പ്രയാഗ് രാജ് :ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട അധോലോക തലവനും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദിന്റെ ഭാഗികമായി തകര്‍ത്ത ഓഫീസിനുള്ളില്‍ പ്രയാഗ്രാജ് പോലീസ് രക്തക്കറ കണ്ടെത്തി. പ്രയാഗ് രാജ് നഗരത്തിലെ ചകിയ പ്രദേശത്തുള്ള ഓഫീസിലാണ് രക്തക്കറകള്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് കത്തിയും കണ്ടെടുത്തു.
ആരുടെ രക്തക്കറകളാണെന്ന് കണ്ടെത്താനായിട്ടില്ല. ഫോറന്‍സിക് സംഘം പരിശോധിക്കുന്നുണ്ട്. ഓഫീസ് പരിസരത്ത് നിന്ന് 10 തോക്കുകളും 74.62 ലക്ഷം രൂപയും കണ്ടെടുത്തു.
അതിനിടെ, ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനില്‍ കുമാര്‍ സിംഗിന്റെ മൃതദേഹം പ്രയാഗ്രാജിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തി. വാരാണസിയിലെ പാണ്ഡേപൂര്‍ പ്രദേശത്തു നിന്നുള്ള സിംഗ്, പ്രയാഗ്രാജിലെ സാംക്രമിക രോഗങ്ങളുടെ നോഡല്‍ ഓഫീസറായിരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഉമേഷ് പാല് വധക്കേസിലെ പ്രതികളായ അതിഖ് അഹമ്മദിനെയും സഹോദരന് അഷ്റഫിനെയും ഈ മാസം 15ന് രാത്രി മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയ മൂന്ന് പേര് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ആരോഗ്യ പരിശോധനയ്ക്കായി പ്രയാഗ്രാജിലെ മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് അതിഖ് അഹമ്മദിനെയും സഹോദരന് അഷ്റഫിനെയും വെടിവച്ച് കൊന്നത്.
2005ല്‍ ബി എസ് പി എം എല്‍ എ രാജുപാലിനെ വധിച്ച കേസിലെ മുഖ്യസാക്ഷിയായിരുന്ന അഭിഭാഷകന് ഉമേഷ് പാലിനെ 2006ല്‍ തട്ടിക്കൊണ്ടുപോയ കേസിലാണ് അതിഖ് അഹമ്മദിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 24 ന് രണ്ട് അംഗരക്ഷകരോടൊപ്പം വീടിന് പുറത്ത് ഉമേഷ് പാല് വെടിയേറ്റ് മരിച്ചു.
സംഭവത്തില്‍ ആതിഖ് അഹമ്മദ്, സഹോദരന് അഷ്റഫ്, ഭാര്യ ഷൈസ്ത പര്‍വീണ്‍, രണ്ട് ആണ്മക്കള്, സഹായികളായ ഗുഡ്ഡു മുസ്ലീം, ഗുലാം എന്നിവര്‍ക്കും മറ്റ് ഒമ്പത് കൂട്ടാളികള്‍ക്കും എതിരെ ധൂമംഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: