മഞ്ചേരി: സൂപ്പര്‍ കപ്പില്‍ ഈസ്റ്റ് ബംഗാള്‍-ഐസ്വാള്‍ മത്സരം സമനിലയില്‍. ഗ്രൂപ്പ് ബിയില്‍ നടന്ന കളിയില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഇതോടെ ഇരു ടീമുകളും സെമിയില്‍ കയറാതെ പുറത്തായി. രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന ശേഷമാണ് ഈസ്റ്റ് ബംഗാള്‍ സമനില വഴങ്ങിയത്. ഈസ്റ്റ് ബംഗാളിനായി മഹേഷ് സിങ്. സുമിത് പാസി എന്നിവര്‍ ലക്ഷ്യം കണ്ടു. ഐസ്വാളിനായി ലാല്‍ഹുറെ ലുവാന്‍ഗെ, ഡേവിഡ് എന്നിവരാണ് ഗോളടിച്ചത്.
കളിയുടെ തുടക്കത്തില്‍ ഇരു ബോക്‌സിലേക്കും പന്ത് കയറിയിറങ്ങി. ആദ്യ മിനിറ്റില്‍ ഇടതു വിങ്ങിലൂടെ പന്തുമായി മുന്നേറിയ ശേഷം മഹേഷ് സിങ് പായിച്ച ഷോട്ട് ഐസ്വാള്‍ ഗോളി കൈയിലൊതുക്കി. തൊട്ടുപി
ന്നാലെ ഐസ്വാളിന് ഒരു കോര്‍ണര്‍ ലഭിച്ചു. എന്നാല്‍, ലാല്‍ ബിയാസുല എടുത്ത കോര്‍ണര്‍ കിക്ക് ഈസ്റ്റ് ബംഗാള്‍ ഗോളി അനായാസം കൈയിലൊതുക്കി. പതിനാറാം മിനിറ്റില്‍ കളിയിലെ ആദ്യ ഗേള്‍ പിറന്നു. ഈസ്റ്റ് ബംഗാളിന്റെ നോറം മഹേഷ് സിങ്ങാണ് ഐസ്വാള്‍ വല കുലുക്കിയത്. ഇരുപത്തിയൊന്നാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ രണ്ടാം ഗോളും നേടി. വലതുവിങ്ങില്‍ക്കൂടി അവരുടെ മലയാളി താരം സുഹൈര്‍ പന്തുമായി മുന്നേറിയശേഷം ബോക്‌സിലേക്ക് നല്‍കിയ ക്രോസ് സുമിത് പാസി നല്ലൊരു ഹെഡറിലൂടെ ഐസ്വാള്‍ വലയിലെത്തിച്ചു. മുപ്പത്തിയൊമ്പതാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ അഗസ്റ്റുസോയുടെ ഹെഡര്‍ നേരിയ വ്യത്യാസത്തിന് പുറത്തുപോയി. നാല്പത്തിരണ്ടാം മിനിറ്റില്‍ ഐസ്വാള്‍ ഒരു ഗോള്‍ മടക്കി. ലാല്‍ഹുറെ ലുവാന്‍ഗ നല്ലൊരു ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. തുടര്‍ന്നും രണ്ട് ടീമുകളും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ പിറക്കാതിരുന്നതോടെ ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ 2-1ന് മുന്നിട്ടു നിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഐസ്വാള്‍ സമനില ഗോള്‍ നേടി. ലാല്‍റിന്‍ഫെലയുടെ അസിസ്റ്റില്‍ ഡേവിഡാണ് വല കുലുക്കിയത്. അധികം കഴിയും മുന്‍പ്
ഐസ്വാള്‍ ലാല്‍രാം സന്‍ഗയെ പിന്‍വലിച്ച് ഇസുകെ മൊഹ്‌റിയെ ഇറക്കി. അന്‍പത്തിയേഴാം മിനിറ്റില്‍ ലീഡ് നേടാന്‍ ഐസ്വാളിന് അവസരം ലഭിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. അറുപത്തിയൊന്നാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ സുഹൈറിനെ പിന്‍വലിച്ച് ഹിമാന്‍ഷുവിനെ ഇറക്കി. എഴുപത്തിയഞ്ചാം മിനിറ്റില്‍ ഐസ്വാളിനായി ഡേവിഡ് വീണ്ടും ഈസ്റ്റ് ബംഗാള്‍ വല കുലുക്കിയെങ്കിലും ഓഫ് സൈഡായി. വിജയം ലക്ഷ്യമാക്കി ഇരു ടീമുകളും വീണ്ടും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: