ന്യൂദല്‍ഹി: മന് കി ബാത്ത് @100ന്റെ ദേശീയ കോണ്‍ക്ലേവ് ഉപ രാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനം ചെയ്തു. വിഗ്യാന്‍ ഭവനില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന്റെ സാന്നിധ്യത്തിലാണ് ഇന്ന് പരിപാടി നടന്നത്. ഇന്ത്യയിലുടനീളമുള്ള 100 കോടിയിലധികം ആളുകളിലേക്ക് എത്തിയ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണത്തിന്റെ തുടര്‍ച്ചയായ വിജയത്തെ അടയാളപ്പെടുത്തിയാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.
മന് കി ബാത്ത് രാഷ്ട്രീയത്തിന് അതീതമാണ്. അത് നമ്മുടെ നാഗരിക ധാര്‍മ്മികതയുടെ പ്രതിഫലനമാണെന്നും എല്ലാ തലത്തിലും ശുഭ വികാരം വര്‍ദ്ധിപ്പിക്കുന്നതാണെന്നും ജഗ്ദീപ് ധന്‍കര്‍. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന വിഷയത്തെ ചുറ്റിപ്പറ്റിയാണ് മന് കി ബാത്ത് രൂപകല്പന ചെയ്തതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രസംഗത്തിനിടെ പറഞ്ഞു. ഇന്ത്യയിലെ സാധാരണക്കാരുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ ഈ പരിപാടി ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ഈ സന്ദേശ വിനിമയത്തിനായി തിരഞ്ഞെടുത്തത് ജനസമ്പര്‍ക്കത്തിന്റെ യഥാര്‍ത്ഥ മാധ്യമമായ റേഡിയോയാണ്. മന് കി ബാത്തിന്റെ വിവിധ പതിപ്പുകളില്‍ 106 പ്രമുഖരെയും ഇതുവരെ പ്രക്ഷേപണം ചെയ്ത 99 എപ്പിസോഡുകളില്‍ 700ലധികം പേരുടെയും സംഘടനകളുടെയും നേട്ടങ്ങളും പരാമര്‍ശിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ ഉപരാഷ്ട്രപതി രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ‘മന് കി ബാത്ത്@100’ എന്നതിനെക്കുറിച്ചുള്ള ആദ്യത്തെ ഒരു കോഫി ടേബിള്‍ ബുക്കില്‍, ‘മന് കി ബാത്തിന്റെ’ യാത്രയെയും പ്രധാനമന്ത്രിയും പൗരന്മാരും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തില്‍ ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിന് ഈ പരിപാടി എങ്ങനെ കാരണമായി എന്നും എടുത്തുകാട്ടുന്നു.
രണ്ടാമത്തെ പുസ്തകം പ്രസാര്‍ ഭാരതിയുടെ മുന്‍ സിഇഒ എസ്. എസ്. വെന്പതി രചിച്ച, ‘കളക്ടീവ് സ്പിരിറ്റ്, കോണ്‍ക്രീറ്റ് ആക്ഷന്‍’ എന്നതാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ ഹൃദയത്തില്‍ പ്രതിധ്വനിക്കുന്ന സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക, സാംസ്കാരിക, ആരോഗ്യ, ഫിറ്റ്നസ് പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായി പ്രധാനമന്ത്രി മോദി നടത്തുന്ന സംഭാഷണങ്ങളുടെ ആകര്‍ഷകമായ വശങ്ങള് രേഖപ്പെടുത്തുന്നു. മന് കി ബാത്തിന്റെ 100ാം പതിപ്പ് 2023 ഏപ്രില്‍ 30ന് പ്രക്ഷേപണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: