കൊല്ലം: സംസ്ഥാനത്തെ തീരദേശമേഖലയുടെ ഉന്നമനത്തിനായും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനയാനം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനുമായി പ്രധാനമന്ത്രി മത്സ്യസംപദാ യോജന പദ്ധതിയില്‍ (പിഎംഎസ്എസ്വൈ) ഉള്‍പ്പെടുത്തി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കൊല്ലത്ത് നടക്കും.
നീണ്ടകര വാര്‍ഫില്‍ ഉച്ചതിരിഞ്ഞു മൂന്നു മണിക്ക് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല മുഖ്യാതിഥിയായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സംസ്ഥാന മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്, ജെ. ചിഞ്ചുറാണി എന്‍.കെ. പ്രേമചന്ദ്രന് എംപി. എംഎല്‍എമാരായ മുകേഷ്, ഡോ .സുജിത്ത് വിജയന്‍പിളള, മേയര്‍ പ്രസന്ന ഏണസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്, തുടങ്ങിയവര്‍ സംബന്ധിക്കും.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന ഫിഷറീസ് വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സുരക്ഷിതമല്ലാത്ത മത്സ്യബന്ധനയാനങ്ങളില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഘട്ടം ഘട്ടമായി സുരക്ഷിതമായതും സുസ്ഥിരമായതുമായ യന്ത്രവല്‍കൃത മത്സ്യബന്ധനരീതിയിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങളായ 10 പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന അഞ്ച് ഗ്രൂപ്പുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആഴക്കടല്‍ യാനങ്ങള്‍ നല്‍കുന്നത്. രണ്ട് ഗ്രൂപ്പുകളെയാണ് കൊല്ലം ജില്ലയില്‍ നിന്ന് തെരഞ്ഞെടുത്തിട്ടുളളത്.
പീറ്റര്‍ ആന്റണി ഗ്രൂപ്പ് ലീഡറായ ഫിഷര്‍മെന്‍ ഡെവലപ്പുമെന്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, നീണ്ടകര ഉള്‍പ്പെടുന്ന സെന്റ് സെബാസ്റ്റ്യന്‍ എന്ന യാനവും ഇഗ്നേഷ്യസ് ഗ്രൂപ്പ് ലീഡറായ ജോനകപ്പുറം മുതാക്കര മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം, മുതാക്കര ഉള്‍പ്പെടുന്ന സെന്റ് ആന്റണി എന്ന യാനവുമാണ് കൊല്ലം ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്തത്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് ചിറയിന്‍കീഴ് മുതലപ്പൊഴി സംഘത്തിലെ ഒരു ഗ്രൂപ്പിനെയും (താഴംപള്ളി ഗ്രൂപ്പ്), മലപ്പുറം ജില്ലയില്‍ നിന്ന് രണ്ടു ഗ്രൂപ്പുകളെയും (താനൂര്‍ ടൗണ്‍ തീരദേശ സംഘ ത്തിലെ ഒരു ഗ്രൂപ്പ്, തേവര് കടപ്പുറം ചീരാന്‍ കടപ്പുറം സംഘത്തിലെ ഒരു ഗ്രൂപ്പിനെയും ആണ് തിരഞ്ഞെടുത്തി രിക്കുന്നത്.
പിഎംഎസ്എസ്വൈ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് പദ്ധതി പ്രകാരം യൂണിറ്റ് ചെലവ് 120 ലക്ഷം രൂപയാണ്. അതില്‍ 40% ഗവണ്മെന്റ് സബ്സിഡിയും 24% കേന്ദ്ര വിഹിതവും 16% സംസ്ഥാന വിഹിതവും 60% ഗുണഭോക്തൃവിഹിതവുമാണ്. എന്നാല്‍ ഗുണഭോക്തൃ ഗ്രൂപ്പുകളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ച് വര്‍ദ്ധിച്ച മത്സ്യസംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങള്‍, എഞ്ചിന് ശേഷി തുടങ്ങിയ ചില അധിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി കൊച്ചിന് ഷിപ്പ് യാര്‍ഡ് രൂപകല്പന ചെയ്ത ഒരു യാനത്തിന്റെ വില 157 ലക്ഷം രൂപയായി ഉയര്‍ന്നു.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണഭോക്തൃവിഹിതം വഹിക്കാന്‍ കഴിവില്ലാത്ത സാഹചര്യം പരിഗണിച്ച് , സബ്സിഡി കൂടാതെ ഓരോ യൂണിറ്റിനും സംസ്ഥാന സര്‍ക്കാര്‍ 30.06 ലക്ഷം (ഗുണഭോക്തൃവിഹിതത്തിന്റെ 30%) രൂപയുടെ അധിക ധനസഹായം കുടി അനുവദിച്ചിട്ടുണ്ട്. ഗുണഭോക്തൃവിഹിതത്തിന്റെ ബാക്കി 70% തുക മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി (സിഎംഇഡിപി) യിലൂടെ കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് വഴി 5% പലിശ നിരക്കില്‍ വായ്പയായും അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: