എം.കെ. രമേശ്കുമാര്‍
കോഴിക്കോടന്‍ ഭാഷയും സ്വാഭാവിക നര്‍മ്മവുമായിരുന്നു മാമുക്കോയയുടെ മുഖമുദ്ര. തൊട്ടതെല്ലാം പൊന്നാക്കിയ അസാധാരണ പാടവമുള്ള നടന്. മുഹമ്മദ് യഥാര്‍ത്ഥ നാമം. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചതിനാല്‍ പിന്നീട് ജ്യേഷ്ഠന്റെ സംരക്ഷണയിലായിരുന്നു ജീവിതം. സ്കൂള്‍ പഠനകാലത്തുതന്നെ നാടകം സംഘടിപ്പിച്ചു. അഭിനയിക്കുകയും ചെയ്തു. കോഴിക്കോടന്‍ സംഭാഷണ ശൈലിയുടെ കരുത്തില്‍ തിളക്കം. കുതിരവട്ടം പപ്പു മുമ്പ് അവതരിപ്പിച്ചതില്‍ നിന്ന് വ്യത്യസ്തമായി മുസ്ലിം സംഭാഷണ ശൈലി മാമുക്കോയയുടെ സവിശേഷത. പഠനശേഷം, അറുപതുകളില്‍ കല്ലായിപ്പുഴയുടെ തീരത്ത് മരമളന്നു തുടങ്ങി. മരത്തിനു നമ്പറിടുക, ഗുണം നോക്കുക, അളക്കുക എന്നിവയിലും വിദഗ്ധനായി.
വൈക്കം മുഹമ്മദ് ബഷീറിന്റെ അനുയായി. ബഷീറില്‍ നിന്നാണ് മാമുക്കോയ തന്റെ നര്‍മ്മ ബോധം രൂപപ്പെടുത്തിയത്. ബഷീറിന്റെ എല്ലാ രചനകളും മനപാഠമാക്കിയ അനുവാചകന് കൂടിയായിരുന്നു.
ആദ്യകാലങ്ങളില്‍ നാടകത്തിന് പിന്നാലെയായിരുന്നു അദ്ദേഹം. നാടകങ്ങളിലൂടെ സിനിമയിലെ അവിഭാജ്യ ഘടകമായി. വൈക്കം മുഹമ്മദ് ബഷീര്‍ ഒരു കാലത്ത് ശിപാര്‍ശ ചെയ്ത ആള്. കെ.ടി. മുഹമ്മദും വാസു പ്രദിപുമൊക്കെ മലബാറിന്റെ നാടകവേദികളെ ഇളക്കിമറിച്ച കാലത്ത് മാമുക്കോയയും കൂടി. മലബാര്‍ ഭാഗത്തെ നിരവധി നാടക, സിനിമാ പ്രവര്‍ത്തകരുമായി സൗഹൃദം എസ്.കെ. പൊറ്റക്കാട്ടുമായും വലിയ അടുപ്പം. സുഹൃത്തുക്കള്‍ ചേര്‍ന്ന് നാടകം സിനിമയാക്കാമെന്ന് തീരുമാനിച്ചു. നിലമ്പൂര്‍ ബാലനെ സംവിധായകനാക്കി 1979ല്‍ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ രംഗത്ത്.
ആ ചിത്രത്തില്‍ നിഷേധിയുടെ കഥാപാത്രമായിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അഞ്ചു വര്‍ഷത്തിനു ശേഷം വൈക്കം മുഹമ്മദ് ബഷീറിന്റെ ശിപാര്‍ശയില്‍ സുറുമയിട്ട കണ്ണുകള്‍ എന്ന സിനിമയില്‍ മുഖം കാട്ടി.
പിന്നീട് നാല് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ അവസരം ലഭിച്ചത്. സിബി മലയിലിന്റെ ദൂരെദൂരെ കൂടു കൂട്ടാം ആയിരുന്നു അടുത്ത ചിത്രം. സ്കൂള്‍ പശ്ചാത്തലത്തിലുള്ള കഥയില്‍ അറബി മുന്‍ഷിയുടെ വേഷമായിരുന്നു. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റില്‍ ശ്രീനിവാസന്റെ ശിപാര്‍ശയില്‍ വേഷം ലഭിച്ചു. മോഹന്‍ലാലിന്റെ കൂട്ടുകാരിലൊരാളായി അഭിനയിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പെരുമഴക്കാലത്തിലെ കഥാപാത്രത്തിന് 2004ല്‍ സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. കേരള സര്‍ക്കാര്‍ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്കാരം ഏര്‍പ്പെടുത്തിയ 2008ല്‍, അത് ലഭിച്ചത് മാമുക്കോയയ്ക്ക്. ചിത്രം: ഇന്നത്തെ ചിന്താവിഷയം.
സത്യന് അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്, തലയണമന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകള്‍. എഴുപത്തിയഞ്ചാം വയസ്സില്‍ കുരുതി എന്ന ചിത്രത്തില്‍ അവതരിപ്പിച്ച മൂസ ഖാദര്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അവസാനമായി, നായക തുല്യ വേഷത്തിലെത്തിയ സിനിമ, ബേപ്പൂരിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഉരു.
നാലു പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതത്തില്‍ 450 ലേറെ കഥാപാത്രങ്ങള്‍ക്കു ജീവന് നല്കി. നാലു തമിഴ് ചലച്ചിത്രങ്ങളിലും ഒരു ഫ്രഞ്ച് സിനിമയിലും അഭിനയിച്ചു. ഒരു കാലത്തും പിഴയ്ക്കാത്ത തമാശകള്‍. ഏത് തിരക്കിലും കോഴിക്കോട് നഗരത്തിലും താര ജാഡയില്ലാതെ നടന്ന പച്ചയായ മനുഷ്യനായിരുന്നു മാമുക്കോയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: