മുംബയ്: തന്റെ അനന്തരവനും മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ രാഷ്ട്രീയ നീക്കത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ തള്ളി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് ശരദ് പവാര്‍. ചൊവ്വാഴ്ച എന്‍സിപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അജിത് പവാര്‍ ബിജെപിയുമായി അടുക്കുന്നതായ വാര്‍ത്തകളെ തുടര്‍ന്ന് രാഷ്ട്രീയ വൃത്തങ്ങളില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എംഎല്‍എമാരുടെ യോഗം വിളിച്ചെന്ന വാര്‍ത്തകള്‍ അജിത് പവാര്‍ തളളിയതിന് പിന്നാലെയാണ് ശരദ് പവാറിന്റെ പ്രസ്താവന.മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ നമ്മുടെ മനസ്സില്‍ ഇല്ല. ഈ ചര്‍ച്ചകള്‍ക്കൊന്നും പ്രാധാന്യവുമില്ല. പാര്‍ട്ടിയെ എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ചാണ് പ്രവര്‍ത്തകര്‍ ചിന്തിക്കുന്നതെന്നും ശരദ് പവാര്‍ പറഞ്ഞു.
ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് ഏകനാഥ് ഷിന്‍ഡെയുടെ പിന്‍ഗാമിയാകാനാണ് അജിത് പവാറിന്റെ ശ്രമമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനായി പാര്‍ട്ടി എം എല്‍ എമാരില്‍ നിന്ന് ഒപ്പ് ശേഖരിക്കുന്നതായാണ് വാര്‍ത്ത വന്നത്.53 എന്‍സിപി എംഎല്‍എമാരില്‍ 40 പേരും സമ്മതപത്രം ഒപ്പിട്ടുവെന്നും സമയമാകുമ്പോള്‍ പട്ടിക ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
അജിത് പവാര്‍ എന്‍സിപി എംഎല്‍എമാരെ നേരിട്ട് വിളിച്ച് ഒപ്പ് തേടുമ്പോഴും ശരദ് പവാര്‍ എതിര് നീക്കമൊന്നും നടത്തിയിട്ടില്ലെന്നും പത്രം വാര്‍ത്ത നല്‍കിയിരുന്നു. അതേസമയം സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് എന്‍ സി പിയുടെ ചിഹ്നവും ലോഗോയും നീക്കിയത് സംബന്ധിച്ച് അജിത് പവാര്‍ വിശദീകരണം നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: