എ. വിനോദ്
എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്നു ചില പാഠഭാഗങ്ങള്‍ നീക്കം ചെയ്തതിനെതിരെ കേരളത്തില്‍ വലിയ ചര്‍ച്ച നടക്കുകയാണ്. സംസ്ഥാന കരിക്കുലം കമ്മിറ്റിയിലും ഇത് ചര്‍ച്ചാ വിഷയമായി. ചര്‍ച്ചയില്‍ പ്രത്യേകിച്ച് തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ലായെങ്കിലും, ദൃശ്യ മാധ്യമങ്ങളില്‍ പുതിയ പാഠപുസ്തകങ്ങള്‍ കേരളം പ്രസിദ്ധീകരിക്കും എന്ന രീതിയില്‍ വലിയ പ്രാധാന്യത്തോടുകൂടിയാണ് വാര്‍ത്ത പ്രചരിപ്പിച്ചു കണ്ടത്. അടുത്ത ദിവസത്തെ പത്രങ്ങളിലും വലിയ വാര്‍ത്തകള്‍ ഇതു സംബന്ധിച്ചുണ്ടായി.
മധ്യകാലഘട്ടമില്ലാത്ത ചരിത്രവും മുഗള്‍ രാജാക്കന്മാരെ പ്രതിപാദിക്കാത്ത ഭാരത ചരിത്രവും ചരിത്രം തന്നെ അല്ലെന്നാണ് ചിലരുടെ വാദഗതി. മുഗള്‍ ഭരണാധികാരികള്‍ മുസ്ലിം മത വിശ്വാസികള്‍ ആയതിനാല്‍ മുഗള്‍ രാജാക്കന്മാരെ നീക്കം ചെയ്യുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാറിന്റെ മുസ്ലിം വിരുദ്ധ നിലപാടായി വ്യാഖ്യാനിക്കാനും ശ്രമം നടക്കുന്നു. വിദ്യാഭ്യാസ പണ്ഡിതന്മാര് എന്ന പേരില്‍ ഏതാനും കമ്മ്യൂണിസ്റ്റുകാരും അവരുടെ സഹയാത്രികരും ഒപ്പിട്ട നിവേദനം സര്‍ക്കാറിന് അയച്ചു എന്നും സംയുക്ത പ്രസ്താവന നടത്തി എന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് വിഷം ചീറ്റാനുള്ള രാഷ്ട്രീയ ശ്രമമാണിത്. സത്യം നേരെ വിപരീതമാണ്. ഇന്നത്തെ കാലത്ത് സത്യം കണ്ടെത്താന്‍ ബുദ്ധിമുട്ടൊന്നുമില്ല. കാര്യങ്ങള്‍ ഡിജിറ്റല്‍ രംഗത്ത് ലഭ്യമാണ്. എന്താണ് ഈ വിവാദങ്ങള്‍ക്ക് പിറകിലെ വസ്തുത എന്ന് പരിശോധിക്കാം.
ഇപ്പോഴുള്ള എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ 17 വര്‍ഷം മുമ്പ് നിലവില്‍ വന്നവയാണ്. കൊറോണ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠന ഭാരത്തെക്കുറിച്ച് വ്യാപകമായ പരാതികള്‍ വിവിധ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. ഈ പരാതികളെല്ലാം പരിശോധിച്ച പാര്‍ലമെന്ററി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി പഠനഭാരം ലഘൂകരിക്കുന്നതിനായി പാഠപുസ്തകങ്ങളുടെയും അതുപോലെതന്നെ പാഠപുസ്തകത്തിലെ ഉള്ളടക്കത്തെയും യുക്തിഭദ്രമായി ലഘൂകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന എന്‍സിഇആര്‍ടിക്കും സംസ്ഥാന തലങ്ങളില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന എസ്സിഇആര്‍ടിക്കും നിര്‍ദ്ദേശങ്ങള്‍ നല്കപ്പെട്ടിരുന്നു.
എന്‍സിഇആര്‍ടി അതിന് പ്രകാരം 2021 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ അവരുടെ പാഠപുസ്തകങ്ങള്‍ ഉപയോഗിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെ അധ്യാപകരുമായും ഈ വിഷയത്തിലെ വിദഗ്ധരുമായും എന്‍സിഇആര്‍ടിയിലെ തന്നെ വിവിധ വിഷയ പ്രമുഖരുമായും ചര്‍ച്ച നടത്തുകയും, പാഠപുസ്തകങ്ങള്‍ വിഷയാടിസ്ഥാനത്തില്‍ വിലയിരുത്തി പഠന ഭാരം കുറയ്ക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കാന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനായി ഒരു മാനദണ്ഡം രൂപീകരിക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. ഇത് പ്രകാരം 6 മാനദണ്ഡങ്ങളാണ് വിദഗ്ധസമിതി നിര്‍ദേശിച്ചത്. ഒന്ന്: ഒരേ ക്ലാസ്സില്‍ വ്യത്യസ്ത വിഷയങ്ങളിലായി ഒരേ ഉള്ളടക്കം ഉണ്ടെങ്കില്‍ അതില്‍ ഒരു ഭാഗത്തുനിന്നു പ്രസ്തുത ആശയം/പ്രമേയം നീക്കം ചെയ്യുക. രണ്ട്: ഒരേ ഉള്ളടക്കം വ്യത്യസ്ത ക്ലാസുകളിലായി ഒരേ വിഷയത്തില്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഒരു ക്ലാസില്‍ നിന്ന് അത് നീക്കം ചെയ്യുക. മൂന്ന്: കുട്ടികള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന പാഠഭാഗങ്ങള്‍ നീക്കം ചെയ്യുക. നാല്, വളരെ ലളിതമായതും ഇന്നത്തെ സാഹചര്യത്തില്‍ അധ്യാപകരുടെ നേരിട്ടുള്ള മാര്‍ഗനിര്‍ദേശം കൂടാതെ തന്നെ ഓണ്‍ലൈനില്‍ നിന്നും മറ്റ് സ്രോതസുകളില്‍ നിന്നും ശേഖരിക്കാവുന്നവയും, കുട്ടികള്‍ക്ക് തന്നെ അറിയുന്ന പൊതുവിജ്ഞാനം ആണെങ്കില്‍ അത് ഒഴിവാക്കുക. അഞ്ച്: തീരെ പ്രസക്തമല്ലാത്ത പാഠഭാഗങ്ങള്‍ ഒഴിവാക്കുക. ആറ്: കുട്ടികളില്‍ നിന്നു പ്രതീക്ഷിക്കുന്ന പഠനഫലങ്ങള്‍ക്ക് യാതൊരുവിധ കുറവും സംഭവിക്കാത്ത രീതിയില്‍ വേണം പാഠഭാഗങ്ങള്‍ ഒഴിവാക്കാന്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിഷയങ്ങളിലേയും ചില പാഠഭാഗങ്ങള്‍ നീക്കം ചെയ്തത്.
6 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ നിന്നു 30 മുതല്‍ 40 ശതമാനം വരെയാണ് പാഠപുസ്തക ഉള്ളടക്കം കുറയ്ക്കാന്‍ തീരുമാനമായത്. പ്രൈമറി ക്ലാസുകളിലെ പാഠഭാഗങ്ങളില്‍ നിന്നു 10 മുതല്‍ 15 ശതമാനം വരെ മാത്രമാണ് കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടത്. കാരണം ആ ക്ലാസുകളിലെ ഭാഷ, ഗണിതം, പരിസ്ഥിതിപഠനം എന്നിവ കൂടുതല്‍ രക്ഷാകര്‍ത്താക്കളുടെ സഹായത്തോടെ തന്നെ കുട്ടികള്‍ക്ക് ചുറ്റുപാടുകളില്‍ നിന്നും മനസ്സിലാക്കാവുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുണ്ടായിരുന്നത്.
ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികളുടെ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഒഴിവാക്കപ്പെട്ട പാഠഭാഗങ്ങള്‍ ഇല്ലാത്ത പുസ്തകങ്ങളുടെ പിഡിഎഫ് രൂപവും പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും പ്രിന്റിംഗ് ഏജന്‍സികള്‍ക്കും അത് പ്രയോജനപ്പെടുത്താന്‍ അനുവാദം നല്‍കുകയും ചെയ്തിരുന്നു. 2022-23 അധ്യായന വര്‍ഷത്തില്‍ ഇപ്രകാരമാണ് ഭാരതത്തില്‍ ഉടനീളം ഈ പാഠപുസ്തകങ്ങള്‍ ഉപയോഗിച്ചത്.
വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഇതിന് അനുകൂലമായ നിരവധി അഭിപ്രായങ്ങളാണ് എന്‍സിഇആര്‍ടിക്ക് ലഭിച്ചത്. അതേ സമയം, കേന്ദ്ര വിദ്യാഭ്യാസ ഏജന്‍സികളും സ്വകാര്യ ഏജന്‍സികളും നടത്തിയ പഠനങ്ങളില്‍ പഠന വിടവ് നിലനില്‍ക്കുന്നതായി കണ്ടെത്തുകയും കുട്ടികളുടെ പഠന ഭാരം ലഘൂകരിക്കേണ്ട ആവശ്യം ആവര്‍ത്തിച്ച് ആവശ്യപ്പെടുകയുമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിലാണ് 2022-23 കാലഘട്ടത്തില്‍ യുക്തിഭദ്രമായി ലഘൂകരിച്ച പാഠപുസ്തകങ്ങള്‍ 2023-24 അധ്യായന വര്‍ഷവും തുടരുന്നതിന് എന്‍സിഇആര്‍ടി തീരുമാനിച്ചത്. അങ്ങിനെ ഒരു വര്‍ഷത്തിലധികമായി പ്രാബല്യത്തിലുള്ള പുസ്തകങ്ങളെ കുറിച്ചാണ് ചില മാധ്യമങ്ങളും ചില രാഷ്ട്രീയക്കാരും പ്രത്യേകിച്ച് കേരളം, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ പ്രത്യേക രാഷ്ട്രീയ താല്പര്യ പ്രകാരം ഈ വിഷയം രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വിഷയമാക്കിയത്. ചില മാധ്യമങ്ങളും ഇതില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുടെ അതിപാണ്ഡിത്യം കാരണം അദ്ദേഹം കേരളത്തില്‍ പുതിയ പാഠപുസ്തകങ്ങള്‍ ഇറക്കുമെന്നും എന്‍സിഇആര്‍ടി പുനഃസംഘടിപ്പിക്കണം എന്നുമെല്ലാം ആവശ്യപ്പെടുന്നതായി വാര്‍ത്ത കണ്ടു. എന്തടിസ്ഥാനത്തിലാണ് അദ്ദേഹം ഇത്തരത്തിലുള്ള പത്രപ്രസ്താവനകള്‍ നടത്തിയത് എന്ന് അറിഞ്ഞുകൂടാ.
കേരളത്തിലെ പ്ലസ് വണ്‍, പ്ലസ് ടു തലങ്ങളില്‍ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ ഉപയോഗിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ എന്‍സിഇആര്‍ടിയുമായി ഉണ്ടാക്കിയ ധാരണാപത്രത്തെ കുറിച്ചോ എന്‍സിഇആര്‍ടി പ്രവര്‍ത്തിക്കുന്ന രീതിയെ കുറിച്ചോ അറിവില്ലാഞ്ഞിട്ടോ അല്ലെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടി രാഷ്ട്രീയ ഉപദേശകര്‍ നല്കിയ കാര്യങ്ങള്‍ പ്രഖ്യാപിച്ചതുകൊണ്ടോ വന്ന അബദ്ധങ്ങള്‍ ആയിരിക്കും ഇവ. പാഠപുസ്തകങ്ങളില്‍ നിന്നു ചില പാഠഭാഗങ്ങള്‍ നീക്കം ചെയ്യുന്ന സമയത്ത് പാഠഭാഗത്തിലെ മുഖ്യ ആശയങ്ങള്‍ക്കോ പ്രമേയങ്ങള്‍ക്കോ, പ്രതീക്ഷിക്കുന്ന പഠനഫലങ്ങള്‍ക്കോ നഷ്ടം സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പുതുക്കിയ പാഠഭാഗങ്ങള്‍ പരിശോധിച്ചാല്‍ അതു മനസ്സിലാക്കാവുന്നതേയുള്ളു.
മുഗള്‍ കാലഘട്ടം നീക്കം ചെയ്തു എന്നതാണ് ഏറെ പ്രചരിപ്പിക്കപ്പെടുന്ന വിഷയം. ഈ വിവാദം ഉന്നയിക്കുന്നവര്‍ ആറ് മുതല്‍ 12 വരെയുള്ള പാഠഭാഗങ്ങള്‍ വിലയിരുത്തുന്നതും പന്ത്രണ്ടാം ക്ലാസിലെ തന്നെ മറ്റു പാഠപുസ്തകങ്ങള്‍ വിലയിരുത്തുന്നതും നന്നായിരിക്കും. പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിലെ ‘തീംസ് ഇന്‍ ഇന്ത്യന്‍ ഹിസ്റ്ററി-പാര്‍ട്ട് 2’ എന്ന പാഠഭാഗത്തിലെ ‘കര്‍ഷകര്‍, ഭൂപ്രഭുക്കള്‍ ഭരണം’ എന്ന ഭാഗം പരിശോധിച്ചാല്‍ 16, 17 നൂറ്റാണ്ടുകളിലെ മുഗള്‍ സാമ്രാജ്യത്തെയും കര്‍ഷക സമൂഹത്തെയും കുറിച്ച് വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കാം. ഈ പാഠഭാഗം മധ്യകാല ഭാരതത്തിലെ സമൂഹ്യ സ്ഥിതിയും സാമ്പത്തിക സ്ഥിതിയും വിലയിരുത്തുന്നു. മാത്രവുമല്ല ചില ഭാഗങ്ങള്‍ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയതിനു ശേഷം നിലനില്‍ക്കുന്ന ‘കിംഗ്സ് ആന്‍ഡ് ക്രോണിക്കല്‍സ്: ദ മുഗള്കോര്ട്ട് (16, 17 നൂറ്റാണ്ടുകള്‍) ‘ എന്ന ഭാഗം മുഗള്‍ കാലഘട്ടത്തെ അയിന്-ഇ-അക്ബറി, ബാബര്‍നാമ അതുപോലെതന്നെ വിവിധ യാത്രാക്കുറിപ്പുകള്‍ എന്നിവയിലൂടെ മനസ്സിലാക്കാന്‍ അവസരം നല്കുന്നവയാണ്. പതിനൊന്നാം ക്ലാസിലെ ‘തീംസ് ഇന്‍ വേള്‍ഡ് ഹിസ്റ്ററി’ എന്ന പാഠഭാഗത്തും മുഗള്‍ ഭരണാധികാരിയായ ബാബറിനെ കുറിച്ചുള്ള പരാമര്‍ശം ഉണ്ട്. ഇതേ പുസ്തകം ബാബര്‍, അക്ബര്‍, താജ് മഹലിന്റെ നിര്‍മ്മാണം എന്നിവയെക്കുറിച്ചും പരാമര്‍ശിക്കുന്നു.
ഏഴാം ക്ലാസിലെ ‘നമ്മുടെ ഭൂതകാലം-ഭാഗം രണ്ടില്‍’ Introduction: Tracing Changes Through a Thousand Years’, ‘The Mughals(16th to 17th Century)’, ‘The 18th Century Political Formation’ എന്നീ പാഠഭാഗത്തും മുഗള്‍ ഭരണത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്.
(നാളെ: പ്രചരിപ്പിക്കുന്നത് അബദ്ധ ധാരണകള്‍)
(വിദ്യാഭ്യാസ വികാസ കേന്ദ്രം ദേശീയ സഹസംയോജകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: