കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി (എന്‍എസ്ക്യൂഎഫ്) സ്കീമിലെ ആരോഗ്യ സെക്ടറിലെ മികച്ച കോഴ്സായ ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് വര്‍ക്കര്‍ (എഫ്എച്ച്ഡബ്യു) എന്ന കോഴ്സിന്റെ പ്രായോഗിക പരീക്ഷ ഇതുവരെ നടത്തിയിട്ടില്ല. ഇത് പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് നാഷണല്‍ ടീച്ചേഴ്സ് യൂണിയന് (എന്‍ടിയു) കുറ്റപ്പെടുത്തി. മെയ് 25ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിക്കാനിരിക്കുകയാണ്.
പ്രായോഗിക പരീക്ഷയുടെ ഡേറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല. 3500ഓളം ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) വിദ്യാര്‍ഥികളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത നാഷണല്‍ സ്കില്‍ ക്വാളിഫൈയിം ഫ്രെയിം വര്‍ക്ക് (എന്‍എസ്ക്യൂഎഫ്) കേരളത്തില്‍ നടപ്പാക്കിയപ്പോള്‍ പഴയ വൊക്കേഷണല്‍ ഹയര്‍ സെക്കന്ഡറികളെ മുഴുവനും ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) എന്ന് പേരു മാറ്റി ഒരു ഡയറക്ടര്‍ക്ക് കീഴിലാക്കുകയായിരുന്നു. യഥാകാലം പരിഷ്കരിക്കാവുന്ന കോഴ്സുകള്‍ കോര്‍ത്തിണക്കി ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനൊ
പ്പം ഒരു വിഷയത്തില്‍ ദേശീയ നൈപുണ്യ സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥിക്ക് ലഭ്യമാകുകയാണ് കോഴ്സിന്റെ ഘടന. അതുവഴി തൊഴില്‍ നൈപുണി സംസ്കാരം സ്കൂള്‍തലത്തില്‍ വളര്‍ത്തുന്ന ദേശീയ കാഴ്ചപ്പാടാണ് ഇതിനു പിന്നില്‍. എന്നാല്‍, ഈ വര്‍ഷം ഇതുവരെ ഈ പരീക്ഷ നടത്താത്തത് കേന്ദ്ര സര്‍ക്കാരിന്റെ പാഠ്യപദ്ധതി കേരളത്തില്‍ നടപ്പാക്കാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്.
ഇതുവഴി വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് തൊഴില്‍ നൈപുണി പരിചയമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാവുന്ന ധാരാളം തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കപ്പെടും. നിലവിലത്തെ സാഹചര്യത്തില്‍ ആരോഗ്യ സെക്ടറിലെ ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് വര്‍ക്കര്‍ പ്രായോഗിക പരീക്ഷ നടക്കാത്തതിന് കാരണം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന (എന്‍എസ്ക്യൂഎഫ്) മാനദണ്ഡങ്ങള്‍ കേരളം തെറ്റിച്ചതാണ്. 110 സ്കൂളുകളിലായി 3500ഓളം ഹയര്‍ സെക്കന്‍ഡറി തല വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായത്.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് സ്വന്തം നിലയില്‍ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ള സാഹചര്യം ഉണ്ടായിട്ടുപോലും വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ നടപടി ഉണ്ടാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് നാഷണല്‍ ടീച്ചേഴ്സ് യൂണിയന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. പരീക്ഷ അടുത്തപ്പോള്‍ ഡയറക്ടറേറ്റ് തലത്തില്‍ പരീക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിന് കാരണമാകുന്നുണ്ട്. വിദ്യര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടി തിരുത്തണമെന്നും അനൂപ് കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: