കുമളി : ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാറിലേക്ക് കാടുകയറ്റിയ അരിക്കൊമ്പനെ കാട്ടില്‍ എവിടെയാണെന്ന് കണ്ടെത്താനായില്ല. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ കഴിഞ്ഞ ദിവസം രാത്രിമുതല്‍ ലഭിക്കുന്നില്ല. ഒടുവില്‍ സിഗ്നല്‍ ലഭിച്ചത് കേരള – തമിഴ്നാട് അതിര്‍ത്തിയിലായിരുന്നു.
കാലാവസ്ഥ പ്രതികൂലമായതിനാലാണ് സിഗ്നല്‍ നഷ്ടപ്പെട്ടതെന്നാണ് വിലയിരുത്തല്‍. ഇത് കൂടാതെ ഇടതൂര്‍ന്ന മരങ്ങളുള്ള വനത്തിലാണെങ്കില്‍ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കില്ലെന്നും വിദഗ്ധര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ഇടുക്കിയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ ഉണ്ടായിരുന്നു. ഇതാകാം സിഗ്നല്‍ നഷ്ടമാകാന്‍ കാരണമന്നാണ് കരുതുന്നത്. തമിഴ്നാടിലെ മാവടിയില്‍ നിലവില്‍ അരിക്കൊമ്പന് ഉണ്ടാകാം എന്നാണ് വിലയിരുത്തല്‍.
കേരള തമിഴ്നാട് അതിര്‍ത്തി പ്രദേശമായ മാവടിയിലാണ് അവസാനമായി അരിക്കൊമ്പനില്‍ ഘടിപ്പിച്ച കോളറില്‍ നിന്ന് സിഗ്നല്‍ ലഭിച്ചത്. അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടശേഷം ഓരോ മണിക്കൂറിലും ഇടവിട്ട് സാറ്റലൈറ്റ് കോളറില്‍ നിന്നുള്ള സിഗ്നല്‍ ലഭിച്ചിരുന്നതാണ്. കഴിഞ്ഞദിവസം ഏഴ് കിലോമീറ്ററോളം ആന സഞ്ചരിച്ചിട്ടുമുണ്ട്. ഇതുവരെ ജനവാസമേഖലയിലേക്ക് ആന ഇറങ്ങിയിട്ടില്ല. കാട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുകയോ കാലാവസ്ഥ അനുകൂലമാകുകയോ ചെയ്താല്‍ സിഗ്നല്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. രണ്ട് ടീമുകളായി തിരിഞ്ഞ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം അരിക്കൊമ്പന് ചിന്നക്കനാലിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗം ഡോ. പി.എസ്. ഈസ പ്രതികരിച്ചു. പെരിയാര്‍ കടുവ സങ്കേതത്തെക്കാള്‍ പറമ്പിക്കുളം തന്നെയായിരുന്നു അരിക്കൊമ്പനെ മാറ്റിപ്പാര്‍പ്പിക്കാനുള്ള മിക്കച്ച ഇടം. പറമ്പിക്കുളത്ത് അനാവശ്യമായി ജനങ്ങള്‍ പ്രശ്നമുണ്ടാക്കിയതോടെയാണ് അത് മാറ്റേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. അരിക്കൊമ്പന് പേര് തന്നെ വന്നത് വട്ടപ്പേര് കൊടുക്കുംപോലെയാണ്. അരി മാത്രം തിന്നുന്ന ആനയെന്ന് പ്രചാരണം ഉണ്ടായി. ആന പിണ്ഡത്തില്‍ ഒരു തരി അരി പോലും ഉണ്ടായിരുന്നില്ല. ഇത്തരത്തില്‍ പ്രചാരം കൊടുക്കാതെ കാര്യങ്ങള്‍ ചെയ്യണമായിരുന്നുവെന്നും ഈസ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: