ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന് കീ ബാത്ത് 100ാം എപ്പിസോഡിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബോളിവുഡ് താരം ആമിര്‍ ഖാനും പങ്കെടുത്തു. രാജ്യത്തെ ജനങ്ങളുമായി സംവദിക്കുന്നതില്‍ മോദിയുടെ കഴിവ് അപാരമാണെന്ന് ആമിര്ഖാന് അഭിനന്ദിച്ചു.
ജനങ്ങളുമായി പുതിയ രീതികളില്‍ സംവദിക്കാനുള്ള പ്രധാനമന്ത്രിയുടെ കഴിവിനെ ആമിര്‍ ഖാന് അഭിനന്ദിച്ചു. “നേതാക്കളുടെ ഇത്തരം സംരംഭങ്ങള്‍ സുപ്രധാനമാണ്. മന് കീ ബാത്ത് പ്രധാനസംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം പുതിയ ചിന്തകളും നിര്‍ദേശങ്ങളും മുന്നോട്ട് വെയ്ക്കുകയും ചെയ്യുന്നു. ഇങ്ങിനെയാണ് നിങ്ങള്‍ ജനങ്ങളുമായി ആശയവിനിമയം നടത്തേണ്ടത്. നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നതെന്നും ഭാവിയെ എങ്ങിനെയാണ് നോക്കി കാണുന്നതെന്നും മന് കീ ബാത്തില്‍ പറയുന്നു. അതില്‍ എങ്ങിനെയെല്ലാമാണ് അവരുടെ പിന്തുണ ആഗ്രഹിക്കുന്നതെന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. മന് കീ ബാത്തിലൂടെ നടക്കുന്ന ആശയവിനിമയം ഇതാണ്.” – ആമിര്‍ ഖാന് പറഞ്ഞു. നേരത്തെ മോദിയുടെ വിമര്‍ശകനായ ആമിര്ഖാന് ഇപ്പോള്‍ മോദിയുടെ കഴിവുകളെ അംഗീകരിക്കുന്ന നടനാണ്.
നാല് പാനല്‍ ചര്‍ച്ചകളും മന് കീ ബാത്ത് 100 യോഗത്തില്‍ നടക്കും. മന് കീ ബാത്തില്‍ പ്രധാനമന്ത്രിയുടെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന വ്യത്യസ്തങ്ങളായ ആശയങ്ങളാണ് ഈ നാല് പാനലുകള്‍ ചര്‍ച്ച ചെയ്യുക. ഓരോ പാനലുകളും നയിക്കുന്നത് സുപ്രസിദ്ധ വ്യക്തിത്വങ്ങളാണ്. രവീണ ടാണ്ഠന്, മുന്‍ ഇന്‍ഫോസിസ് ബോര്‍ഡ് അംഗം മോഹന്‍ദാസ് പൈ, കിരണ്‍ ബേദി, നിഖാത് സറീന് എന്നിവരായിരുന്നു നാല് പാനലുകളെ ഇക്കുറി നയിക്കുന്നത്.
ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ നേരത്തെ ഈ ദ്വിദിന കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. മന് കീ ബാത്ത് 100ാം എപ്പിസോഡ്, മന് കീ ബാത്തിന്റെ ഇതുവരെയുള്ള യാത്ര തുടങ്ങി എല്ലാം ഉള്‍ക്കൊള്ളിച്ച് ഒരു കോഫീ ടേബിള്‍ ബുക്ക് പ്രകാശനം യോഗത്തില്‍ ചെയ്യും. ഏപ്രില്‍ 30നാണ് മന് കി ബാത്തിന്റെ 100ാം എപ്പിസോഡ് പ്രക്ഷേപണം ചെയ്യുക. 41 കോടി ജനങ്ങളാണ് മാസം തോറും നടത്തുന്ന മന് കീബാത്തിന്റെ സ്ഥിരം കേള്‍വിക്കാര്‍. മന് കീ ബാത്തില്‍ നിന്നുള്ള പരസ്യ-പ്രോമോഷന് വരുമാനം അഞ്ച് മടങ്ങ് വര്‍ധിച്ചതായും ഐഐഎം റോഹ് ടക് പുറത്തുവിട്ട് പഠനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: