തിരുവനന്തപുരം: ചിന്ത ജെറോം യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നു. യുവജന കമ്മീഷന്‍ അധ്യക്ഷയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ ഒരു കാലം ഇതോടെ അവസാനിക്കുകയാണ്.
രണ്ടു ടേം പൂർത്തിയാക്കിയതിനാലാണ് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗംകൂടിയായ ചിന്ത ജെറോം അധ്യക്ഷസ്ഥാനം ഒഴിയുന്നതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് പറയുന്നു. ചിന്തയോടൊപ്പം വിവാദങ്ങളുടെ ഒരു കാലം കൂടി പടിയിറങ്ങുകയാണ്. യുവജനകമ്മീഷൻ അധ്യക്ഷസ്ഥാനത്ത് ഇരിക്കുമ്പോൾ ചിന്ത ജെറോമുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
പിഎച്ച്ഡി പ്രബന്ധത്തില്‍ ചങ്ങമ്പുഴ എഴുതിയ വാഴക്കുല വൈലോപ്പിള്ളി എഴുതിയതാണെന്നത് ഉള്‍പ്പെടെ ഒട്ടേറെ തെറ്റുകള്‍ അതില്‍ ഉണ്ടായിരുന്നു. ചില ഭാഗങ്ങള്‍ ഒരു വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തനിപ്പകര്‍പ്പാണെന്നും കണ്ടെത്തിയിരുന്നു. ചിന്ത ആവശ്യപ്പെട്ടതിന്റെ തുടര്‍ന്ന് മാസശമ്പളം ഒരു ലക്ഷമാക്കി ഉയര്‍ത്തിയതും ഓസ്കാര്‍ നേടിയ കീരവാണിയെ അഭിനന്ദിച്ച് ഇംഗ്ലീഷില്‍ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യാകരണത്തെറ്റുകള്‍ സംഭവിച്ചതും എല്ലാം ചിന്തയെ പ്രതിരോധത്തിലാക്കിയിരുന്നു.
കൊല്ലത്തെ ഒരു വിഐപി ആയുര്‍വേദ റിസോര്‍ട്ടില്‍ അമ്മയുമൊത്ത് ദീര്‍ഘകാലം താമസിച്ചതും വിവാദമായി. ഈ പ്രശ്നം ഉയര്‍ത്തിയ കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഭീഷണിയും ഉണ്ടായി. 17 മാസത്തെ ശമ്പളക്കുടിശിക ആവശ്യപ്പെട്ടതിലെ വിശദീകരണം പാളിയതും ചിന്തയെ വെട്ടിലാക്കി.
ചിന്തയുടെ പിൻഗാമിയായി ഡിവൈഎഫ്ഐയുടെ മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം എം. ഷാജർ യുവജന കമ്മീഷൻ അധ്യക്ഷനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എം ഷാജറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങും. ഡിവൈഎഫ്ഐയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും നിലവിൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമാണു ഷാജർ. മൂന്നു വർഷമാണു കമ്മീഷൻ അധ്യക്ഷന്റെ കാലാവധി.
ആദ്യ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് 2016ലാണ് ചിന്ത ജെറോം യുവജനകമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. സർക്കാരിന്റെ അവസാനകാലത്ത് ചിന്തയ്‌ക്ക് പുനര്‍നിയമനം നൽകി. കഴിഞ്ഞ ഫെബ്രുവരി ആറിന് ചിന്ത ജെറോം രണ്ടാം ടേം പൂർത്തിയാക്കിയതോടെയാണ് സ്ഥാനം ഒഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: