കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദിനാജ്പൂര്‍ ജില്ലയിലെ കലിയഗഞ്ചില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസുകാരും ഗ്രാമവാസികളും തമ്മില്‍ സംഘര്‍ഷം.
മരണപ്പെട്ട കുട്ടിയെ റോഡിലൂടെ പോലീസ് വലിച്ചിഴച്ചെന്നാരോപിച്ചാണ് പ്രദേശവാസികള്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം ലഭിച്ച മൃതദേഹം പോലീസ് തെളിവുകള്‍ നശിപ്പിക്കാന്‍ വലിച്ചിഴ്ച്ചു എന്ന ആരോപിച്ച് മുതിര്‍ന്ന ബിജെപി നേതാവ് വീഡിയോ സഹിതം ട്വീറ്റ് ചെയ്തു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കാണാതായി ഒരു ദിവസത്തിന് ശേഷം വെള്ളിയാഴ്ച രാവിലെയാണ് നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലെ ഒരു കുളത്തില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് മുമ്പ് കുട്ടി ബലാത്സംഗത്തിന് ഇരയായെന്നും കുടുംബം ആരോപിച്ചതായി പോലീസ് പറഞ്ഞു.
പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസവും തുടരുകയാണ്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തുകയും കണ്ണീര് വാതകവും പ്രയോഗിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയും പ്രദേശത്ത് (ആര്‍എഎഫ്) വിന്യസിച്ചു.
അതേസമയം, പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ ഇന്ന് ഇരയുടെ കുടുംബത്തെ കാണുകയും കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണം ഉറപ്പാക്കാന്‍ എല്ലാ നിയമസഹായവും ഉറപ്പുനല്‍കി. പോലീസ് വിഷയം ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുകയാണ്. ശരിയായ രീതിയില്‍ അന്വേഷണം നടത്താതെ തെളിവ് നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
ഇരയുടെ കുടുംബവുമായി സംസാരിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇരയുടെ കുടുംബത്തിന് എല്ലാ നിയമസഹായവും നല്‍കുകയും ചെയ്യുമെന്ന് ഇരയുടെ കുടുംബത്തെ കണ്ടതിന് ശേഷം മജുംദാര്‍ പറഞ്ഞു. എന്നാല്‍ ജില്ലാ പോലീസ് സൂപ്രണ്ടിനെ കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബിജെപി എംപി എസ്പി ഓഫീസില്‍ ധര്‍ണ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: