ചെന്നൈ: ഗാല്‍വാനിലെ ധീര ബലിദാനി പരംവീരചക്ര നായിക് ദീപക് സിങ്ങിന്റെ പ്രിയപത്നി രേഖാസിങ് ഇനി സൈനിക സേവനത്തിലേക്ക്. ലെഫ്റ്റനന്റ് രേഖാ സിങ് ഇന്നലെ ആര്‍മിയില്‍ ഓഫീസറായി ചേര്‍ന്നു.
ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ നിന്ന് വ്യാഴാഴ്ചയാണ് രേഖാസിങ് പാസായത്. പിന്നാലെ ആര്‍മി ഓര്‍ഡനന്‍സ് കോര്‍പ്സ് അനുവദിച്ചു. ലഡാക്കിലേക്ക് ആദ്യ പോസ്റ്റിങ്. അവിടെയാണ് ദീപക് അവസാനമായി ജോലി നോക്കിയിരുന്നത്. 2020 ജൂണില്‍ ചൈനീസ് സൈനികരോട് പോരാടി രാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ച ഭര്‍ത്താവിന്റെ കടമകള്‍ പൂര്‍ത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇരുപത്തൊമ്പതുകാരി രേഖ പറയുന്നു.
കരസേനയില്‍ നഴ്സിങ് അസിസ്റ്റന്റായിരുന്നു നായിക് ദീപക് സിങ്. ഗാല്‍വനിലെ യുദ്ധസാഹചര്യത്തില്‍ സൈനികര്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായാണ് ദീപക് മുന്‍നിരയിലേക്ക് നീങ്ങിയത്. കല്ലേറില്‍ ഗുരുതരമായ പരിക്കുകള്‍ ഏറ്റെങ്കിലും അത് വകവയ്ക്കാതെ അദ്ദേഹം സൈനികര്‍ക്ക് വൈദ്യസഹായം നല്‍കുന്നത് തുടര്‍ന്നു. മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് മുപ്പതോളം സൈനികരുടെ ജീവനാണ് ദീപക് സിങ് രക്ഷിച്ചത്.
ഗാല്‍വനിലെ ഏറ്റുമുട്ടലിന് ഏഴ് മാസം മുമ്പ്, 2019 നവംബറിലാണ് ദീപക് രേഖയെ വിവാഹം കഴിച്ചത്. പിന്നാലെ മെഡിക്കല്‍ കോര്‍പ്സില്‍ നിന്ന്, ഗാല്‍വാന്‍ താഴ്വരയില് വിന്യസിച്ചിരുന്ന ബീഹാര്‍ റെജിമെന്റിന്റെ 16-ാം ബറ്റാലിയനിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു. സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയായ രേഖ സിങ്ങിനെ യുപിഎസ്സി പരീക്ഷയെഴുതാന്‍ സൈന്യമാണ് പ്രോത്സാഹിപ്പിച്ചത്. പരീക്ഷയും അലഹബാദില്‍ നടന്ന അഞ്ച് ദിവസത്തെ എസ്എസ്ബി ഇന്റര്‍വ്യൂവും വിജയിച്ചാണ് രേഖ സൈനിക ക്യാമ്പിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: