ജ്യോതിഷഭൂഷണം
എസ് ശ്രീനിവാസ് അയ്യര്‍
1198 മീനം 31 ന്, 2023 ഏപ്രില്‍ 14 ന് വെള്ളിയാഴ്ച പകല്‍ 2 മണി 58 മിനിറ്റിനായിരുന്നു മേടരവിസംക്രമം. അതായത് സൂര്യന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന സമയം.
ആദിത്യന് മേടം രാശിയില്‍ ഒരു ചക്രവര്‍ത്തിയാണ്. ഗ്രഹങ്ങള്‍ക്ക് അവരുടെ ഉച്ചസ്ഥാനം ഏറ്റവും പ്രധാനം തന്നെ. ആദിത്യന് മേടം രാശിയില്‍ ഉച്ചാവസ്ഥയിലായിരിക്കും. മേടം പത്തിന്, പത്താമുദയത്തിന് പരമോച്ചാവസ്ഥയിലും ആണ്.
ഗ്രഹങ്ങളുടെ അധികാരശ്രേണിയില്‍ സൂര്യന് ചക്രവര്‍ത്തി പദം വഹിക്കുന്നു. ചിങ്ങം രാശി സൂര്യന്റെ സ്വക്ഷേത്രം. തുലാം രാശി നീചക്ഷേത്രവും. സൂര്യന്റെ ബന്ധുവായ ചൊവ്വയുടെ ഗൃഹമാണ് മേടം. ശനിയുടെ നീചക്ഷേത്രം എന്ന വിലാസവും മേടത്തിനുണ്ട്.
ഇത്തവണ മേടം രാശിയില്‍ സൂര്യനെത്തുമ്പോള്‍ രാഹുവും ബുധനും അവിടെയുണ്ട്. മേടം ഒന്നിന് സൂര്യന് അശ്വതി ഒന്നാം പാദത്തിലെങ്കില്‍ രാഹു അശ്വതി നാലാം പാദത്തിലാണ്. ബുധന്‍ ഭരണി നക്ഷത്രത്തിലുമാണ്. രാഹു അപസവ്യഗതിയില്‍, സൂര്യന് സവ്യഗതിയിലും ആണ് അക്കാര്യം മറക്കരുത്. 6, 7 തീയതികളില്‍ ചന്ദ്രന് മേടം രാശിയിലൂടെ കടന്നുപോകുന്നു. ഗ്രഹണകാലമോ?..
മേടം 7 ന് ആണ് വ്യാഴം മീനം രാശിയില്‍ നിന്നും മേടത്തിലേക്ക് പകരുന്നത്. ഒരര്‍ത്ഥത്തില്‍
പുതിയൊരു വ്യാഴവട്ടം തുടങ്ങുകയാണ്. വ്യാഴത്തിന്റേത് വാര്‍ഷിക സംക്രമണം ആണെന്ന് ഓര്‍ക്കുമല്ലോ? അങ്ങനെ ഈയാണ്ട് മേടമാസത്തില്‍ ഭാഗികമായും മുഴുവനായും പഞ്ചഗ്രഹങ്ങള്‍ മേടത്തിലുണ്ട്. ആദിത്യനും ചന്ദ്രനും ബുധനും വ്യാഴവും രാഹുവും. ഏഴാം തീയതിക്കുശേഷം ചന്ദ്രനൊഴികെ മറ്റ് നാലു ഗ്രഹങ്ങളും മേടത്തില് തുടരുന്നു. ഇത്തവണ വ്യാഴം മൗഢ്യാവസ്ഥയില്‍ ആണ് മേടത്തിലേക്ക് സംക്രമിക്കുന്നത്. ബുധനും മൗഢ്യത്തിലാവുന്നുണ്ട്, തുടര്‍ന്ന്.
1198 മീനം 31 ന് ഉച്ചതിരിഞ്ഞ് അശ്വതി ഞാറ്റുവേല തുടങ്ങി. മേടം 14 ന് രാവിലെ ഭരണി ഞാറ്റുവേലയും 27 ന് അര്‍ദ്ധരാത്രിയില്‍ കാര്‍ത്തിക ഞാറ്റുവേലയും തുടങ്ങും. സൂര്യന് സഞ്ചരിക്കുന്ന നക്ഷത്രമെന്ന് ഞാറ്റുവേലയുടെ സാമാന്യമായ അര്‍ത്ഥം. അശ്വതി ഞാറ്റുവേല എന്നാല്‍ സൂര്യന് അശ്വതി നക്ഷത്രത്തില്‍ സഞ്ചരിക്കുന്ന കാലം എന്നാണ് മനസ്സിലാക്കേണ്ടത്. ശരാശരി 13 14 ദിവസം സൂര്യന് ഒരു നക്ഷത്രത്തില്‍ സഞ്ചരിക്കുന്നു.
രാശിചക്രത്തിലെ ആദ്യരാശിയാണ് മേടം. 0 ഡിഗ്രിയില്‍ തുടങ്ങി 360 ഡിഗ്രിയില്‍ അവസാനിക്കുന്ന രാശിചക്രത്തിന്റെ ആരംഭബിന്ദുവാണ് മേടം രാശി. 0 ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെ മേടത്തിന്റെ വ്യാപ്തി. കാല
പുരുഷന്റെ ശിരസ്സ് മേടം രാശിയാണ്. സൃഷ്ടിയുടെ ആരംഭം മേടം രാശി എന്നും സങ്കല്പം. അതിനാല്‍ മേടം ഒരു സൃഷ്ടി രാശിയുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: