദാത്മ്യഭാവത്തിലാവുമ്പോള് ഞാന്‍ പരിമിതബോധത്തില്, കാര്‍മേഘത്തുണ്ടുപോലെ ഒഴുകിപ്പറക്കുന്നു. അനന്തമായ മഹാസത്തയില്നിന്നും അജ്ഞാനത്താല്‍ ഭ്രമിക്കപ്പെട്ട് ഞാന്‍ സ്വയം പരിമിതനായി അവരോധിക്കുന്നു. ഇങ്ങനെയുള്ള അസ്വാഭാവികമായ പരിമിതപ്പെടല്‍ സഹജമായും എന്നെ അലോസരപ്പെടുത്തുകയും എന്നില്‍ അപൂര്‍ണ്ണത അനുഭവപ്പെടുത്തുകയും ചെയ്യും. അങ്ങനെ നിസ്തന്ദ്ര സുഖാന്വേഷണത്തില്മുഴുകി നമ്മുടെ സംസാരികജീവിതം മോഹവലയത്തില്‍ നിലയുറപ്പിക്കുന്നു. അങ്ങനെ നചികേതസ് എന്ന നാമരൂപപരിമിതിയുമായി, മനുഷ്യന്, പുരുഷന്, ബാലന്, ഗൗതമപുത്രന്‍, എന്നിങ്ങനെയുള്ള വിശേഷങ്ങളുമായിഞാന് ഐക്യപ്പെടുന്നതുകൊണ്ടാണ് ഞാനെന്ന അനന്താവബോധം തെറ്റിദ്ധരിക്കപ്പെട്ടു കാണപ്പെടുന്നത്. എനിക്കോ എന്റെപിതാവിനോ വന്നുചേരുന്ന അനുഭവങ്ങളും പ്രത്യാശയും ഭയവുംഎല്ലാം എന്നെ ബാധിക്കുന്നു.
ഗുരുദേവന് എന്നെ തുടര്‍ന്നു ചിന്തിക്കാന്‍ പ്രചോദിപ്പിച്ചുകൊണ്ട് ചോദിച്ചു. ‘ഇപ്പോള്‍ എങ്ങനെയുണ്ട്? പൂര്‍ണ്ണമായും മുക്തനായി എന്നുതോന്നുന്നുണ്ടോ? ഉള്ളിലെ അലോസരങ്ങള്‍ ഇല്ലാതായോ? അപൂര്‍ണ്ണത പൊയ്പ്പോയോ? ഇനിയും നിനക്ക് വരങ്ങള്തന്നാലും അവയില്‍ നിനക്ക് ആകര്‍ഷണം തോന്നുകയില്ല അല്ലേ?’
പെട്ടെന്നുതന്നെ ഗുരുദേവന് നല്‍കാനുള്ള ഉത്തരങ്ങള്‍ എന്നില്‍ ഉണര്‍ന്നു പൊങ്ങി. ഏതെങ്കിലും വരങ്ങള്‍ ആവശ്യമുള്ള പരിമിതപ്രജ്ഞനല്ല ഞാന്‍. അനന്തതയില്‍ പൂര്‍ണ്ണനായി വിരാജിക്കുന്ന എനിക്ക് വ്യക്തിപരമായയാതൊരാശകളുമില്ല. ശരിയാണ്, ഈ ഉണര്‍വ്വിന്റെ തെളിച്ചത്തെ പിന്നീട് കാര്‍മേഘങ്ങള്‍ മറച്ചേയ്ക്കാം. ദേഹേന്ദ്രിയമനഃഉപകരണത്തിന്റെ ഏറെക്കാലമായുള്ള ശീലത്തിന്റെ പ്രതികരണമായി, പഴക്കംകൊണ്ട് സുഖദുഃഖങ്ങള്‍, ആവേശം, വിഷാദം, തുടങ്ങിയവ ആകാശത്തിലെ മേഘശകലങ്ങള്‍പോലെ ചിലപ്പോഴൊക്കെ വന്നും പോയുമിരിക്കും. എന്നിലെ ആത്മാവബോധത്തെ എത്രമാത്രം മറയ്ക്കാന്‍ അവയ്ക്കാവുന്നു എന്നതിനനുസരിച്ചാണ് അവഎന്നെ ബാധിക്കുക. ഇപ്പോള്‍ ഞാന്‍ പൂര്‍ണ്ണമുക്തനും എല്ലാവിധ മോഹവിഭ്രാന്തികളില്‍ നിന്നും സ്വതന്ത്രനുമാണ്. പക്ഷേ എന്നിലെ ഈ ഉള്ളുണര്‍വ്വ് നഷ്ടപ്പെടുവാന്‍ പോന്ന വലകളില്‍ ഞാന്‍ കുടുങ്ങിപ്പോവുന്നതെപ്പോഴെന്ന് ആര്‍ക്കറിയാം? ആത്മാന്വേഷണം എന്നിലൊരു സഹജശീലമായി മാറുമെങ്കില്‍ അങ്ങനെയുള്ള പതനങ്ങളില്‍നിന്നും പെട്ടെന്ന്തന്നെ എനിക്ക് കരകയറാന്‍ കഴിയുമെന്നാണ ്പ്രത്യാശ. ആത്മസാക്ഷാത്കാരത്തില്‍ നിസ്തന്ദ്രമായും സുദൃഢമായും നിലനില്‍ക്കേണ്ടത് എത്ര അത്യന്താപേക്ഷിതമാണെന്ന് ഞാനിപ്പോള്‍ അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: