ന്യൂദല്‍ഹി : ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷ ദല്‍ഹിയിലെ ജന്തര്‍മന്തറിലെത്തി സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചാണ് 11 ദിവസമായി സമരം. അതിനിടെ ഒരാള്‍ ഉഷയുടെ വാഹനം തടയുകയും ചെയ്തു. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നീക്കി.
കേസില്‍ അന്വേഷണം വൈകുന്നതില്‍ ഗുസ്തിക്കാര്‍ കഴിഞ്ഞ ദിവസം രോഷം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഉഷയുടെ സന്ദര്‍ശനം.മുന്‍ സ്പ്രിന്റ് താരം ഉഷയും ബോക്സിംഗ് താരമായ മേരി കോമും തങ്ങള്‍ക്ക് അനുകൂലമായി രംഗത്ത് വരാത്തതില്‍ അവര്‍ രോഷവും പ്രകടിപ്പിച്ചു.
ലൈംഗികാരോപണം അന്വേഷിക്കാന്‍ കായിക മന്ത്രാലയം ചുമതലപ്പെടുത്തിയ മേരികോം ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ തന്നെ പരാതിക്കാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നുവെന്ന് മേരികോം പറഞ്ഞു.
അതേസമയം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്(ഐഒഎയുടെ) അത്ലറ്റ്സ് കമ്മീഷന് അംഗം ഓം പ്രകാശ് കര്‍ഹാന ഗുസ്തിക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. അവകാശങ്ങള്‍ക്കായി പോരാടുന്ന അത്ലറ്റുകള്‍ക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഗുസ്തിക്കാരുടെ ആരോപണങ്ങള്‍ ഗൗരവത്തിലെടുക്കാത്തത് ഇന്ത്യന്‍ കായികരംഗത്തെ ദോഷകരമായി ബാധിക്കുമെന്ന് മുന്‍ ഷോട്ട്പൂട്ട് താരവും ദേശീയ റെക്കാഡ് ജേതാവും ഏഷ്യന്‍ ചാമ്പ്യനുമായ കര്‍ഹാന പറഞ്ഞു, അത്ലറ്റുകള്‍ക്ക് സംവിധാനത്തിലുളള വിശ്വാസം നഷ്ടപ്പെടും.
‘ഞാന്‍ അത്ലറ്റ്സ് കമ്മീഷനെ പ്രതിനിധീകരിച്ചല്ല സംസാരിക്കുന്നത്. എന്നാല്‍ എന്റെ വ്യക്തിപരമായ നിലപാട് അത്ലറ്റുകള് അവരുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ രംഗത്തിറങ്ങിയിട്ടുണ്ടെങ്കില്, രാജ്യത്തെ സംവിധാനം അവര്‍ക്ക് എത്രയും വേഗം നീതി ലഭ്യമാക്കണമെന്നാണ്-കര്‍ഹാന പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: