ദുബായ്: യൂറോപ്പ് രീതിയിലുള്ള ഷെങ്കൻ വിസ മാതൃകയിൽ ഗൾഫ് രാജ്യങ്ങളിൽ പുതിയ വിസ സംവിധാനം നിലവിൽ വരുത്താനുള ശ്രമങ്ങൾ ഊർജിതമാക്കുന്നു. ദുബായിയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഇത് സംബന്ധിച്ച നിർണായക വിവരമാണ് ബഹ്റൈൻ ടൂറിസം വകുപ്പ് മന്ത്രി ഫാത്തിമ അൽ സൈ റാഫി പങ്കുവച്ചത്.
യൂറോപ്പ് മേഖലയിൽ നടപ്പിലാക്കുന്ന ഷെങ്കൻ വിസ സംവിധാനം ജിസിസി രാജ്യങ്ങളിലും പ്രാവർത്തികമാക്കാനുള്ള മന്ത്രി തല ചർച്ചകൾ പുരോഗമിക്കുന്നുണ്ട്, ഒരു ഏകീകൃത വിസ രീതി അവലംബിക്കുന്ന ചർച്ചകളാണ് പുരോഗമിക്കുന്നതെന്ന് അവർ പറഞ്ഞു. ഇത്തരത്തിലുള്ള വിസ സംവിധാനം നിലവിൽ വരുന്നത് ഗൾഫ് രാജ്യങ്ങൾക്ക് ഏറെ ഗുണകരമാണ്. യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജനങ്ങൾ പോകുന്നത് ഒരു രാജ്യത്ത് മാത്രം ചെലവിടാനല്ല മറിച്ച് ഒട്ടനവധി രാജ്യങ്ങൾ സന്ദർശിക്കാനാണ്. ഇതിന്റെ ഗുണം എത്രത്തോളമുണ്ടെന്ന് തങ്ങൾ മനസിലാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനു പുറമെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്‌ക്ക് വിനോദസഞ്ചാര മേഖല സുപ്രധാനമാണെന്ന് എല്ലാ ജിസിസി രാജ്യങ്ങളും വിശ്വസിക്കുന്നുവെന്ന് പാനൽ ചർച്ചയിൽ സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സാലിഹ് പറഞ്ഞു.
ഷെങ്കൻ രീതിയിലുള്ള വിസ സംവിധാനം യൂറോപ്പ് , യുഎസ്എ, ഏഷ്യൻ മേഖലകളിൽ നിന്നുമുള്ളവരെ ഗൾഫ് രാജ്യങ്ങളിലേക്ക് ആകർഷിക്കാൻ പ്രേരിപ്പിക്കുമെന്ന് ഗൾഫിലെ ടൂറിസം മേഖലയിലെ എക്സിക്യൂട്ടിവുകളും സാക്ഷ്യപ്പെടുത്തുന്നു. മതപരമായ ആവശ്യങ്ങൾക്ക് ഏറ്റവുമധികം ആളുകൾ പോകുന്ന രാജ്യമാണ് സൗദി അറേബ്യയെങ്കിലും ഭൂരിഭാഗം പേരും അയൽരാജ്യമായ യുഎഇ യും സന്ദർശിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഏകീകൃത വിസ സംവിധാനം നിലവിൽ വരുന്നത് സഞ്ചാരികൾക്ക് കൂടുതൽ ഗുണപ്രദമാകുമെന്നും ടൂറിസം എക്സ്പേർട്ടുകൾ വ്യക്തമാക്കുന്നു.
ഏകീകൃത വിസ സംവിധാനത്തെ എയർ, ട്രാവൽ മേഖലയിലെ അതികായകരും പൂർണ പിന്തുണയാണ് നൽകുന്നത്. ഈ വിസ സംവിധാനം നിലവിൽ വന്നാൽ ജനങ്ങൾക്ക് കൂടുതൽ യാത്ര ചെയ്യാനുള്ള അവസരം കൈവരുമെന്നും ഇതിനു പുറമെ വിവിധ മേഖലകളിൽ വിനോദ സഞ്ചാരത്തിന് കൂടുതൽ പ്രാമുഖ്യം കിട്ടുമെന്ന് വിസ് എയറിന്റെ വക്താക്കൾ പ്രതികരിച്ചു. യുഎഇ പൗരൻമാർക്ക് സൗദിയിൽ ഓൺ അറൈവൽ വിസയും ഇ വിസയും അനുവദിക്കുന്നുണ്ടെങ്കിലും ഏകീകൃത വിസ സംവിധാനം സഞ്ചാരികൾക്ക് കൂടുതൽ പ്രയോജനകരമാണെന്ന് പ്രശസ്തരായ അൽമോ സഫേർ ട്രാവൽ സംരംഭത്തിന്റെ സിഇഒ മുസാമിൽ അഹുസൈൻ പറഞ്ഞു.
ജിസിസി രാജ്യങ്ങൾക്ക് ഏറെ ഗുണപ്രദമായ കാര്യമാണ് ഏകീകൃത വിസ സംവിധാനമെന്ന് റയാൻ ടൂറിസം ഡയറക്ടർ സുനിൽ പവാർ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വർഷമായി നാല് ദിവസത്തേക്കായി നിലനിന്നിരുന്ന വിസ ഇപ്പോൾ ഏഴ് ദിവസത്തേക്കാണ്. എന്നാൽ ഇത്തരത്തിലുള്ള വിസ സംവിധാനം നിലവിൽ വന്നാൽ പതിനഞ്ച് ദിവസം വരെ സഞ്ചാരികൾക്ക് വിവിധ രാജ്യങ്ങളിൽ ചെലവിടാൻ സാധിക്കുമെന്ന് സുനിൽ പവാർ കൂട്ടിച്ചേർത്തു.
വൈശാഖ് നെടുമല
പ്രതികരിക്കാൻ ഇവിടെ എഴുതുക: