ന്യൂദല്‍ഹി: 2002ല്‍ മാറാട് നടന്ന സംഘര്‍ഷത്തില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രണ്ടുപേര്‍ക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്കി സുപ്രീംകോടതി. മാറാട് തെക്കേത്തൊടി ഷാജി, ഈച്ചിരന്റെ പുരയില്‍ ശശി എന്നിവര്‍ക്കാണ് സുപ്രീംകോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.
ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യം, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. കേരളത്തില്‍ എറണാകുളം ജില്ലയിലേക്ക് പോകാന്‍ അനുമതി നല്കിയ കോടതി എല്ലാ തിങ്കളാഴ്ചയും എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2020ല്‍ ഇരുവര്‍ക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. പത്തുവര്‍ഷത്തിലധികം ശിക്ഷ അനുഭവിച്ചത് കണക്കിലെടുത്തായിരുന്നു ഇത്. ഇരുവരും കര്‍ണാടകത്തിലെ മംഗലാപുരത്തേക്ക് താമസം മാറണമെന്നും എല്ലാ തിങ്കളാഴ്ചയും മംഗലാപുരം പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥയില്‍ ഇളവ് തേടിയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് വി. ഗിരിയും അഡ്വ. കെ.കെ. സുധീഷും ഹാജരായി.
ഇരുവരും കേരളത്തിലേക്ക് വരുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. അഥവാ അനുവദിക്കുകയാണെങ്കില്‍ തിരുവനന്തപുരം ജില്ലയില്‍ താമസിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം. 2003 ലെ മാറാട് കൂട്ടക്കൊല കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ കേരളത്തില്‍ പ്രവേശിക്കുന്നതിനെ സംസ്ഥാനം എതിര്‍ത്തിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: