ഡോ.ദേവദാസ് മേനോന്‍/
ഡോ.സുകുമാര്‍ കാനഡ
ഞങ്ങള്‍ നേരത്തേ ചര്‍ച്ചചെയ്തതനുസരിച്ചും എന്റെ ചിന്തകളില്‍നിന്നും എനിക്ക് അറിയാനായത് എല്ലാവ്യക്തിഗത അനുഭവങ്ങളും വൈവിദ്ധ്യമാര്‍ന്ന ആകൃതികളും, നിറങ്ങളും സ്പര്‍ശവും, സ്വാദും മണവുമടക്കം സകലതും എന്റെ മനസ്സിലെ വിക്ഷേപം മാത്രമാണെന്നാണ്. മനസ്സിനപ്പുറം ഭൗതികവസ്തുക്കള്‍ എന്തെങ്കിലും ഉണ്ടെന്ന് തെളിയിക്കുക അസാദ്ധ്യമാണ്. അങ്ങ് ദൂരെയുള്ള നക്ഷത്രങ്ങളടക്കം എല്ലാമെല്ലാം നാം അനുഭവിക്കുന്നത്ഇവിടെയാണ്. മനസ്സാണ് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ദൃശ്യമായി കാണുന്ന ദൃഷ്ടാവ്. മനസ്സ്, ഇന്ദ്രിയങ്ങള്‍സംവദിക്കുന്ന,ലോകമെന്ന പ്രതീതിയുണ്ടാക്കുന്ന എല്ലാവിധ ഇന്ദ്രിയാനുഭവങ്ങളില്‍നിന്നും വേറിട്ട്, സ്വതന്ത്രമായാണ് നില്‍ക്കുന്നത്. കണ്ണിന് കാണാനും, ചെവിക്ക് കേള്‍ക്കാനും ഉള്ളകഴിവിന്റെ ഏറ്റക്കുറച്ചിലുകള്‍ നിരീക്ഷിക്കുവാനും മനസ്സിന് കഴിയും. മറ്റ് ഇന്ദ്രിയങ്ങളും മനസ്സിന്റെ നിരീക്ഷണത്തിലാണ്. ഇതുകൂടാതെ മനസ്സ് സ്വയംസങ്കല്‍പ്പിച്ചെടുക്കന്ന, സദാ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന മറ്റു വിക്ഷേപങ്ങളുമുണ്ട്. അത് ഓരോ വ്യക്തിക്കുംവെവ്വേറെ വിധത്തിലായിരിക്കും. എന്നാല്‍ പുറത്തുള്ള ഭൗതികലോകത്തിന്റെ വിക്ഷേപം മറ്റുള്ളവര്‍ക്കുകൂടി പൊതുവായികാണാവുന്നതാണ്. കാരണം, മാനസീകമാണ് എല്ലാ അനുഭവങ്ങളുമെങ്കിലും ഭൗതികവസ്തുക്കളുടെ അനുഭവം പങ്കുവെയ്‌ക്കാവുന്നവയായി തോന്നുന്നുണ്ട്. തീര്‍ച്ചയായും, പങ്കുവയ്‌ക്കപ്പെടുന്ന അനുഭവങ്ങള്‍സംവദിക്കുന്നത്, വ്യക്തികളുടെ പാരസ്പര്യം, വ്യവഹാരം എന്നിവയെ അവലംബിച്ചാണ്. പക്ഷേ എന്റെ ഗുരുനേരത്തേ ചൂണ്ടിക്കാണിച്ചതുപോലെ സ്വപ്‌നത്തില്‍ ഇതുതന്നെയാണ് സംഭവിക്കുന്നത്. ആരാണ് വാസ്തവത്തില്‍ സ്വപ്‌നംകാണുന്നതും അനുഭവിക്കുന്നതും? പൊതുവേ കരുതുത് സാധകന്‍ സ്വയമാണ് സ്വപ്‌നത്തിനെദര്‍ശിക്കുന്ന ദൃക്ക്, എന്നാണ്. അതുപോലെ ജാഗ്രദ് ആയ വിശ്വം ഈശ്വരന്‍ കാണുന്ന സ്വപ്‌നം ആണ് എന്നുപറയാം.
ഗുരുപറഞ്ഞു: ‘അത്ഭുതം! അത്ഭുതം! നിനക്ക് ഞാന്‍ പറഞ്ഞകാര്യങ്ങള്‍ നന്നായി മനസ്സിലായിരിക്കുന്നു. നിന്റെവാക്കുകള്‍ക്ക് സ്വാനുഭവത്തിന്റെ, നേരറിവിന്റെ തെളിച്ചമുണ്ട്. നിന്റെ ആന്തരികമായ ആത്മീയ സഞ്ചാരം ഇനിയും ആഴത്തില്‍ തുടരുക. മനസ്സിനെ, ഒരുവസ്തുവായി കാണുന്നത് ആരാണ്? മനസ്സ് മാത്രമല്ല, ബുദ്ധിയും, അതിനോടു ചേര്‍ന്ന സൂക്ഷമവസ്തുക്കളും ഈ അന്വേഷണത്തിന് വിധേയമാക്കുക. മനസ്സിന് ചിന്തകളും വികാരങ്ങളും ഉണ്ടാക്കാന്‍ ഭൗതികവസ്തുക്കള്‍ വേണമെന്നില്ല. ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനവും അത്യന്താപേക്ഷിതമല്ല. പൂര്‍വ്വാര്‍ജിതങ്ങളായ സ്മരണകളും, സഹജധാരണകളും ഓര്‍മ്മകളുടെ ശേഖരത്തില്‍ നിന്നെന്നപോലെ മനസ്സിന ്എപ്പോള്‍ വേണമെങ്കിലും വിക്ഷേപത്തിനായി, ലോകാനുഭവസൃഷ്ടിക്കായി ഉപയോഗിക്കാം. കുറച്ച്കൂടി ഉയര്‍ന്ന മനസ്സെന്ന് പറയപ്പെടുന്ന മേധാശക്തിക്ക് തീരുമാനങ്ങള്‍ എടുക്കാനായി മനസ്സിന്റെ വിക്ഷേപങ്ങള്‍കാണാം, മാത്രമല്ല, അമൂര്‍ത്താശയങ്ങള്‍ സൃഷ്ടിക്കാനും, സങ്കല്‍പ്പനങ്ങളും നവീനചിന്തകളും ഉണ്ടാക്കാനും കഴിയും. ബുദ്ധിയുടെ ഈ ദൃശപ്രാഭവങ്ങള്‍ എല്ലാം ലോകത്തില്‍ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ക്ക്, സംഭാവനകള്‍ക്ക്, വഴിവയ്‌ക്കുന്നു. ബുദ്ധിയ്‌ക്കും ഉപരിയായ ഒരുതലത്തില്‍ വ്യക്തിക്ക് നേരറിവിലേയ്‌ക്ക് ഉണരാനാവും. ചിന്തകളും കാര്യകാരണവിശകലനങ്ങളും അവസാനിക്കുമ്പോള്‍ ഉള്ളുണര്‍വ്വിന്റെ മണ്ഡലത്തിലേക്കാണ് നാമുയര്‍ത്തപ്പെടുന്നത്. മേധാശക്തിയ്‌ക്ക് അതീതമായി ‘അഹം’ഉണ്ട്. അതാണ് വേറിട്ടൊരു സ്വത്വബോധം, അനന്യമായ ഒരുവ്യക്തിത്വം, ഉണ്ടാക്കുന്നത്. ഞാന്‍ എന്നും എന്റെ എന്നുമുള്ള തോന്നല്‍, കര്‍ത്തൃത്വം, ഭോക്തൃത്വം, എന്നിവഅഹത്തിന്റെ ഭാഗമാണ്. മനസ്സ്, സ്മരണകളുടെ ശേഖരം, ബുദ്ധി, അഹം, എന്നിവ ചേര്‍ന്നതാണ് മനഃഉപകരണം. ഈസൂക്ഷ്‌മോപകരണമാണ് സൂക്ഷ്മദേഹത്തിന്റെ അതിസൂക്ഷ്മമായ അംശം. പഞ്ചേന്ദ്രിയങ്ങളുടെയും കമ്മേന്ദ്രിയങ്ങളുടെയും ചാലകശക്തി, സ്ഥൂലശരീരത്തെ പ്രവര്‍ത്തിപ്പിക്കുന്ന പ്രാണന്‍ എന്നിവയാണ് സൂക്ഷ്മശരീരത്തിന്റെ മറ്റ്ഘടകങ്ങള്‍.’
കണ്‍കളില്‍ തിളക്കത്തോടെ ഗുരുതുടര്‍ന്നു. ‘ഇപ്പറഞ്ഞ ഓരോ പ്രാഭവങ്ങളെയും നിയന്ത്രിക്കാനായുള്ള അദ്ധ്യക്ഷസ്ഥാനങ്ങള്‍ക്കായി ഓരോരോ ദേവതകളെ നിയോഗിച്ചിട്ടുണ്ട്. അതത് ദേവതകളെ പ്രീതിപ്പെടുത്തുവാനുംആഗ്രഹാനുസാരം അവരില്‍ നിന്നും അനുഗ്രഹങ്ങള്‍ നേടുവാനുമായി നിയതമായ ആചാരക്രമങ്ങളും പൂജാവിധികളും ഉണ്ട്. ഏതെങ്കിലും, നാമരൂപനിയതമായ ദേവതാസങ്കല്‍പ്പങ്ങളില്‍ വിശ്വാസമുണ്ടെങ്കിലും ഇല്ലെങ്കിലുംഅത്തരം ആഗ്രഹങ്ങള്‍ ഒരുവനില്‍ അങ്കുരിക്കുമ്പോള്‍ത്തന്നെ അതത് ദേവതമാര്‍ ആവാഹിക്കപ്പെടുന്നു. നിനക്ക് ആലോചിച്ചാലറിയാം അവസാനശ്വാസം എടുക്കുന്നതിന്റെ ഭീതിയില്‍ മൃത്യുദേവതയായ എന്നെ എത്രയെത്ര പേരാണ് അനുനിമിഷം ആവാഹിക്കുന്നത്?’
സൂക്ഷ്മദേഹത്തെക്കുറിച്ചുള്ള വിശദീകരണത്തെപ്പറ്റി ഞാന്‍ കൂടുതല്‍ ചിന്തിച്ചു. തീര്‍ച്ചയായും അത് സ്ഥൂലദേഹത്തില്‍നിന്നും ഏറെ വ്യത്യസ്ഥമാണ്. ഭൗതികദേഹത്തെ വിസ്മയകരമായി ചടുലമാക്കാനും അതിനു ചൈതന്യമേകാനും ശ്വാസകോശം, ഹൃദയം, തലച്ചോറ്, നാഡീവ്യൂഹം, രക്തചംക്രമണപദ്ധതി, എന്നിവയിലൂടെ കടന്നുപോകുന്ന പ്രാണശക്തിയാണ് ഏറ്റവും പ്രധാനമായുള്ളത്. ഈ പ്രാണശക്തിയാണ് എല്ലാ ജീവജാലങ്ങള്‍ക്കും നിലനില്‍ക്കാനും അതിജീവനത്തിനുമുള്ള സഹജമായ പ്രേരണയും ശക്തിയുമാകുന്നത്. പിന്നെയുള്ളത്പുറത്തുനിന്നും സൂക്ഷ്മശരീരത്തിലേക്ക് വിവരങ്ങള്‍ എത്തിക്കുന്ന അഞ്ച് ഇന്ദ്രിയങ്ങളുടെ ഒരു സംഘാതമാണ്. ഇതുകൂടാതെ ദേഹമനസ്സുകളില്‍ നിന്നുമുള്ള സംസാരശക്തിയടക്കം എല്ലാ പ്രതികരണങ്ങളെയും, സൃഷ്ടിക്കുന്ന, അവയവങ്ങളെ പ്രവര്‍ത്തനോമുഖമാക്കുന്ന, ബാഹ്യലോകവുമായി സംവദിക്കാനുതകുന്ന ഒരു ഇന്ദ്രിയസംഘാതവുമുണ്ട്.
പിന്നെയുള്ളത് നാലു ഘടകങ്ങള്‍ ഉള്ള അന്തര്‍മനഃ ഉപകരണമാണ്. അതാണ് ജീവിയെ ചൈതന്യവത്തായി, വ്യക്തമായ ധാരണയോടെ, തീരുമാനങ്ങള്‍ എടുക്കുവാനുള്ള സ്പഷ്ടമായ സ്വാതന്ത്ര്യത്തോടെ, ആത്മശക്തിയോടെ, അതിജീവിക്കാന്‍ പര്യാപ്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: