കോഴിക്കോട്: പി.ടി. ഉഷയെന്ന ലോക കായിക വേദിയിലെ കേരളത്തിന്റെ അഭിമാനത്തെ ആരെങ്കിലും അപമാനിച്ചാല്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടത് കേരളമാണ്. പക്ഷേ, ഉഷയെ ആരും എതിര്‍ക്കുകയോ തടയുകയോ ചെയ്തിട്ടില്ലെങ്കിലും അപമാനിച്ചുവെന്ന് പ്രചരിപ്പിച്ച് ആനന്ദിക്കുന്നത് ‘ഇത് കേരള’മാണെന്ന് ഊറ്റം കൊള്ളുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് സഖാക്കള്‍തന്നെ. അവര്‍ ഉഷയെ കുറ്റപ്പെടുത്തിക്കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നു, ഡിവൈഎഫ്ഐ പ്രകടനം നടത്തുന്നു, ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന് മുന്നില്‍ കോലം കത്തിച്ച് ഉഷയോട് പ്രതിഷേധിക്കുന്നു.
ഗുസ്തി താരങ്ങള്‍ ദല്‍ഹി ജന്തര്‍ മന്തറില്‍ നടത്തുന്ന പ്രതിഷേധത്തില്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ചെന്ന പി.ടി. ഉഷയ്ക്ക് അവര്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. സമരക്കാര്‍ ഒറ്റയ്ക്കും കൂട്ടായും ഉഷയുമായി സംസാരിച്ചു. വട്ടമിട്ടിരുന്ന് വര്‍ത്തമാനം പറഞ്ഞും കൂട്ടുചേര്‍ന്ന് കാര്യങ്ങള്‍ വിശദീകരിച്ചുമാണ് ഉഷ സമരപ്പന്തലില്‍നിന്ന് പിരിഞ്ഞത്. സമരക്കാരായ കായികതാരങ്ങള്‍ ഉഷയ്ക്കൊപ്പം നിന്ന് ചിത്രമെടുക്കുകയും സെല്‍ഫ് എടുക്കുകയും ചെയ്തു.
അവര്‍ക്ക് പി.ടി. ഉഷ കായിക ലോകത്തിന്റെ അഭിമാനവും ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റും രാജ്യസഭാ എംപിയുമാണ്. എന്നാല്‍, സമരപ്പന്തല്‍ സന്ദര്‍ശനം പി.ടി. ഉഷ ഒരു പ്രചാരണ പരിപാടിയാക്കാഞ്ഞതും ഒളിമ്പിക് അസോസിയേഷനിലെ പതിവ് ഇടപാടുകാരുടെ മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും ഇഷ്ടപ്പെടാഞ്ഞവരുടെ ഒരു സംഘം ഉഷയുടെ സന്ദര്‍ശനം വിവാദമാക്കുകയായിരുന്നു. അത് കേരളത്തിലെ സഖാക്കള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിച്ച് ഉഷയെ അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് വ്യക്തമാകുന്നു.
പി.ടി. ഉഷയുടെ ജന്തര്‍ മന്തര്‍ സന്ദര്‍ശനം കേരളത്തില്‍നിന്ന് നേരേ ദല്ഹിയിലത്തി സമരക്കാരെ കാണുന്ന തരത്തിലായിരുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ സാന്നിധ്യം ഒഴിവാക്കാന്‍ ആസൂത്രണമുണ്ടായിരുന്നു. അതിനാല്‍ത്തന്നെ മാധ്യമങ്ങള്‍ അറിഞ്ഞില്ല. പിന്നീട് മിറര്‍ നൗ എന്ന ടിവി ചാനലാണ് ഉഷയോടും ഒളിമ്പിക് അസോസിയേഷന് സെക്രട്ടറിയോടും സമരം സംബന്ധിച്ച് സംസാരിച്ചത്. പക്ഷേ, ഉഷ പ്രതികരണത്തിലെവിടെയും ‘ഗുസ്തി താരങ്ങള്‍ അച്ചടക്കം ലംഘിച്ചു’ എന്ന് പറഞ്ഞിട്ടില്ല. ചാനല്‍ ഇംഗ്ലീഷില്‍ എഴുതിക്കാണിച്ചപ്പോള്‍ ‘ഡിസിപ്ലിന്‍ ലംഘിച്ചു’ എന്നാണ് പ്രചരിപ്പിച്ചത്. ഇത് ഉഷ പറയാത്തതാണ്. ഇതിന്റെ പേരിലാണ് ഉഷ ഗുസ്തി താരങ്ങളെ ആക്ഷേപിച്ചുവെന്ന് വിമര്‍ശിക്കുന്നത്.
സമരപ്പന്തലില്‍നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ ഹരിയാനയിലെ റസലിങ് ഫെഷറേഷന്‍ തലവനും കോണ്‍ഗ്രസ് നേതാവുമായ ദീപേന്ദര്‍സിങ് ഹൂഡയുടെ അനുയായികള്‍ ഉണ്ടാക്കിയ തിക്കും തിരക്കും ഒഴിവാക്കി പി.ടി. ഉഷയും ഉദ്യോഗസ്ഥരും കടന്നുപോയതാണ് ചിലര്‍ പ്രചരിപ്പിക്കുന്ന വീഡിയോയും ചിത്രവും.
അതേസമയം, കഴിഞ്ഞ ദിവസം ആസ്ട്രേലിയയില്‍ നടന്ന ഒളിമ്പിക മുന്നൊരുക്ക യോഗത്തില്‍ ഗുസ്തിയും അമ്പെയ്ത്തും മത്സര ഇനങ്ങളായി നിലനിര്‍ത്താന്‍ ഉഷയുടെ നേതൃത്വത്തിലുള്ള ഒളിമ്പിക് അസോസിയേഷന് പ്രതിനിധി സംഘം ശക്തമായ നിലപാടെടുത്ത് വാദിച്ച് ഇന്ത്യന്‍ നിര്‍ദേശം നടപ്പാക്കിച്ച കാര്യം മറച്ചുവെക്കുകയാണ് തല്പര കക്ഷികള്‍. ഇന്ത്യക്ക് ഏറെ മെഡല്‍ കിട്ടാറുള്ള ഈ രണ്ട് ഇനങ്ങള്‍ ഒളിമ്പിക്സ് മത്സരങ്ങളില്‍നിന്ന് ഒഴിവാക്കുകയോ മത്സര ഇനങ്ങള്‍ കുറയ്ക്കുകയോ ചെയ്യാനുള്ള ചില രാജ്യങ്ങളുടെ പരിശ്രമങ്ങളാണ് ഉഷയും സംഘവും തകര്‍ത്തത്.
ഉഷയ്ക്കെതിരേ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ നടത്തുന്ന ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ഇതാദ്യമല്ല. സിപിഎം മഹിളാ നേതാക്കളായ പി.കെ. ശ്രീമതിയും കൂട്ടരും ഗുസ്തിത്താരങ്ങളുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു. അതിനു പുറമേ ഉഷയുടെ സന്ദര്‍ശനം സിപിഎമ്മിന്റെ അജണ്ടയ്ക്ക് ക്ഷീണമുണ്ടാക്കി.
സിപിഎം അവരുടെ രാഷ്ട്രീയ എതിരാളികളാകാന്‍ സാധ്യതയുള്ളവരെയെല്ലാം ആക്ഷേപിച്ച് അപ്രസക്തരാക്കാന്‍ നടത്തുന്ന പതിവ് പരിശ്രമങ്ങളുടെ തുടര്‍ച്ചയാണ് പി.ടി. ഉഷയോടും. ഉഷ പൊതുജന സമ്മതയായാല്, രാഷ്ട്രീയത്തില്‍ വന്നാല്‍, തെരഞ്ഞെടുപ്പില്‍ നിന്നാല്‍ എന്ന ആശങ്കയും ഭയവുമാണ് ഇതിനെല്ലാം പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മെട്രോമാന് ഇ. ശ്രീധരനെതിരേ വന്ന കുപ്രചാരണങ്ങളും സുരേഷ് ഗോപിക്കെതിരേ ഉയര്‍ത്തിയ ആക്ഷേപങ്ങളും ഈ ലക്ഷ്യത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: