ഇറാഖ്-കുവൈറ്റ് സംഘര്ഷത്തിനിടയിലാണ് മാസങ്ങള്‍ നീണ്ട കുടിയൊഴിപ്പിക്കലിന് ഇന്ത്യ ഏര്പ്പെടേണ്ടിവന്നത്. അതിനുശേഷമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്തെ ശ്രമകരമായ കുടിയൊഴിപ്പിക്കല്‍ ആദ്യനാളുകളില്‍ കണ്ടത്. അമേരിക്കന്‍ പത്രമായ ‘വാള്‍സ്ട്രീറ്റ് ജനറലി’ന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഏറ്റവും പ്രിയപ്പെട്ട ഇന്ത്യയിലെ രാഷ്ട്രീയക്കാരി’ സുഷമ സ്വരാജാണ് അതിന് ചുക്കാന്‍ പിടിച്ചത്. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എന്ന നിലയില്‍ ലോകത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി മാറിയ അവര്‍ സിറിയയില്‍ നിന്നും മറ്റും ഭീകരരുടെ തടവറയില്‍ കഴിഞ്ഞ നിരവധി നഴ്സുമാരെ രക്ഷപ്പെടുത്തി. ഇന്ത്യയുടെ രക്ഷാദൗത്യത്തില്‍ രക്ഷകിട്ടിയത് ഇന്ത്യക്കാര്‍ക്ക് മാത്രമല്ല അന്‍പതിലേറെ രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം തേടി. കുടിയൊഴിപ്പിക്കല്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ട വിമാനങ്ങള്‍ വട്ടമിട്ട് പറന്നു.
ഇനി മോചനമില്ലെന്ന് ഉറപ്പിച്ച 46 നഴ്സുമാരെ പ്രത്യേക വിമാനത്തിലാണ് ഇറാഖിലെ സുന്നി വിമതരുടെ തടവറയില്‍ നിന്നും മോചിപ്പിച്ച് കൊച്ചിയിലെത്തിച്ചത്. ഇറാനില്‍ നിന്നും കൊച്ചിയിലെത്തിയ നഴ്സുമാരെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിമാനത്താവളത്തിലെത്തി. അഫ്ഗാന്റെ വടക്കന്‍ പ്രവിശ്യയായ ബഗ്നാലിലെ താലിബാന് തടവറയില്‍ നിന്ന് 62 പേരെയാണ് മോചിപ്പിച്ചത്. താലിബാനെതിരെ നിറയൊഴിച്ചായിരുന്നു ഈ ദൗത്യം പൂര്‍ത്തിയാക്കിയത്. നാല് താലിബാന്‍കാരെ കൊന്നു. ഇവരുടെ ആയുധശേഖരവും തകര്‍ത്തു. ഇതിനായി 36 അംഗ സൈനിക സംഘമാണ് നിയോഗിക്കപ്പെട്ടത്. താലിബാന് ബന്ധിയാക്കിയ 41 പേരെയും മോചിപ്പിച്ചു. അന്നത്തെ സംഭവങ്ങള്‍ ഏറെ ഭയപ്പാടോടെയും ആവേശത്തോടെയും മാത്രമേ ഓര്‍ക്കാന്‍ സാധിക്കൂ.
സമാന അനുഭവമാണ് ഇപ്പോള്‍ സുഡാനില്‍ നിന്നും വരുന്ന വാര്‍ത്ത. രണ്ടാഴ്ചയായി കലാപം നടക്കുന്ന സുഡാനില്‍ നിന്ന് 3862 ഇന്ത്യക്കാരെയാണ് മോചിപ്പിച്ചത്. ഈ കലാപത്തിനിടയില്‍ ഏതാണ്ട് അഞ്ഞൂറിലേറെ പേര് കൊല്ലപ്പെട്ടു. ഇന്ത്യന്‍ സംഘത്തെ രക്ഷപ്പെടുത്താനുള്ള ശ്രമകരമായ ദൗത്യത്തിന് നിയോഗിക്കപ്പെട്ടത് കേന്ദ്രമന്ത്രി വി. മുരളീധരനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയപ്പോഴാണ് വി.മുരളീധരന് ചുമതല നല്‍കിയത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ച ഉടന്‍ സുഡാനിലെത്തിയ മുരളീധരന്റെ ജോലി ജടിലമായി. വ്യോമസേനയുടെ 17 വിമാനങ്ങളും 5 യുദ്ധക്കപ്പലുകളും ദൗത്യത്തില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തമാണ് നടത്തിയത്. ജിദ്ദ വഴി കപ്പലിലും വിമാനത്തിലുമായാണ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്. പോര്‍ട്ട് സുഡാനിലും ജിദ്ദയിലും ഇതിനായി എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ മുരളീധരന് പ്രശംസനീയമാംവണ്ണം പ്രവര്‍ത്തിച്ചു. വി.മുരളീധരന്റെ പ്രവര്‍ത്തനങ്ങള്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാസ്വരാജിന്റെ ചടുലമായ നീക്കങ്ങളെയാണ് ഓര്‍മ്മിപ്പിച്ചത്. ഓപ്പറേഷന് കാവേരി എന്നാണ് ഈ രക്ഷാദൗത്യത്തിനിട്ടപേര്.
റിപ്പബ്ലിക് ഓഫ് സുഡാന് ആഫ്രിക്കയിലെ മൂന്നാമത്തെ വലിയരാജ്യമാണ്. ലോകത്തിലെ തന്നെ 16-ാമത്തെ രാജ്യവും. ആഭ്യന്തരകലാപം സുഡാനെ കുഴപ്പത്തിലാക്കിയിരിക്കുകയാണെന്ന് പറയേണ്ടതില്ലല്ലോ. സുഡാന് സൈനിക മേധാവി അബ്ദുള്‍ ഫത്താ അല്‍ബുര്‍ഹാനും പാരാമിലിട്ടറി മേധാവി മുഹമ്മദ് ഹംദാന്‍ ദഗ്ലോയും തമ്മിലുള്ള അധികാരത്തര്‍ക്കമാണ് സുഡാനെ ആഭ്യന്തര യുദ്ധത്തിലേക്ക് എത്തിച്ചത്. തലസ്ഥാനമായ ഖാര്‍ത്തുമിലെയും മീറോയിലേയും അന്തര്‍ദേശീയ വിമാനത്താവളങ്ങള്‍ വിമതരുടെ കയ്യിലാണ്. പ്രസിഡന്റിന്റെ കൊട്ടാരവും സൈനിക മേധാവിയുടെ വസതിയും തങ്ങളുടെ കയ്യിലാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ആര്‍എസ്എസും ബിജെപിയും വിഷപ്പാമ്പുകളാണെന്ന് കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരും ഓര്‍ക്കേണ്ട ഒരു കാര്യം ഒരു ആര്‍എസ്എസുകാരനും ഇല്ലാത്തരാജ്യമാണ് സുഡാന്. കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകതാല്പര്യപ്രകാരം രക്ഷിച്ചവരില്‍ ഹിന്ദുവുമുണ്ട്, ഇസ്ലാമുമുണ്ട്, ക്രിസ്ത്യാനിയുമുണ്ട്, സിഖുകാരുമുണ്ട്. ജാതിയും മതവും വര്‍ഗവും നോക്കിയല്ല രക്ഷാദൗത്യം.
സുഡാന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കേണ്ടതുണ്ടെന്ന് ഒ.ഐ.സി ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയുടെ അഭ്യര്‍ഥനപ്രകാരം സുഡാനിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജിദ്ദ ഒ.ഐ.സി ആസ്ഥാനത്ത് ചേര്‍ന്ന അടിയന്തിര എക്സിക്യൂട്ടീവ് യോഗത്തിനൊടുവില്‍ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സൈനിക സംഘട്ടനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് സുഡാനില്‍ തുടരുന്ന സംഭവവികാസങ്ങള്‍ എണ്ണ ഉല്പാദനരാജ്യങ്ങളില് സജീവ ചര്‍ച്ചയാണ്. മാനുഷിക സഹായം, പരിക്കേറ്റവര്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും പിന്തുണ, പൗരന്മാരെയും നയതന്ത്ര ദൗത്യങ്ങളെയും ഒഴിപ്പിക്കുക, അതിനായി സുരക്ഷിത മാനുഷിക പാതകള്‍ സൃഷ്ടിക്കുക എന്നിവ ഉറപ്പാക്കുന്നതിനുള്ള ഉടമ്പടി പൂര്‍ണമായി പാലിക്കാന്‍ ഒ.ഐ.സി അടിയന്തിരയോഗം ആവശ്യപ്പെട്ടു.
വന്‍തോതിലുള്ള മനുഷ്യനഷ്ടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിന്റെയും വെളിച്ചത്തില്‍ ദേശീയ താല്‍പ്പര്യത്തിന് മുന്‍ഗണന നല്കി സൈനിക മുന്നേറ്റം നിര്‍ത്തണം. പ്രതിസന്ധി പരിഹാരത്തിന് സംഭാഷണത്തിന്റെയും ചര്‍ച്ചയുടെയും മാര്‍ഗത്തിലേക്ക് എത്രയും വേഗം മടങ്ങണമെന്നും ഒഐ.സി ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരാഴ്ചക്കാലത്തേക്ക് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് സുഡാന് മുന്നേറുകയാണ്. അയല്‍രാജ്യമായ സൗത്ത് സുഡാന് സൈനിക അര്‍ദ്ധ സൈനിക നേതൃത്വവുമായി നടത്തിയ സമവായ ചര്‍ച്ചയിലാണ് തീരുമാനം. നേരത്തെ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറുകളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിലും പുതിയ പ്രഖ്യാപനത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് സുഡാന് ജനത.
സൗദിയും ഐക്യരാഷ്ട്രസഭയുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അയല്‍രാജ്യമായ സൗത്ത് സുഡാന്റെ നേതൃത്വത്തില്‍ പുതിയ നീക്കം. ഈ മാസം 11 വരെ നീളുന്ന ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിനാണ് സുഡാനിലെ സൈനിക അര്‍ദ്ധ സൈനിക നേതൃത്വങ്ങള്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. നേരത്തെ വിവിധ ഘട്ടങ്ങളില്‍ ഉയര്‍ന്നുവന്ന വെടിനിര്‍ത്തല്‍ കരാറുകള്‍ പൂര്‍ണ പരാജയം നേരിട്ടിരുന്നു.
8 ലക്ഷം പേര് പലായനം ചെയ്യുമെന്ന് ഐക്യരാഷ്ട്രസഭ കരുതുന്ന യുദ്ധം മൂലം ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകള്‍ നാടുവിട്ടു കഴിഞ്ഞു. അയല്‍ രാജ്യങ്ങളായ ഈജിപ്ത്, സൗത്ത് സുഡാന്, എത്യോപ്യ, ചാഡ് അടക്കമുള്ള രാജ്യങ്ങളും സുഡാന് യുദ്ധഭീതിയുടെ നിഴലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: