ന്യൂദല് ഹി : ദേശീയ ക്വാണ്ടം ദൗത്യത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് വഴി ക്വാണ്ടം സാങ്കേതികവിദ്യയുടെയും ആപ്ലിക്കേഷനുകളുടെയും വികസനത്തില്‍ രാജ്യം ലോകത്ത് മുന്‍നിരയിലെത്തും.ശാസ്ത്രീയവും വ്യാവസായികവുമായ ഗവേഷണവികസനങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് ക്വാണ്ടം സാങ്കേതികവിദ്യയില്‍ നൂതനമായ രീതി ആവിഷ്കരിക്കുന്നതിലൂടെ കഴിയുമെന്നത് പരിഗണിച്ചാണ് ദേശീയ ക്വാണ്ടം ദൗത്യത്തിന് അംഗീകാരം നല്‍കിയത്. 2023-24 മുതല്‍ 2030-31 വരെ ആകെ 6003.65 കോടിരൂപ ചെലവിലാണു ദൗത്യം മുന്നോട്ടുകൊണ്ടുപോകുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണു ദൗത്യത്തിന് അംഗീകാരം നല്‍കിയത്. ഇതു ക്വാണ്ടം സാങ്കേതികവിദ്യനയിക്കുന്ന സാമ്പത്തിക വളര്‍ച്ചയ്ക്കു ഊര്‍ജം പകരും. സൂപ്പര്‍ കണ്ടക്ടിങ്, ഫോട്ടോണിക് സാങ്കേതികവിദ്യ തുടങ്ങിയ വിവിധ പ്ലാറ്റ്ഫോമുകളില്‍ എട്ടുവര്‍ഷത്തിനുള്ളില്‍ 50-1000 ഫിസിക്കല്‍ ക്യുബിറ്റുള്ള ഇന്റര്‍മീഡിയറ്റ് സ്കെയില്‍ ക്വാണ്ടം കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിനാണ് പുതിയ ദൗത്യം ലക്ഷ്യമിടുന്നത്.
ആണവ സംവിധാനങ്ങളില്‍ ഉയര്‍ന്ന സംവേദനക്ഷമതയുള്ള മാഗ്നെറ്റോമീറ്ററുകളും കൃത്യമായ സമയം, ആശയവിനിമയം, ഗതിനിയന്ത്രണം എന്നിവയ്ക്കായി അറ്റോമിക് ക്ലോക്കുകളും വികസിപ്പിക്കാന്‍ ദൗത്യം സഹായിക്കും. ക്വാണ്ടം ഉപകരണങ്ങളുടെ നിര്‍മാണത്തിനായുള്ള സൂപ്പര്‍കണ്ടക്ടറുകള്‍, നൂതന സെമികണ്ടക്ടര്‍ ഘടനകള്‍, ടോപ്പോളജിക്കല്‍ മെറ്റീരിയലുകള്‍ തുടങ്ങിയ ക്വാണ്ടം മെറ്റീരിയലുകളുടെ രൂപകല്‍പ്പനയെയും സമന്വയത്തെയും ഇതു പിന്തുണയ്ക്കും. ക്വാണ്ടം ആശയവിനിമയം, സെന്‍സിങ്, മെട്രോളജിക്കല്‍ ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കായി സിംഗിള്‍ ഫോട്ടോണ്‍ ഉറവിടങ്ങള്‍-ഡിറ്റക്ടറുകള്‍, സങ്കീര്‍ണമായ ഫോട്ടോണ്‍ സ്രോതസുകള്‍ എന്നിവയും വികസിപ്പിക്കും.
രാജ്യത്തെ സാങ്കേതിക വികസന സംവിധാനത്തെ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതതലത്തിലെത്തിക്കാന് ദേശീയ ക്വാണ്ടം ദൗത്യത്തിന് കഴിയും. ആശയവിനിമയം, ആരോഗ്യം, സാമ്പത്തികം, ഊര്‍ജം എന്നീ മേഖലകള്‍ക്കും മരുന്നുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും ബഹിരാകാശ ആപ്ലിക്കേഷനുകള്‍ക്കും ഈ ദൗത്യം ഏറെ പ്രയോജനകരമാണ്. ഡിജിറ്റല്‍ ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, സ്റ്റാന്‍ഡ്അപ്പ് ഇന്ത്യ, സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ, സ്വയംപര്യാപ്ത ഇന്ത്യ, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ തുടങ്ങിയ ദേശീയ മുന്‍ഗണനകള്‍ക്ക് പ്രോത്സാഹനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: