ജേ്യാതിഷ ഭൂഷണം
എസ്. ശ്രീനിവാസ് അയ്യര്‍
ചൈത്രത്തില്‍ തുടങ്ങുന്ന പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ രണ്ടാമത്തേതാണ് വൈശാഖം. മേടത്തിലെ കറുത്തവാവിന്റെ പിറ്റേന്ന് (ശുക്ല പ്രഥമ/പ്രതിപദം) തുടങ്ങി ഇടവത്തിലെ കറുത്തവാവ് വരെയാണ് വൈശാഖമാസം. ഇക്കൊല്ലം ഇത് മേടം 7 ന്/ഏപ്രില്‍ 21 ന് തുടങ്ങി ഇടവം 5 ന്/മേയ് 19 ന് അവസാനിക്കുന്നു. ചാന്ദ്രമാസങ്ങള്‍ക്ക്, അവയില്‍ വെളുത്തവാവ് വരുന്ന ദിവസങ്ങളുടെ അന്നത്തെ നക്ഷത്രങ്ങളെ (പൂര്‍ണമായോ ഭാഗികമായോ) മുന്‍നിര്‍ത്തിയാണ് പേര് നല്കപ്പെട്ടിട്ടുള്ളത്. വിശാഖം നക്ഷത്രത്തില്‍ പാര്‍ശ്വികമായോ പൂര്‍ണമായോ പൗര്‍ണമി വരുന്ന ദിവസം വൈശാഖമായി. ഉത്തരായനവും വസന്ത ഋതുവും കൂടിച്ചേര്‍ന്ന കാലത്താണ് വൈശാഖമാസം എന്നതും പ്രസ്താവ്യമാണ്. പുണ്യദിനങ്ങളും ശ്രേഷ്ഠതിഥികളും പവിത്രനക്ഷത്രങ്ങളും സുകൃതവര്‍ദ്ധകങ്ങള്‍ ആയ ആചാരാനുഷ്ഠാനങ്ങളും ഒരു ഘോഷയാത്ര പോലെ കടന്നുവരുന്ന മാസമാണ് വൈശാഖം. അതാണ് വൈശാഖത്തിന്റെ മേന്മയ്ക്ക് നിദാനം. മറ്റ് ചാന്ദ്രമാസങ്ങളെ അപേക്ഷിച്ച് പുണ്യം പെരുമതൂകുന്ന മാസമാണ് വൈശാഖം.
‘അക്ഷയതൃതീയ’ (അസവെമ്യമ ഠൃശശ്യേമ) നമ്മള് ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങള്‍ പതിന്മടങ്ങ് പ്രവൃദ്ധമാകുന്ന ദിവസമാണ്. പിന്നെ പഞ്ചമിയും ആതിരയും ചേര്‍ന്ന ദിനം ശ്രീശങ്കരജയന്തിയായി. കാലടിയില്‍ തുടങ്ങി ഹിമവല്‍ ശൃംഗങ്ങളോളം സനാതനധര്‍മ്മത്തെ വീണ്ടെടുക്കുകയും പുനപ്രതിഷ്ഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ആദിശങ്കരന്റെ ധന്യജന്മത്തെ ഓര്‍ക്കാന്‍ വൈശാഖം ഇങ്ങനെ അവസരം തരുന്നു. ബദരിനാഥ് ക്ഷേത്രത്തിലെ തീര്‍ത്ഥാടനാരംഭം, ശുക്ലദ്വാദശയിലെ
പൂജ, ബലരാമനരസിംഹാവതാരങ്ങള്, സ്വാതിതിരുനാള്‍ ജയന്തി, ബുദ്ധപൂര്‍ണിമ എന്നിവയെല്ലാം വൈശാഖത്തിലെ വെളുത്തപക്ഷത്തില്‍ തന്നെ വരുന്ന പ്രധാന ആഘോഷങ്ങളാണ്. ‘വൈകാശിവിശാഖം’ കാവടി വഴിപാടുകൊണ്ട് സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍ മുഖരിതമാകുന്ന ദിവസമാണ്. കൊട്ടിയൂര്‍ ആരാധനയുടെ തുടക്കം, ഗുരുവായൂര്‍ അമ്പലത്തിലെ തുടര്‍ സപ്താഹങ്ങള്‍ എന്നിവയും വൈശാഖത്തിന്റെ മഹിമകളില്‍ ഉള്‍പ്പെടും. കേരളത്തിന്റെ പ്രശസ്തി അന്യനാടുകളിലും എത്തിക്കുന്ന പുകഴ്പെറ്റ ചില ക്ഷേത്രോത്സവങ്ങളും വൈശാഖത്തിലാണ്.
‘അക്ഷയതൃതീയ’ ദിവസം പിതൃപ്രീതിക്കായി കുട, വടി, ചെരുപ്പ്, വിശറി, ഭക്ഷണപാനീയങ്ങള്‍, ഗ്രന്ഥം, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ അര്‍ഹിക്കുന്നവര്‍ക്ക് ദാനം ചെയ്യുന്ന പതിവ് പഴയതലമുറയ്ക്ക് ഓര്‍മ്മയുണ്ടാവും. അന്നേ ദിവസം ത്യജിക്കലിനും ദാനധര്മ്മങ്ങള്ക്കുമാണ് ഊന്നല്‍. അല്ലാതെ വാങ്ങിക്കൂട്ടുന്നതിലല്ല..വൈശാഖത്തില്‍ ആചരിക്കേണ്ട ധര്‍മ്മകര്‍മ്മങ്ങളെ ‘വൈശാഖധര്‍മ്മം’ എന്ന് പറയുന്നു. ഭഗവാന് മഹാവിഷ്ണുവിന്റെ കൃ
പാകടാക്ഷം ലഭിക്കുവാന്‍ വൈശാഖമാസത്തില്‍ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങള്‍ തുണയാകും. ഒരു കഥ ഉദാഹരിക്കാം: സൂര്യവംശരാജാവായ കീര്‍ത്തിമാന്‍ വസിഷ്ഠോപദേശമനുസരിച്ച് വൈശാഖധര്‍മ്മം ആചരിച്ചുവന്നു. പ്രജകളും മുടങ്ങാതെ വൈശാഖധര്‍മ്മം നിര്‍വഹിച്ചതോടെ,
പുണ്യം പെരുകുകയും ആരും മരിക്കാത്ത ഒരു രാജ്യമായി കീര്‍ത്തിമാന്റെ രാജ്യം മാറുകയും ചെയ്തു. കാലന് ദേഷ്യമായി. അദ്ദേഹം കീര്‍ത്തിമാനുമായി പൊരുതി. തോല്‍ക്കുക എന്നതായിരുന്നു കാലന്റെ വിധി. സങ്കടവുമായി കാലന് ബ്രഹ്മാവിനെയും പിന്നീട് വിഷ്ണുവിനെയും സമീപിച്ചു. വൈശാഖധര്‍മ്മം മുടങ്ങുന്നതുവരെ കാലന് കീര്‍ത്തിമാന്റെ രാജ്യത്ത് പ്രവേശിക്കാനാവില്ലെന്ന് തന്നെയാണ് വിഷ്ണുവും അരുളിച്ചെയ്തത്. ‘എന്നാല്‍ കുറേക്കാലത്തിനു ശേഷം ദുഷ്ടന്മാര് ഉദയം ചെയ്യുമെന്നും അക്കാലത്ത് കാലന് ‘തന്റെ ജോലി’ പുനരാരംഭിക്കാനാവും എന്നും’ ഭഗവാന് ദീര്‍ഘവീക്ഷണത്തോടെ കാലനെ അറിയിച്ചു.
കലികാലം തിമിര്‍ക്കുമ്പോള്‍ ആരും പ്രേരിപ്പിക്കാതെ തന്നെ നാം ധര്‍മ്മത്തില്‍ നിന്നും അകലാം. നല്ലതിനോട് വിപ്രതിപത്തി വരാം. അതിനാല്‍ വൈശാഖം ഒരു ഓര്‍മ്മപ്പെടുത്തലാണ്.. പ്രാര്‍ത്ഥനയുടെ കരുതല്‍, ദാനധര്‍മ്മങ്ങളുടെ ശക്തി നാം മറന്നുപോകരുത്! വൈശാഖം നമ്മളെ കൂടുതല്‍ ദൃഢവ്രതരാക്കട്ടെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: