കെ. സുരേന്ദ്രന്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍
നമ്മുടെ രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷം യുവാക്കളാണ്. കേരളത്തിലും അങ്ങനെ തന്നെയാണ്. രാജ്യത്തെക്കുറിച്ച് അവര്‍ക്ക് വലിയ പ്രതീക്ഷകളുണ്ട്. അവരെക്കുറിച്ച് രാജ്യത്തിനും. എല്ലാരംഗത്തും രാജ്യം പുരോഗമിക്കുകയാണ്, വികസിക്കുകയാണ്. എന്നാല്‍ ദേശീയ തലത്തില്‍ വരുന്ന മാറ്റത്തിനനുസരിച്ച് കേരളത്തില്‍ മാറ്റവും വികസനവും വരുന്നുണ്ടോ. സ്വന്തം സംസ്ഥാനത്തെക്കുറിച്ച് നമ്മുടെ യുവതയ്‌ക്ക് പ്രതീക്ഷ നഷ്ടപ്പെടുകയാണോ. ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടത്ര അവസരങ്ങളില്ല. ഉള്ളിടത്ത് നിലവാരമില്ല. ഈ നിലവാരമില്ലായ്മ പ്രൈമറി തലം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തുവരെ കാണാം. ഏതെങ്കിലും ചില അപവാദങ്ങള്‍ കണ്ടെന്നു വരാം. നവീനവും കാലത്തിന് അനുസൃതവും പുതിയ നൂറ്റാണ്ടിന്റെ വെല്ലുവിളിയെ നേരിടാനുതകുന്നതുമായ കോഴ്‌സുകളില്ല. എല്ലാറ്റിനോടും നിഷേധാത്മക സമീപനമാണ് ഇവിടെയുള്ളത്.
യുവാക്കള്‍ക്ക് ജോലിക്ക് സാഹചര്യമില്ല. ജോലികിട്ടിയാല്‍ മതിയായ ശമ്പളമില്ല. സര്‍ക്കാര്‍ ജോലി പിന്‍വാതില്‍ നിയമനം മാത്രം. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സേവനങ്ങളും സഹായങ്ങളും ജലരേഖ മാത്രം. എന്തിലും ഏതിലും നിഷേധാത്മക രാഷ്‌ട്രീയ സമീപനം, സ്വതന്ത്രമായി ചിന്തിക്കാന്‍ കാമ്പസുകളില്‍ പോലും സാഹചര്യമില്ല. എവിടെയും സര്‍വാധിപത്യമാണ്. ഇടതുപക്ഷക്കാരനായ അദ്ധ്യാപകനെപ്പോലും, അത് അദ്ധ്യാപികയായാലും, വരച്ച വരയില്‍ നിറുത്തി കോളേജില്‍ രാത്രി മുഴുവന്‍ പൂട്ടിയിടുന്നു. ഒരു പ്രത്യേക സംഘടനയിലുള്ളവര്‍ക്ക് കോപ്പിയടിച്ച് ജയിക്കാം. എന്തിന് പിഎച്ച്ഡി പോലും വ്യാജമായി നേടാം. ഏത് വികസനപ്രവര്‍ത്തനത്തേയും രാഷ്‌ട്രീയമായി മാത്രം കാണുന്നു. നവീനവും പുരോഗമനപരവുമായതുമായ എന്തിനോടും എതിര്‍പ്പും സമരവും മാത്രം. രാഷ്‌ട്രീയക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വന്‍കിട ബിസിനസ് ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കും ദല്ലാള്‍മാര്‍ക്കും മാത്രം ജീവിക്കാന്‍ പറ്റുന്ന നാടായി കേരളം മാറുന്നുവെന്നാണ് യുവാക്കളുടെ ചിന്ത. ഇവിടെ യുവാക്കള്‍ക്കായി മന്ത്രിയും കമ്മിഷനുമൊക്കെയുണ്ടെങ്കിലും വെറും പണം തിന്നുന്ന സംവിധാനങ്ങങ്ങള്‍ മാത്രമാണത്. യുവാക്കള്‍ക്കായി ഒന്നും ചെയ്യുന്നില്ല.
ജീവിത സുരക്ഷിതത്വവും ഉയര്‍ന്ന നിലവാരവും വേണമെങ്കില്‍ കേരളം വിട്ടുപോയാല്‍ മാത്രമേ രക്ഷയുള്ളുവെന്നാണ് യുവാക്കളുടെ ചിന്ത. 45 ലക്ഷം മലയാളികള്‍ വിദേശത്തും ഏതാണ്ട് 25 ലക്ഷം പേര്‍ മറ്റ് സംസ്ഥാനങ്ങളിലും ജോലി തേടിപ്പോയതിനുശേഷവും കേരളം തൊഴിലില്ലായ്മയില്‍ രാജ്യത്ത് ഏറ്റവും മുന്‍പിലാണെന്നത് ഇവിടുത്തെ വികലമായ വികസനത്തെ തുറന്നു കാണിക്കുന്നു. എന്തെങ്കിലും ബിസിനസ് തുടങ്ങാം എന്നുവച്ചാല്‍ പ്യൂണ്‍ മുതല്‍ മുകളിലേക്ക് വരെ കൈമടക്ക് കൊടുക്കണം. രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് പിരിവ് കൊടുക്കണം. ഇല്ലെങ്കില്‍ പിറ്റേന്ന് സ്ഥലത്ത് കൊടികുത്തും. സമരവുമുണ്ടാകും. നാട്ടിലാണെങ്കില്‍ സര്‍വ്വത്ര അഴിമതി, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം, രാഷ്‌ട്രീയക്കാരുടെ ഭരണം, പീഡനം … ഈ പട്ടിക നീളും. നല്ല മാതൃകകള്‍ കാണാനില്ല. സ്വാഭാവികമായും ഇതൊന്നുമില്ലാത്തിടത്തേക്ക് ചേക്കേറാന്‍ ചെറുപ്പക്കാര്‍ ശ്രമിക്കും. അതിനുള്ള ഉദാഹരണമാണ് ഗ്രാമങ്ങളില്‍പോലും ഇന്ന് കൂണുപോലെ മുളച്ചുപൊന്തുന്ന ചെറുപ്പക്കാരെ ‘കയറ്റുമതി’ ചെയ്യുന്ന സ്ഥാപനങ്ങള്‍. ഈ നാട്ടിലും വ്യവസ്ഥിതിയിലും അവര്‍ക്ക് പ്രതീക്ഷ നശിച്ചതുകൊണ്ടാണ് അവര്‍ സ്ഥലം വിടുന്നത്.
വരും തലമുറയെ നാട്ടില്‍ തന്നെ നിലനിര്‍ത്താനും അവരുടെ കഴിവുകളേയും, അഭിരുചികളേയും നാടിനുവേണ്ടി ഉപയോഗപ്പെടുത്താനും സര്‍ക്കാരിന് സാധിക്കണം. പാശ്ചാത്യ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന യുവാക്കളുടെ എണ്ണം കൂടുന്നു. ഇങ്ങനെപോയാല്‍ കേരളം ക്രിയാത്മകമായി ചിന്തിക്കുന്ന യുവാക്കളുടെ സാന്നിധ്യമില്ലാത്ത നാടായി മാറും. ലഹരി മാഫിയക്കും ഗുണ്ടാസംഘങ്ങള്‍ക്കും അഴിഞ്ഞാടാനുള്ള സ്ഥലമായി കേരളം മാറിക്കഴിഞ്ഞുവെന്നും തങ്ങളുടെ സുരക്ഷിതത്വത്തിന് ഇത് വലിയ ഭീഷണിയാണെന്നും നമ്മുടെ യുവത ഭയക്കുന്നു. നമ്മുടെ നാട്ടിലെ ഭൂരിഭാഗം കുടുംബങ്ങളിലും മാതാപിതാക്കള്‍ തനിച്ചാവുന്ന അവസ്ഥയാണുള്ളത്. അരലക്ഷത്തോളം യുവാക്കളാണ് ഓരോ വര്‍ഷവും കേരളം വിടുന്നതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. യുവാക്കളെ ആകര്‍ഷിക്കാന്‍ മറ്റ് സംസ്ഥാനങ്ങളും നല്ല രീതിയില്‍ പരിശ്രമിക്കുമ്പോള്‍ കേരളത്തിലെ ഭരണകര്‍ത്താക്കള്‍ അലംഭാവം കാണിക്കുകയാണ്. കേരളത്തിലെ യുവതയുടെ മനുഷ്യവിഭവം സംസ്ഥാനത്തിന് വേണ്ടി ഉപയോഗിക്കപ്പെടണം.
എന്തുകൊണ്ടാണ് കേരളം വികസിക്കാത്തത്?
വൈവിദ്ധ്യമാര്‍ന്ന ഭൂപ്രകൃതിയും സമൃദ്ധമായിരുന്ന ജല സമ്പത്തും 44 നദികളും കൊണ്ട് അനുഗ്രഹീതമായ കേരളം കാര്‍ഷിക വികസനത്തിന് വളരെ അനുയോജ്യമാണ്. അതോടൊപ്പം വമ്പിച്ച ധാതുമണല്‍ ശേഖരങ്ങളായ കരിമണലും വെള്ളമണലും കളിമണ്ണും വ്യാവസായിക വികസനത്തിനും അനുയോജ്യമാണ്. എല്ലാറ്റിലുമുപരി വര്‍ഷം മുഴുവന്‍ ലഭ്യമായ സോളാര്‍ ഊര്‍ജ്ജം ഏറ്റവും പ്രയോജനകരമായ പ്രകൃതി സമ്പത്താണ്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും. ഈ അനുകൂല സാഹചര്യങ്ങളൊന്നും സംസ്ഥാനത്തിന്റെ വികസനത്തിന് കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ കഴിയാത്തതാണ് കേരളം ഇപ്പോള്‍ നേരിടുന്ന വികസന പ്രതിസന്ധിക്ക് കാരണം. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും നവോത്ഥാന നായകന്‍മാരുടെയും പ്രസ്ഥാനങ്ങളുടേയും ശ്രമഫലമായാണ് സാമൂഹ്യ സാംസ്‌കാരിക രംഗത്ത് വലിയ പുരോഗതിയുണ്ടാക്കാന്‍ നമുക്ക് സാധിച്ചത്. ജനനമരണ നിരക്കുകള്‍, ശിശുമരണനിരക്ക്, ജീവിതദൈര്‍ഘ്യം, സാക്ഷരത തുടങ്ങിയ ജീവിത ഗുണനിലവാര സൂചികകള്‍ നമുക്ക് കൈവരിക്കാനായതിനെയാണ് ‘കേരള മോഡല്‍’ എന്ന പേരില്‍ അറിയപ്പെടാന്‍ ഇടയായത്. എന്നാല്‍ കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം എല്ലാ രംഗത്തും നാം പിന്നാക്കം പോകുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
1956ല്‍ സംസ്ഥാന രൂപീകരണ സമയത്ത് കാര്‍ഷികമേഖലയായിരുന്നു സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. 1955-56ല്‍ സംസ്ഥാന ജിഡിപിയുടെ 52 ശതമാനവും മൊത്തം തൊഴില്‍ സേനയുടെ 53.1 ശതമാനവും കാര്‍ഷികമേഖലയുടെ സംഭാവനയായിരുന്നു. 2018-19 ലെത്തുമ്പോഴേക്കും ഇത് കേവലം 9.2 ശതമാനമായി ചുരുങ്ങി. അറുപതുകളില്‍ വ്യാവസായിക മേഖലകളില്‍ 18 ലക്ഷം പേര്‍ വരെ തൊഴിലിലേര്‍പ്പെട്ടിരുന്നതായി ചില റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നുണ്ട്. 1993ല്‍ 12.5 ലക്ഷം പേര്‍ക്ക് ഈ മേഖലയില്‍ ജോലി ഉണ്ടായിരുന്നു. ഇന്നത് 3 ലക്ഷത്തില്‍ താഴെ മാത്രം. കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ആധുനികവല്‍ക്കരണവും ഉല്പാദനവൈവിദ്ധ്യവും നടപ്പാക്കുന്നതിനെതിരെ തൊഴിലാളികളെ മുന്‍നിര്‍ത്തി ചില പാര്‍ട്ടികള്‍ നടത്തിയ സമരങ്ങളാണ് ഈ ദുഃസ്ഥിതിക്ക് കാരണം.
പ്രവാസികളില്‍ നിന്നും ലഭിക്കുന്ന പണമാണ് കേരളത്തിന്റെ പ്രധാന സാമ്പത്തിക അടിത്തറ. എന്നാല്‍ ഉപഭോഗ സംസ്ഥാന മായതിനാല്‍ അതിന്റെ ഇരട്ടിയിലധികം പുറത്തേക്ക് പോവുകയാണ്. 1.2ലക്ഷം കോടി രൂപ പ്രവാസികള്‍ ഓരോ വര്‍ഷവും കേരളത്തിലേക്ക് അയക്കുമ്പോള്‍ ഉപ്പു തൊട്ട് കര്‍പ്പൂരം വരെ വാങ്ങാന്‍ ഒരു വര്‍ഷം 1.95 ലക്ഷം കോടി മുതല്‍ 2.4 ലക്ഷം കോടിവരെ കേരളത്തില്‍ നിന്ന് പുറത്തേയ്‌ക്കൊഴുകുന്നു. ഇതില്‍ നാലിലൊന്നെങ്കിലും സംസ്ഥാനത്തിനകത്ത് ചെലവാക്കാവുന്ന വിധം ഉല്പാദനമേഖലകള്‍ വികസിപ്പിക്കാനായാല്‍ തന്നെ കേരളത്തിന് വികസനത്തില്‍ മുന്നേറാനാകും. ഇത് ചില കണക്കുകള്‍ മാത്രം. മൊത്തത്തില്‍ ക്രിയാത്മകമായ വികസന കാഴ്ചപ്പാടും അത് നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയുമില്ലാത്തതാണ് കേരളത്തിന്റെ കുഴപ്പം.
കേരളം പിറകോട്ടുപോകുമ്പോള്‍ ദേശീയ തലത്തില്‍ രാജ്യം ഇത് ചെയ്യുകയാണ്. പുറംലോകത്ത് ഒരിന്ത്യാക്കാരനെന്ന നിലയില്‍ നമുക്ക് അഭിമാനത്തോടെ ഇപ്പോള്‍ തലയുയര്‍ത്താം. നിരവധി വികസന പദ്ധതികളും ക്ഷേമ പദ്ധതികളുമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. നിശ്ചദാര്‍ഢ്യവും ആധുനിക വീക്ഷണവും ജനങ്ങള്‍ക്കാശ്രയിക്കാവുന്നതും ലോകം അംഗീകരിക്കുന്നതുമായി നേതൃത്വം നമുക്ക് കാണാന്‍ കഴിയും. കിസാന്‍ സമ്മാന്‍ നിധിയായാലും വാക്‌സിനായാലും ഉജ്വല യോജനായായാലും മാതൃവന്ദന യോജനയായാലും യുവാക്കള്‍ക്ക് നല്‍കുന്ന പത്ത് ലക്ഷം തൊഴിലായാലും ആയുഷ്മാന്‍ ഭാരത് ആയാലും സുതാര്യവും അവസാനത്തെ തുള്ളിയും ഏറ്റവും ഒടുവിലത്തെ ആള്‍ക്കുവരെ കിട്ടുന്ന ക്ഷേമ പദ്ധതികളും നമുക്ക് കാണാം. ഇതാണ് മാറുന്ന ഇന്ത്യ. ഈ ഗംഗാപ്രവാഹത്തില്‍ നമുക്കും അണിചേരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: