ഇടുക്കി : മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ മയക്കുവെടി വച്ചു. മൂന്ന് ഡോസ് മയക്കുവെടിയാണ് വച്ചത്.
ഫൊറന്‍സിക് സര്ജന് ഡോ. അരുണ്‍ സക്കറിയയാണ് മയക്കുവെടി വെച്ചത്. അരിക്കൊമ്പന് തൊട്ടരികെ ചക്ക കൊമ്പനും എത്തിയതിനാലായിരുന്നു വെടിവെയ്ക്കാന്‍ വൈകിയത്. പടക്കം പൊട്ടിച്ച് ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് അരിക്കൊമ്പനെ ആദ്യ ഡോസ് മയക്കുവെടി വെച്ചത്. സിമന്റ് പാലത്തില്‍ വച്ചാണ് മയക്കുവെടി വച്ചത്. നേരത്തേ പടക്കം പൊട്ടിച്ച് അരിക്കൊമ്പനെ ദൗത്യ മേഖലയിലെത്തിച്ചാണ് മയക്കുവെടിവച്ചത്.
ആദ്യ ഡോസ് മയക്കുവെടി വച്ചത് 11.55നാണ്. എന്നാല്‍ അല്പം മുന്നോട്ട് നീങ്ങി അരിക്കൊമ്പന് നിലയുറപ്പിച്ചു. തുടര്‍ന്ന് 12.40ന്ബൂസ്റ്റര് ഡോസ് നല്കി.
ആനയെ കൊണ്ടുപോകാനുള്ള അനിമല്‍ ആംബുലന്‍സ് സ്ഥലത്തേക്ക് പുറപ്പെട്ടു. ആന നില്ക്കുന്ന സ്ഥലത്തേക്ക് റോഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി ജെസിബികളും എത്തിച്ചു. ചൂടുള്ള സമയമായതിനാല്‍ ആനയുടെ ശരീരം നനയ്ക്കുന്നതിനായി വെള്ളവും എത്തിച്ചു. നേരത്തേ സജ്ജീകരിച്ച് നിര്‍ത്തിയ നാല് കുങ്കിയാനകളെ അരിക്കൊമ്പന് മയങ്ങി നില്ക്കുന്ന സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്.
പിടികൂടുന്ന അരിക്കൊമ്പനെ റേഡിയോ കോളര്‍ ഘടിപ്പിച്ച് മറ്റൊരു വനത്തിലേക്ക് തുറന്നുവിടും. പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്കാണ് അരിക്കൊമ്പനെ മാറ്റുക എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: