ന്യൂദല്‍ഹി: രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ബുദ്ധപ്രതിമ ഈജിപ് തിലെ ഖനനത്തില്‍ കണ്ടെത്തി. ഇന്ത്യയും ഈജിപ്തും തമ്മില്‍ പുരാതനകാലം മുതലുള്ള സാംസ്കാരിക വിനിമയത്തിന്റെ അടയാളമാണ് ഈ കണ്ടെത്തലെന്ന് വിദഗ്ധര്‍. റോമന്‍ ചക്രവര്‍ത്തിമാര്‍ ഇന്ത്യയുമായി വ്യാപാരബന്ധങ്ങള്‍ നടത്തിയിരുന്ന ഈജിപ്തിലെ പുരാതന തുറമുഖ നഗരമായ ബെറെനിസില് നിന്നാണ് ബുദ്ധപ്രതിമകള്‍ കണ്ടെത്തിയത്.
ബെറെനിസിലെ പ്രാചീന ക്ഷേത്രഭൂമിയിലെ ഖനനത്തിനൊടുവില്‍ പോളിഷ്-യുഎസ് പ്രതിനിധിസംഘമാണ് വിലയേറിയ ഈ പ്രതിമകളുടെ പഴക്കം നിര്‍ണയിച്ചതെന്ന് കേന്ദ്ര പുരാവസ്തുമന്ത്രാലയം അറിയിച്ചു. റോമന്‍ കാലഘട്ടത്തില്‍ ഭാരതവുമായുണ്ടായിരുന്ന അടുത്ത ബന്ധത്തിന്റെ അടയാളമാണിതെന്ന് ഈജിപ്തിലെ പുരാവസ്തു കൗണ്‍സില്‍ മേധാവി മുസ്തഫ അല്‍ വാസിരി പറഞ്ഞു.വലത് വശവും വലതുകാലും ഇല്ലാത്ത നിലയിലാണ് പ്രതിമ കണ്ടെടുത്തത്.
71 സെന്റിമീറ്ററാണ് ഉയരം. ശിരസിന് ചുറ്റും പ്രകാശവലയം ചിത്രീകരിച്ചിട്ടുണ്ട്. ശരീരത്തിന്റെ വശത്തായി താമരപ്പൂവ് കൊത്തിയിട്ടുണ്ട്. റോമന്‍ കാലത്തെ ഈജിപ്തിലെ ഏറ്റവും വലിയ തുറമുഖപട്ടണമായിരുന്നു ബെറെനിസെന്ന് വാസിരി ചൂണ്ടിക്കാട്ടി. ബെറെനിസിലെ പുരാതനക്ഷേത്രങ്ങളില്‍ സംസ്കൃതത്തിലുള്ള ലിഖിതങ്ങളും ശതവാഹനന്റെ കാലത്തെ നാണയങ്ങളും നേരത്തെ കണ്ടുകിട്ടിയിരുന്നു.
ഇന്ത്യയില്‍ നിന്ന് യുദ്ധത്തിനുപയോഗിച്ചിരുന്ന ആനകളുടെയും കുരുമുളക്, വിലയേറിയ രത്നകല്ലുകള്‍, പട്ടുവസ്ത്രങ്ങള്‍ എന്നിവ ഇവിടെ എത്തുമായിരുന്നുവെന്നും ഇന്ത്യ, ശ്രീലങ്ക, അറേബ്യ എന്നിവിടങ്ങളിലേക്കുള്ള പ്രധാന യാത്രാകേന്ദ്രമായിരുന്നു ഈ നഗരമെന്നും ഈജിപ്ഷ്യന്‍ പുരാവസ്തുവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: