ബംഗളുരു : നിയമസഭാ തെരഞ്ഞെടുപ്പ് മേയ് 10ന് നടക്കാനിരിക്കെ കര്‍ണാടകത്തില്‍ പ്രചാരണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് ബി ജെ പി സര്‍ക്കാര്‍ ഭരണത്തിലുണ്ടെങ്കില്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള മികച്ച ഏകോപനം ,പദ്ധതികളുടെ വേഗത്തിലുള്ള നടപ്പാക്കല്‍, കൂടുതല്‍ വിദേശ നിക്ഷേപം, നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുക എന്നിവ ഉണ്ടാകുമെന്ന് നരേന്ദ്രമോദി പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കര്‍ണാടകയിലേക്കുള്ള വിദേശനിക്ഷേപം പ്രതിവര്‍ഷം 30,000 കോടി രൂപയായിരുന്നത് ബി.ജെ.പിയുടെ കീഴില്‍ കോവിഡിലും യുദ്ധകാലത്തും 90,000 കോടിയായി ഉയര്‍ന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ പതിറ്റാണ്ടുകളായി നടക്കാതിരുന്ന 60 ജലസേചന പദ്ധതികള്‍ ബി ജെ പി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി. ഭവന നിര്‍മ്മാണം, പൈപ്പ് വെള്ളം, തിനയുടെയും എത്തനോളിന്റെയും ഉത്പാദനം എന്നിവയില്‍ വര്‍ദ്ധനവുണ്ടായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി
കോണ്‍ഗ്രസ് നിഷേധാത്മക രാഷ്ട്രീയവും പ്രീണന രാഷ്ട്രീയവും കളിക്കുകയാണെന്ന് മോദി ആരോപിച്ചു.ഇതുവരെ 91 തവണ കോണ്‍ഗ്രസ് തന്നെ അധിക്ഷേപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാബാ സാഹിബ് അംബേദ്കറും വീര്‍ സവര്‍ക്കറും ഉള്‍പ്പെടെയുള്ളവരെ അധിക്ഷേപിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനും ജെഡിഎസിനും അധികാരമാണ് വേണ്ടതെന്നും എന്നാല്‍ ബിജെപി ജനങ്ങളെ സേവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഡോ. അംബേദ്കര്‍ വിഭാവനം ചെയ്ത ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് മാണ്ഡ്യ ജില്ലയില്‍ പ്രചാരണം നടത്തവെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ അഭ്യര്‍ത്ഥിച്ചു. ഇഡിയെയും സിബിഐയെയും ബിജെപി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നല്കുന്ന ഉറപ്പുകള്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും പ്രയോജനപ്പെടുമെന്ന് ഖാര്‍ഗെ പറഞ്ഞു. 200 യൂണിറ്റ് സൗജന്യ വൈദ്യുതി, പാവപ്പെട്ടവര്‍ക്ക് 10 കിലോ സൗജന്യ അരി, തൊഴിലില്ലാത്തവര്‍ക്ക് പ്രതിമാസ അലവന്‍സ് എന്നിവ ഉറപ്പുനല്‍കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: